കണ്ണൂർ: സി.പി.എമ്മിനെ രാഷ്ട്രീയമായി കടന്നാക്രമിക്കാനുള്ള ഇ.ഡിയുടെ ശ്രമങ്ങളെ അതിശക്തമായി നേരിടുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എവിടെയോ നടന്ന ഒരു കേസുമായി ബന്ധപ്പെട്ട് സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും സഖാക്കളെയും കള്ളക്കേസിൽ കുടുക്കി കൽത്തുറുങ്കിലടക്കാനും സി.പി.എമ്മിനെതിരെ രാജ്യവ്യാപക പ്രചാരണത്തിന് ഉപയോഗിക്കാനുമുള്ള ബോധപൂർവമായ ശ്രമമാണ് നടത്തുന്നത്.
സഹകരണ മേഖലയെ സംരക്ഷിക്കുകയെന്നത് വളരെ പ്രധാനമാണ്. എവിടെയെങ്കിലും ഒറ്റപ്പെട്ട തെറ്റുകളുണ്ടെങ്കിൽ അത് പരിഹരിച്ച് മുന്നോട്ടുപോവുകയാണ് വേണ്ടത്. പകരം അതിന്റെ പേരുംപറഞ്ഞ് സഹകരണമേഖലക്ക് നേരെയുള്ള കടന്നാക്രമണമാണ് ഇപ്പോൾ നടക്കുന്നത്. അതിനെ ജനങ്ങൾ ശക്തിയായി പ്രതിരോധിക്കും.
ബി.ജെ.പി സർക്കാർ വിവിധ സംസ്ഥാനങ്ങളെ ചേർത്ത് പുതിയ സഹകരണമേഖല ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നുണ്ട്. അതിലേക്ക് മൂലധനം സമാഹരിക്കാൻ വേണ്ടി, കേരളത്തിലെ സഹകരണമേഖലയിൽ വലിയ കുഴപ്പമുണ്ടെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം. ഇവിടെനിന്നുള്ള പണം പിൻവലിപ്പിച്ച് അവർക്ക് സമാഹരിക്കാൻ കഴിയുമെന്നാണ് വിചാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.