ജാഥയിലേക്ക് ജനം ഒഴുകുകയാണ്, ആരെയും ഭീഷണിപ്പെടുത്തേണ്ട ആവശ്യം സി.പി.എമ്മിനില്ല -എം.വി. ഗോവിന്ദൻ

കോഴിക്കോട്: സി.പി.എം സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധ ജാഥയിലേക്ക് ജനങ്ങൾ ഒഴുകുകയാണെന്നും ആരെയും ഭീഷണിപ്പെടുത്തി ജാഥയിൽ പങ്കെടുപ്പിക്കേണ്ട ആവശ്യം പാർട്ടിക്കില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കണ്ണൂരിൽ ജാഥയിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജാഥയിൽ പങ്കെടുക്കാൻ ജനസാഗരമാണ് എത്തുന്നത്. മറ്റൊരു പൊതുപരിപാടിക്ക് ആളുകളെ സംഘടിപ്പിക്കാനുള്ള പ്രയാസവും ജനകീയ പ്രതിരോധ യാത്രക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

മയ്യിൽ ഒന്നാം വാർഡ് മെമ്പർ സി. സുചിത്ര തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. പരിപാടിക്ക് പോയില്ലെങ്കിൽ തൊഴിൽ തരില്ലെന്നായിരുന്നു ഭീഷണി. 


ദുരിതാശ്വാസ നിധി തട്ടിപ്പില്‍ അന്വേഷണം ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വരെ തട്ടിപ്പ് നടത്തിയ കാര്യം പുറത്തു വരുന്നു. അടൂര്‍ പ്രകാശിനും ഇതില്‍ പങ്കുണ്ടെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി.


ജാഥയില്‍ ഇ.പി. ജയരാജന്‍ പങ്കെടുക്കും. മാര്‍ച്ച് 18 വരെ സമയമുണ്ട്. ജയരാജൻ ജാഥാ അംഗമല്ലല്ലോ. അദ്ദേഹം പങ്കെടുക്കും. പാര്‍ട്ടി ഒരു നേതാക്കള്‍ക്കും എതിരെ ഗൂഢാലോചന നടത്തില്ല.


ആർ.എസ്.എസുമായി ജമാഅത്തെ ഇസ്ലാമി ചർച്ച നടത്തിയതിൽ സി.പി.എമ്മിന് ഒരു പ്രശ്നവുമില്ല. എന്നാൽ എന്ത് ചർച്ചയാണെന്ന് അവർ വെളിപ്പെടുത്തട്ടെ. കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫും ജമാഅത്തെ ഇസ്ലാമിയും മറ്റും ചേർന്നുണ്ടാക്കിയ ഒരു സഖ്യമുണ്ട്. അതിന്‍റെ ഭാഗമാണ് ഇപ്പോഴത്തെ ചർച്ചയും -എം.വി. ഗോവിന്ദൻ പറഞ്ഞു. 

Tags:    
News Summary - MV Govindan press meet kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.