'മരണസ്‌ക്വാഡുകള്‍ ചാവേറുകളെ പോലെ ചാടിവീഴുന്നു; ഒരു പ്രകോപനത്തിനും വശംവദരാകാതെ ആത്മസംയമനത്തോടെ മുന്നോട്ടുപോകും'

തിരുവനന്തപുരം: നവകേരള സദസ് അലങ്കോലപ്പെടുത്താൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്നും പ്രതിഷേധമെന്ന പേരിൽ ചാവേറുകളെപ്പോലെ ചിലർ ചാടിവീഴുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ഇത്തരത്തിലുള്ള ഒരു പ്രകോപനത്തിനും വശംവദരാകാതെ ആത്മസംയമനത്തോടെ മുന്നോട്ടുപോകാനാണ് സര്‍ക്കാരിന്‍റെയും എൽ.ഡി.എഫിന്‍റെയും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിച്ചതിൽ വ്യാപക പ്രതിഷേധമുയരുന്നതിനിടെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന.

പ്രതിഷേധം ആരും വിലക്കിയിട്ടില്ല. ചാവേറുകളെ പോലെ രണ്ടോ മൂന്നോ ആളുകള്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന്‍റെ മുന്നിലേക്ക് ചാടിവീഴുകയാണ്. മരണസ്‌ക്വാഡുകള്‍ പോലെ. അത് വളരെ ബോധപൂര്‍വം ചെയ്ത കാര്യങ്ങളാണ്. സദസ്സിലേക്ക് മാര്‍ച്ച് ചെയ്യുകയാണ് കണ്ണൂരില്‍ യു.ഡി.എഫ് ചെയ്തത്. വലിയ കുഴപ്പമുണ്ടാക്കാനുള്ള ശ്രമമമാണ് അവര്‍ നടത്തുന്നത്.

നവകേരള സദസ്സിനെതിരായ യു.ഡി.എഫിന്‍റെ ബഹിഷ്‌കരണ നിലപാട് ജനം സ്വീകരിച്ചിട്ടില്ല. കക്ഷി രാഷ്ട്രീയത്തിനതീതമായി ജനം അണിനിരക്കുന്ന കാഴ്ചയാണ് കാണുന്നത്. നവകേരള സദസ്സ് ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ്.

മാധ്യമങ്ങള്‍ കണ്ണടച്ചുകൊണ്ട് ഇടതുപക്ഷ, സര്‍ക്കാര്‍ വിരുദ്ധ, മുഖ്യമന്ത്രി വിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നത്. വൈകുന്നേരത്തെ ചര്‍ച്ച മുഖ്യമന്ത്രിക്കെതിരെയാണ്, സര്‍ക്കാരിനെതിരെയാണ്. അത്തരം ചര്‍ച്ചകളില്‍ ഇടതുപക്ഷ വക്താക്കളെ ചേര്‍ത്ത് പോകണോ എന്ന് ആലോചിക്കും.

പൊതുവെ എന്തും പറയാന്‍ മടിക്കാത്തവരാണ് സതീശനും സുധാകരനും ഡി.സി.സി പ്രസിഡന്‍റുമാരുമൊക്കെ. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പദപ്രയോഗങ്ങള്‍ തന്നെ അതിന്‍റെ ഉദാഹരണങ്ങളാണ്. മുഖ്യമന്ത്രിയെ ടാര്‍ജറ്റ് ചെയ്യാന്‍ വസ്തുതാപരമായി പറ്റില്ല. അതിനാല്‍ പരിഹസിക്കുക, അപഹസിക്കുക, കളവ് പറയുക എന്നിവയ്ക്ക് ശ്രമിച്ചു. ഇതൊക്കെ തുറന്ന് കാണിച്ചുതന്നെ മുന്നോട്ടുപോകേണ്ടി വരുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. 

Tags:    
News Summary - MV Govindan press meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.