‘ശശി രാജി വെക്കുമോയെന്ന് അയാളോട് ചോദിക്കണം, ഭൂതകാലവും വർത്തമാനവും ഭാവിയും പ്രത്യേകം പറയണോ?’ -എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: സി.പി.എം പാലക്കാട് ജില്ല കമ്മിറ്റി അംഗവും കെ.ടി.ഡി.സി ചെയര്‍മാനുമായ പി.കെ. ശശിക്കെതിരെ ഇപ്പോൾ പാർട്ടി നടപടിയൊന്നും എടുത്തിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം രാജിവെക്കുമോ എന്ന് അയാളോട് തന്നെ ​ചോദിക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിലവിലെ ചുമതലകളില്‍ ശശി അതുപോലെ തുടരുമോ എന്ന ചോദ്യത്തിന് ഇ​േപ്പാഴ​ത്തെ കാര്യമാണ് താൻ പറഞ്ഞതെന്നും ഭൂതകാലവും വർത്തമാനവും ഭാവിയും പ്രത്യേകം പറയണോ എന്നും ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു.

മാധ്യമ​ങ്ങളോട് പറഞ്ഞതിന്റെ പൂർണരൂപം:

? പാലക്കാട് സഖാവ് ശശിക്കെതിരെ നടപടി എടുത്തോ

-ഇല്ല ഇല്ല. നടപടി ഒന്നും എടുത്തിട്ടില്ല.

? ആ വാർത്ത തെറ്റാണോ

-ആ വാർത്ത തെറ്റാണ്.

? ഇന്ന് കെ.ടി.ഡി.സി ചെയര്‍മാന്‍സ്ഥാനം രാജിവെക്കും എന്ന് പറയുന്നുണ്ടല്ലോ

-അത് അയാളോട് തന്നെ ചോദിക്കേണ്ടതാണ്. എന്നോട് ചോദിച്ചിട്ട് എന്ത് കാര്യം.

? അദ്ദേഹത്തെ തരംതാഴ്ത്തിയിട്ടുണ്ടോ? സംഘടനാ ചുമതലയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടോ?

-ഇല്ല ഇല്ല ഇല്ല. ഒന്നുമായിട്ടില്ല.

? നിലവിലെ ചുമതലകളിൽ തുടരുമോ?

-അതേ പോലെ തുടരും

? ജില്ലാ കമ്മിറ്റി അംഗമായി തുടരുമോ?

-നിലവിൽ അംഗമാണ്.

? അംഗമായി തുടരുമോ?

-ഞാൻ പറഞ്ഞത് മനസ്സിലായിട്ടില്ലേ. അദ്ദേഹം നിലവിൽ ജില്ലാ കമ്മിറ്റി അംഗമാണ് (ചിരിക്കുന്നു)

? അത് തുടരുമോ?

-ജില്ലാ കമ്മിറ്റി അംഗമാണ് എന്ന് പറഞ്ഞാൽ പിന്നെ തുടരും എന്ന് പ്രത്യേകിച്ച് പറയേണ്ടതുണ്ടോ? ഭൂതകാലവും വർത്തമാനവും ഭാവിയും പ്രത്യേകം പറയണോ? (ചിരിക്കുന്നു)

? കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം രാജിവെക്കുമോ?

-അറിയില്ല, അറിയില്ല. അദ്ദേഹത്തോട് തന്നെ ​ചോദിക്കണം.

?പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ടോ രാജിവെക്കാൻ?

-ഇല്ല, ഇല്ല.

? രാജിവെക്കേണ്ട കാര്യമില്ല?

-ഇല്ല.

? പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ നിരന്തരം പ​ങ്കെടുക്കുന്നുണ്ടല്ലോ? പാർട്ടിക്കകത്ത് ശുദ്ധീകരണം നടക്കുന്നത് കൊണ്ടാണോ?

-പാര്‍ട്ടിക്കകത്ത് നിരന്തരമായ ശുദ്ധീകരണം നടന്നുകൊണ്ടിരിക്കുകയാണ്. അത് ഒരു ദിവസത്തേക്കോ രണ്ട് ദിവസത്തേക്കോ ഒരു കൊല്ലത്തേക്കോ ഒന്നുമല്ല. തതുടര്‍ച്ചയായ പ്രക്രിയയാണ്. ജില്ലാ കമ്മിറ്റിയിലും പ​ങ്കെടുക്കാറുണ്ട് ഏരിയ കമമിറ്റിയിലും പ​ങ്കെടുക്കാറുണ്ട്. അത്രേയുള്ളൂ...

? പരാതികളിൽ സൂക്ഷ്മമായി പരിശോധന നടത്താറുണ്ടോ?

-ഏത് പരാതി ഉണ്ടായാലും പരാതിയുടെ മേലെ കൃത്യമായ നിലപാട് പാർട്ടി സ്വീകരിക്കും. അതിൽ വിട്ടുവീഴ്ചയില്ല.

? ശശിയെ മാറ്റിയിട്ടില്ല എന്നത് സാ​ങ്കേതികമായി പറഞ്ഞതാണോ? ഉത്തരവായിട്ടില്ല എന്നാണോ?

-ഞാനിപ്പോ പറഞ്ഞത് മലയാളത്തില​േ​ല്ല പറഞ്ഞത്? ഇപ്പോ ശശിയുടെ മേലെ ഒരു നിലപാടും സ്വീകരിച്ചു കഴിഞ്ഞിട്ടില്ല.

? സാധ്യതയുണ്ടോ

-അതൊന്നും പറയാൻ പറ്റില്ല.

ശശിക്കെതിരായ നടപടിയെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് മന്ത്രി എം.ബി. രാജേഷ്

പി.കെ. ശശിക്കെതിരായ നടപടിയെക്കുറിച്ച് താനറഞ്ഞിട്ടില്ലെന്ന് മന്ത്രി എം.ബി. രാജേഷ് പ്രതികരിച്ചു. ഇന്നലെ എന്താണ് തീരുമാനം ഉണ്ടായതെന്ന് താനറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫിസ് നിര്‍മാണ ഫണ്ടില്‍ തിരിമറി നടത്തി, സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍നിന്ന് സ്വാധീനം ഉപയോഗിച്ച് സമാഹരിച്ച തുക ദുര്‍വിനിയോഗം നടത്തി എന്നീ പരാതികളാണ് പി.കെ. ശശിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ഉയര്‍ന്നത്. മണ്ണാര്‍ക്കാട് വിദ്യാഭ്യാസ സഹകരണ സൊസൈറ്റിക്കു കീഴിലെ യൂനിവേഴ്‌സല്‍ കോളജിന് വേണ്ടി സഹകരണ ബാങ്കുകളില്‍നിന്ന് 5.49 കോടി രൂപയാണ് ഓഹരിയായി സമാഹരിച്ചതെന്നാണ് പരാതിക്കാരുടെ വാദം. ധനസമാഹരണം പാര്‍ട്ടി അറിഞ്ഞില്ലെന്നും ഇത് ദുര്‍വിനിയോഗം നടത്തിയെന്നുമുള്ള പരാതിയിലാണ് സി.പി.എം ജില്ല കമ്മിറ്റിയുടെ നടപടി.

തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്നും ഒഴിവാക്കാന്‍ ഞായറാഴ്ച ചേര്‍ന്ന ജില്ല സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിരുന്നു. കെ.ടി.ഡി.സി ചെയര്‍മാൻ സ്ഥാനത്തുനിന്നും ഇദ്ദേഹത്തെ നീക്കിയേക്കും. സഹകരണ സ്ഥാപനങ്ങളിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്നും ശശിക്കെതിരെ ആക്ഷപം ഉയര്‍ന്നിരുന്നു.

സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് ശശിക്കെതിരെ ഉയര്‍ന്ന പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ല സെക്രട്ടേറിയറ്റ് യോഗത്തില്‍ നടപടി റിപ്പോര്‍ട്ട് ചെയ്തത്. വിഭാഗീയ പ്രവര്‍ത്തനങ്ങളും തമ്മിലടിയും രൂക്ഷമായ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തു. ജില്ല സെക്രട്ടേറിയറ്റ് അംഗം ടി.എം. ശശിക്കാണ് ഏരിയ കമ്മിറ്റിയുടെ താൽക്കാലിക ചുമതല നല്‍കിയിരിക്കുന്നതെന്നാണ് വിവരം.

മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭ കൗണ്‍സിലറുമായ കെ. മന്‍സൂര്‍ ആണ് സംസ്ഥാന- ജില്ല നേതൃത്വങ്ങള്‍ക്ക് ഇതുസംബന്ധിച്ച് രേഖാമൂലം പരാതി നല്‍കിയിരുന്നത്. പരാതിയില്‍ വിശദമായ അന്വേഷണം നടത്താന്‍ 2023 ഫെബ്രുവരിയിലാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പുത്തലത്ത് ദിനേശനും ആനാവൂർ നാഗപ്പനും അടങ്ങിയ കമീഷനെ ജില്ല കമ്മിറ്റി നിയോഗിച്ചത്. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയില്‍ നേരിട്ടെത്തി അന്വേഷണം നടത്താനായിരുന്നു സി.പി.എം ജില്ല സെക്രട്ടേറിയറ്റ് യോഗത്തിന്റെ നിര്‍ദേശം. ​​നേരത്തെ, ഡി.വൈ.എഫ്‌.ഐ വനിതാ നേതാവിനെ പീഡിപ്പിച്ചു എന്ന ആരോപണത്തിൽ പി.കെ. ശശിയെ പാർട്ടി ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. പി.കെ ശശി അപമര്യാദയായി പെരുമാറുന്നു​െവന്നും എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും പിന്നീട് അപവാദ പ്രചാരണം നടത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി. സംസ്ഥാന നേതൃത്വം പരാതി പരിഗണിക്കാതിരുന്നതോടെ യുവതി കേന്ദ്രനേതൃത്വത്തെ സമീപിച്ചിരുന്നു. എന്നാൽ, ലൈംഗിക അതിക്രമം നടന്നിട്ടില്ലെന്നും വാക്കാലുള്ള ‘തീവ്രത കുറഞ്ഞ’ പീഡനമാണ് നടന്നെതെന്നുമായിരുന്നു പരാതി അന്വേഷിച്ച കേന്ദ്ര കമ്മറ്റിയംഗങ്ങളായ എ കെ ബാലൻ, പി കെ ശ്രീമതി എന്നിവരുടെ കണ്ടെത്തൽ. 

Tags:    
News Summary - mv govindan master about pk sasi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.