കല്പറ്റ: മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫിസിൽ ഭൂവുടമകളുടെ പേരിൽ നൽകിയ അപേക്ഷ വ്യാജമാണെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞതോടെ പ്രതികൾക്കെതിരെ കുരുക്ക് മുറുകുന്നു.തിരൂർ ഡിവൈ.എസ്.പി വി.വി.ബെന്നിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അടുത്തമാസം കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് കേസിലെ പ്രധാന പ്രതികളിലൊരാളായ റോജി അഗസ്റ്റിൻ തന്നെയാണ് മരം മുറിക്കുന്നതിന് അനുമതി നൽകി ഭൂവുടമകളുടെ പേരിൽ തയാറാക്കിയ അപേക്ഷയിൽ ഒപ്പിട്ടതെന്ന് കൈയക്ഷര പരിശോധനയിൽ തെളിഞ്ഞത്.
ഇത് പ്രതികൾക്കെതിരായ മുഖ്യ തെളിവായി മാറുന്നതിന് പുറമെ വ്യാജരേഖ ചമച്ചതിന് മറ്റൊരു കേസുകൂടി നേരിടേണ്ടിവരും. 300 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സംരക്ഷിത മരങ്ങളടക്കമാണ് മുറിച്ചുമാറ്റിയതെന്ന് വ്യക്തമാക്കുന്ന ഡി.എന്‍.എ പരിശോധന ഫലവും അടുത്തിടെ പുറത്തുവന്നിരുന്നു.
ഭൂപരിഷ്കരണ നിയമത്തിനുശേഷം പട്ടയഭൂമിയില്‍ ഉടമകള്‍ നട്ടുവളര്‍ത്തിയതും സ്വയം മുളച്ചതുമായ ചന്ദനമൊഴികെയുള്ള മരങ്ങള്‍ ഉടമകള്‍ക്ക് മുറിച്ചുമാറ്റാന്‍ അനുവാദം നല്കുന്ന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ 2020 ഒക്ടോബര്‍ 24ലെ സര്‍ക്കാര്‍ ഉത്തരവിന്റെ മറവിലായിരുന്നു മരങ്ങള്‍ മുറിച്ചുമാറ്റിയത്. 1964ലെ കേരള ഭൂപതിവ് ചട്ടമനുസരിച്ച് പട്ടയം അനുവദിക്കുന്നതിന് നൂറ്റാണ്ടുകള്‍ മുമ്പ് ഭൂമിയില്‍ ഉണ്ടായിരുന്ന മരങ്ങളാണ് മുട്ടില്‍ സൗത്ത് വില്ലേജില്‍നിന്ന് മുറിച്ചുകടത്തിയതെന്ന് തൃശൂര്‍ പീച്ചിയിലെ വനം ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ ഡി.എന്‍.എ പരിശോധനയിലാണ് തെളിഞ്ഞത്.
ഇതോടെ സര്‍ക്കാര്‍ ഉത്തരവുപ്രകാരം അനുവദനീയമായ മരങ്ങളാണ് മുറിച്ചതെന്ന പ്രതികളുടെ വാദം തെറ്റാണെന്ന് ഡി.എന്‍.എ പരിശോധനയില്‍ തെളിയുകയായിരുന്നു. ഡി.എന്‍.എ, ഫോറന്‍സിക് പരിശോധനഫലം മരംമുറിക്കേസില്‍ പ്രതികള്‍ക്കെതിരായ ശക്തമായ ശാസ്ത്രീയ തെളിവുകളാകും.പട്ടികവര്‍ഗക്കാരും ചെറുകിട കര്‍ഷകരുമടക്കം 65 പേരുടെ ഭൂമിയിലാണ് മരം മുറി നടന്നത്. കേസില്‍ ആറ് കുറ്റപത്രങ്ങളാണ് സമർപ്പിക്കുക. സഹോദരങ്ങളായ റോജി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന്, ജോസ് കുട്ടി അഗസ്റ്റിന് എന്നിവരാണ് കേസിലെ മുഖ്യ പ്രതികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.