കൊച്ചി: പാനൂർ സ്ഫോടനക്കേസിൽ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ മീത്തലെ കുന്നോത്തുപറമ്പ് യൂനിറ്റ് സെക്രട്ടറി അമൽ ബാബു (28) രക്ഷാപ്രവർത്തകനായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇത് തെറ്റായി ചിത്രീകരിച്ചാണ് അറസ്റ്റ് ചെയ്തതെന്നും എറണാകുളത്ത് നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ അദ്ദേഹം പറഞ്ഞു.
‘സിപിഎം അക്രമം നടത്താൻ ബോംബ് ഉണ്ടാക്കുന്നുവെന്നത് കള്ള പ്രചാരണമാണ്. രണ്ടുപേരെ പിടിച്ചിട്ടുണ്ട്. അതിൽ ഒരാൾ ഡി.വൈ.എഫ്.ഐ പ്രവർത്തകനാണ്. ഞാൻ ഇന്ന് രാവിലെ തന്നെ അന്വേഷിച്ചു. എന്താ പ്രശ്നം? ഇവർ ചിതറിക്കിടക്കുന്ന സന്ദർഭത്തിൽ നാട്ടുകാർ ഓടിക്കൂടിയപ്പോൾ അതിന്റെ മുൻപന്തിയിൽനിന്ന് ആശുപത്രിയിൽ എത്തിക്കാനും ചികിത്സ നൽകാനും നേതൃത്വം നൽകിയ ആളാണ്. ആ ഡി.വൈ.എഫ്.ഐ പ്രവർത്തകനെയാണ് പൊലീസ് പിടിച്ചത്’ -എം.വി. ഗോവിന്ദൻ പറഞ്ഞു.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ജ്യോതി ബാബുവിന്റെ അടുത്ത ബന്ധുവാണ് അറസ്റ്റിലായ ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി അമൽ ബാബു. മുളിയാത്തോട്ടെ സി.പി.എം പ്രവർത്തകൻ കരിപ്പന കാട്ടിൽ മിഥുനും ഇന്നലെ പിടിയിലായിരുന്നു. ആറുപേരാണ് നിലവിൽ അറസ്റ്റിലായത്.
പാനൂരിൽ ബോംബ് നിർമിക്കുന്നതിനിടെ അബദ്ധത്തിൽ പൊട്ടിത്തെറിച്ച് മരിച്ച പ്രതിയുടെ വീട്ടിൽ സി.പി.എം നേതാക്കൾ സന്ദർശിച്ചതിനെ മുഖ്യമന്ത്രി പിണറായി വിജയനും ന്യായീകരിച്ചു. മനുഷ്യത്വത്തിന്റെ പേരിൽ നടത്തിയ സന്ദർശനമാണെന്നും രാഷ്‌ട്രീയമായി കാണേണ്ടതില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
‘പാനൂർ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടതിനെ രാഷ്ട്രീയമായി കാണേണ്ടതില്ല. സാധാരണ ഗതിയിൽ അംഗീകരിക്കാനാവാത്ത കാര്യമാണ് നടന്നത്. നമ്മുടെ നാട്ടിൽ ബോംബ് നിർമിക്കേണ്ട യാതൊരു ആവശ്യവുമില്ല. നിയമപരമായിട്ട് തന്നെ ഇതിനെതിരെ നടപടിയെടുക്കും. നടപടി എടുത്ത് കഴിഞ്ഞിട്ടുണ്ട്. അതിനകത്ത് രാഷ്ട്രീയമായി കാര്യങ്ങളെ കാണേണ്ട ആവശ്യമില്ല. തെറ്റാണ് ചെയ്തിട്ടുള്ളത്. ആ തെറ്റ് ചെയ്തവർക്ക് എതിരെ നടപടി ഉണ്ടാകും
ബോംബ് നിർമിക്കുന്നതിനിടെ മരിച്ചയാളുടെ വീട്ടിൽ പോയതിൽ അസ്വാഭാവികതയില്ല, നാട്ടിലുള്ള മരണവീട്ടിൽ പോകുന്നത് നിഷിദ്ധമായ കാര്യമല്ല, ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതിൽ തെറ്റില്ല, മരിച്ചയാൾക്ക് അന്തിമോപചാരമർപ്പിക്കുന്ന മനുഷ്യത്വപരമായ സന്ദർശനമാണത്. ജാഗ്രതക്കുറവുണ്ടായെന്ന ഏരിയാ സെക്രട്ടറിയുടെ അഭിപ്രായത്തോട് യോജിപ്പില്ല’ -മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂർ: പാനൂർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കളുണ്ടെന്നും സംഭവത്തിൽ പങ്കുണ്ടെങ്കിൽ പുറത്താക്കുമെന്നും സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. സംഭവമറിഞ്ഞ് ഓടിക്കൂടിയവരുടെ കൂട്ടത്തിൽ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കളുമുണ്ടായി. ഇവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രാഥമിക അന്വേഷണം നടക്കുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്. അന്വേഷണത്തിൽ പ്രാദേശിക നേതൃത്വത്തിന് പങ്കുണ്ടെങ്കിൽ അംഗീകരിക്കില്ല. ശക്തമായ നടപടിയുണ്ടാവും. അമൽ ബാബു, സായൂജ്, അതുൽ എന്നിവർ പ്രാദേശിക യൂനിറ്റ് ഭാരവാഹികളാണ്.
സ്ഫോടനത്തിൽ മരിച്ചയാളും പരിക്കേറ്റവരും ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി അകൽച്ചയിലാണ്. സി.പി.എം ലോക്കൽ കമ്മിറ്റിയംഗത്തിന്റെ വീട് ആക്രമിച്ച കേസിലും പാർട്ടി പ്രവർത്തകരെ ആക്രമിച്ച സംഭവങ്ങളിലും പ്രതികളാണ്. തെരഞ്ഞെടുപ്പ് മുൻനിർത്തി, ഡി.വൈ.എഫ്.ഐ ബോംബ് നിർമിക്കുന്ന സംഘടനയാണെന്നും സി.പി.എമ്മിന് ബന്ധമുണ്ടെന്നും പ്രചരിപ്പിക്കുകയാണ്. ഇതിനുപിന്നിൽ കൃത്യമായ രാഷ്ട്രീയ താൽപര്യമുണ്ട്. സമാധാന യാത്ര നടത്താൻ ഷാഫി പറമ്പിലിന് അർഹതയില്ല. ഷാഫി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായപ്പോൾ തുറവൂരിൽ പെൺകുട്ടിയെ കൊന്ന് കുഴിച്ചുമൂടിയ മണ്ഡലം സെക്രട്ടറിയുടെ വീട്ടിലേക്കാണ് മാർച്ച് നടത്തേണ്ടതെന്നും വി.കെ. സനോജ് കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.