തിരുവനന്തപുരം: ജനാധിപത്യപരമായി സമരം ചെയ്യുന്നവരെ കൽത്തുറുങ്കിൽ അടച്ചുകൊണ്ട് ഇന്ത്യക്കാരെ തോൽപ്പിക്കാമെന്നത് ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ വ്യാമോഹം മാത്രമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി.
യു.പിയിൽ വെൽഫെയർ പാർട്ടി നേതാവ് ജാവേദ് മുഹമ്മദ് അറസ്റ്റ് ചെയ്യുകയും വീട് ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയും ചെയ്ത സംഭവം പ്രതിഷേധാർഹമാണ്. പ്രവാചകനിന്ദയിലൂടെ അന്താരാഷ്ട്ര സമൂഹത്തിനിടയിൽ ഇന്ത്യയെ അപമാനിച്ച മോദിസർക്കാർ കൂടുതൽ വംശഹത്യയിലേക്ക് നീങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരെ കൊന്നു തള്ളുകയും അറസ്റ്റുചെയ്യുകയും ചെയ്യുന്നത്. രാജ്യത്ത് സമാനതകളില്ലാത്ത വിധം മുസ്‌ലിം സമൂഹത്തിനെതിരെ മനുഷ്യവകാശ ലംഘനം നടക്കുമ്പോഴും നിശബ്ദരായിരിക്കുന്ന സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികളുടെ മൗനം ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പത്രകുറിപ്പിലൂടെ വ്യക്തമാക്കി.
പൗരത്വ പ്രക്ഷോഭകർക്കെതിരെയും യോഗി സർക്കാർ സ്വീകരിച്ചത് ഇതേ ഭീകര നടപടികളായിരുന്നു. പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ച രണ്ടുപേരെ കഴിഞ്ഞദിവസം പൊലീസിനെ ഉപയോഗിച്ച് കൊലപ്പെടുത്തുകയും യു.പിയിൽ മാത്രം മുന്നൂറിൽപ്പരം പ്രതിഷേധക്കാരെ ഇതിനോടകം അറസ്റ്റ് ചെയ്യുകയും ചെയ്തു. രാജ്യത്തുടനീളം ദലിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളെ ആക്രമിച്ചും കൊലപ്പെടുത്തിയും വരുതിയിലാക്കി ആർ.എസ്.എസ് അജണ്ട നടപ്പിലാക്കുന്ന തിടുക്കത്തിലാണ് ബി.ജെ.പി സർക്കാർ. ഭരണഘടനാവിരുദ്ധമായ ഏകാധിപത്യ ഭരണക്രമത്തിലൂടെ ജനങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഭരണകൂട ഫാഷിസ്റ്റുകൾക്കെതിരെ ശക്തമായ ജനാധിപത്യ പോരാട്ടങ്ങൾ ഉയർന്നു വരണമെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.