​ഇ.പി. ജയരാജന് എവിടെ ​വെച്ച് വേണമെങ്കിലും ജാഥയിൽ പ​ങ്കെടുക്കാം-എം.വി. ഗോവിന്ദൻ

സി.പി.എം ജനകീയ പ്രതിരോധ ജാഥയിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന് എവിടെ വെച്ച് വേണമെങ്കിലും പ​ങ്കെടുക്കാമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇ.പിക്ക് യാതൊരു അതൃപ്തിയുമില്ല. മനപൂർവം വിട്ടുനിൽക്കുന്നതല്ലെന്ന് ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കണ്ണൂരിൽ പ​ങ്കെടുക്കാത്തതിൽ ഒരു പ്രശ്നവുമില്ല. അദ്ദേഹത്തിന് പ്രത്യേകിച്ച് ജില്ലയൊന്നുമില്ല. എൽ.ഡി.എഫ് കൺവീനറാണ്. കേരളത്തിന്റെ മുഴുവനാണ്. അദ്ദേഹം കുറച്ച് കാലമായി ചികിത്സയിലായിരുന്നു. അദ്ദേഹത്തെ ചികിത്സിക്കാൻ വിടില്ലെന്ന് പറഞ്ഞാൽ ശരിയല്ല. ജാഥ ശ്രദ്ധിക്കൂ. ജനസാഗരത്തെ സാക്ഷിയാക്കിയാണ് ജാഥ കടന്നുപോകുന്നത്.  ചില മാധ്യമങ്ങൾ ജാഥയ്ക്ക് നല്ല പിൻതുണ നൽകുന്നുണ്ട്. എന്നാൽ, ചിലർ ചില പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നുണ്ട്. ഇതൊന്നും ഞങ്ങൾ കാര്യമാക്കുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു. 

ജനകീയ പ്രതിരോധ ജാഥയിൽ കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ പങ്കെടുക്കാത്തത് ചർച്ചയാവുകയാണ്. ഇതിനിടെ, താൻ ജാഥയുടെ ഭാഗമല്ലെന്ന് ഇ.പി. ജയരാജൻ പറഞ്ഞു. കഴിഞ്ഞദിവസം കാസർകോട്ട് നിന്നാരംഭിച്ച ജാഥ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. കണ്ണൂരിലുണ്ടായിരുന്ന ജയരാജൻ ഉദ്ഘാടനത്തിന് എത്തിയിരുന്നില്ല. ജാഥ കണ്ണൂരിലെത്തിയിട്ടും എൽ.ഡി.എഫ്. കൺവീനർകൂടിയായ ഇ.പി. പങ്കെടുക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യം ഉയരുന്നുണ്ട്. നേരത്തെ തനിക്ക് നേരെയുർന്ന ആരോപണങ്ങളിൽ പാർട്ടി നേതൃത്വത്തിന് പങ്കുണ്ടെന്ന് ഇ.പി. ജയരാജൻ സംശയിക്കുന്നതായും ഇതിലുള്ള കലിപ്പാണിപ്പോൾ പ്രകടിപ്പിക്കുന്നതെന്ന് പറയപ്പെടുന്നു.

കണ്ണൂരിൽ പാർട്ടിസെക്രട്ടറി പ്രസംഗിക്കുമ്പോൾ ജയരാജൻ വളപട്ടണത്ത് ഒരു മരണ വീട് സന്ദർശിക്കുകയായിരുന്നു. അതേസമയം, ജാഥയിൽ എം.വി. ജയരാജനും പി. ജയരാജനും ഉൾപ്പടെയുള്ള നേതാക്കൾ സജീവമാണ്. പാർട്ടിയിലെ ചില വിഷയങ്ങളിൽ ഇ.പി. ജയരാജനുള്ള അനിഷ്ടം കഴിഞ്ഞ കുറച്ച് കാലമായി പരസ്യമായി പ്രകടിപ്പിക്കുകയാണ്.

സംസ്ഥാനകമ്മിറ്റിയംഗം പി. ജയരാജന്റെ പരാതിയിൽ ഉയർന്ന റിസോർട്ട് വിവാദം ഇ.പി.ജയരാജ​ന് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. വർഷങ്ങൾക്കുമുൻപ് കെട്ടടങ്ങിയ റിസോർട്ട് വിവാദം വീണ്ടും വന്നതിനുപിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നാണ് ജയരാജൻ അനുകൂലികൾ പറയുന്നത്. പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ നാട്ടിലാണ് വിവാദമായ ആയുർവേദ റിസോർട്ട് സ്ഥിതിചെയ്യുന്നതും. ഇപിയുടെ നാട്ടിലൂടെയടക്കം ജാഥ കടന്നു പോകുമ്പോൾ മുതിർന്ന നേതാവ് വിട്ടു നിൽക്കുന്നതിന് കൃത്യമായ വിശദീകരണം നൽകാൻ പാർട്ടിക്ക് കഴിയാത്തത് പ്രവർത്തകരെയും അങ്കലാപ്പിലാക്കുകയാണ്. 

Tags:    
News Summary - M.V. Govindan press conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.