കൊല്ലം: എം.വി. ഗോവിന്ദൻ ഒരിക്കൽകൂടി സി.പി.എം സംസ്ഥാന സെക്രട്ടറിയാകുമ്പോൾ അത് പാർട്ടിയിലെ കണ്ണൂർ കുത്തകയുടെ തുടർച്ചയാണ്. സംസ്ഥാനത്ത് പാർട്ടിയെ നയിച്ചവരിൽ ആറുപേർ കണ്ണൂരുകാരാണ്. ആലപ്പുഴക്കാരൻ വി.എസ് അച്യുതാനന്ദൻ മാത്രമാണ് കണ്ണൂരിന് പുറത്തുനിന്നുള്ള ഒരാൾ. മലപ്പുറംകാരനായ എ. വിജയരാഘവനാണ് മറ്റൊരു അപവാദം. കോടിയേരി ബാലകൃഷ്ണൻ ആരോഗ്യപ്രശ്നങ്ങളാൽ മാറിനിന്ന ഒരു വർഷത്തോളം ആക്ടിങ് സെക്രട്ടറി എന്ന നിലയിൽ താൽക്കാലികമായിരുന്നു അദ്ദേഹത്തിന്റെ നിയമനം.
സി.എച്ച്. കണാരൻ, ഇ.കെ. നായനാർ, ചടയൻ ഗോവിന്ദൻ, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ പിൻഗാമിയായി എം.വി. ഗോവിന്ദൻ വന്ന കൊല്ലം സമ്മേളനത്തിൽ കണ്ണൂർ ലോബിയുടെ ആധിപത്യത്തിനെതിരെ പ്രതിനിധികളിൽ ചിലർ ചോദ്യമുയർത്തിയെന്നതും ശ്രദ്ധേയം.
സെക്രട്ടറി സ്ഥാനത്ത് രണ്ടാം ടേം ആണെങ്കിലും എം.വി. ഗോവിന്ദൻ സമ്മേളനത്തിൽ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് ഇതാദ്യമാണ്. 2022 ആഗസ്റ്റിൽ കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞപ്പോഴാണ് ആദ്യം ഈ സ്ഥാനത്തെത്തിയത്. കോടിയേരിയുടെ ഒഴിവിൽ പോളിറ്റ് ബ്യൂറോയിൽ ഇടംനേടിയ എം.വി. ഗോവിന്ദൻ, കൊല്ലം സമ്മേളനത്തോടെ പാർട്ടിയിലെ രണ്ടാമൻ പദവി ഉറപ്പിക്കുകയാണ്. കമ്യൂണിസ്റ്റ് പോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന കണ്ണൂർ മൊറാഴയിൽനിന്നുള്ള എം.വി. ഗോവിന്ദന്റെ കുതിപ്പിൽ കണ്ണൂർ ലോബിയിലെതന്നെ മുതിർന്ന നേതാവായ ഇ.പി. ജയരാജനെയടക്കം മറികടന്നു എന്നതും എടുത്തുപറയണം.
കായികാധ്യാപകനിൽനിന്ന് പാർട്ടി സൈദ്ധാന്തികനിലേക്കുള്ള വളർച്ചയാണ് എം.വി. ഗോവിന്ദന്റെ ജീവചരിത്രം. ഇരിങ്ങല്‍ യു.പി സ്കൂളില്‍ പാർട്ട് ടൈം കായികാധ്യാപകനായിരുന്ന എം.വി. ഗോവിന്ദന് പൊതുപ്രവർത്തനത്തിൽ സജീവമായതോടെ 92ൽ ജോലിയില്‍നിന്ന് സ്വയം വിരമിച്ചു. ഔപചാരിക വിദ്യാഭ്യാസം പത്താംതരം മാത്രമെങ്കിലും പരന്ന വായനയിലൂടെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സൈദ്ധാന്തികനായി പേരെടുത്തു.
ഡി.വൈ.എഫ്.ഐയുടെ ആദ്യരൂപമായ കെ.എസ്.വൈ.എഫിന്റെ കണ്ണൂര്‍ ജില്ല പ്രസിഡൻറും സെക്രട്ടറിയുമായിരുന്നു. ഡി.വൈ.എഫ്.ഐയുടെ പ്രഥമ സംസ്ഥാന പ്രസിഡൻറായും പിന്നീട് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1991ല്‍ കോഴിക്കോട്ടു നടന്ന സമ്മേളനത്തില്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂർ ജില്ല സെക്രട്ടറിയായിരുന്ന ഇ.പി. ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ 2002 മുതല്‍ 2006 വരെ കണ്ണൂര്‍ ജില്ല സെക്രട്ടറിയായി. 2006ലാണ് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2018ൽ കേന്ദ്ര കമ്മിറ്റിയിലേക്ക്.
1996ലും 2001ലും തളിപ്പറമ്പില്‍നിന്ന് നിയമസഭാംഗമായി. 2021 തെരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽനിന്ന് വീണ്ടും ജയിച്ച് രണ്ടാം പിണറായി മന്ത്രിസഭയിൽ തദ്ദേശ, എക്സൈസ് വകുപ്പ് മന്ത്രിയായിരിക്കെയാണ് പാർട്ടി സെക്രട്ടറിയായി നിയോഗിക്കപ്പെട്ടത്. മൊറാഴയിലെ പരേതനായ കെ. കുഞ്ഞമ്പുവിന്റെയും എം.വി. മാധവിയുടെയും മകനാണ്. സി.പി.എം ജില്ല കമ്മിറ്റിയംഗവും ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്സണും ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല സെക്രട്ടറിയുമായ പി. കെ. ശ്യാമളയാണ് ഭാര്യ. ശ്യാംജിത്ത്, രംഗീത് എന്നിവര്‍ മക്കള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.