കണ്ണൂർ: എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയതിൽ പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നടപടിക്ക് കാരണമെന്താണെന്ന് രാഷ്ട്രീയം അറിയുന്നവർക്ക് മനസിലാവുമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. സർക്കാർ വാക്കു പാലിച്ചെന്നും എ.ഡി.ജി.പിക്കെതിരെ നടപടി എടുത്തുവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട കെ.ടി ജലീലിന്‍റെ പരാമർശത്തിലും എം.വി ഗോവിന്ദൻ പ്രതികരിച്ചു. ഒരു സമുദായമാണ് കള്ളക്കടത്ത് നടത്തുന്നതെന്ന് പറയാനാവില്ലെന്നും കുറ്റകൃത്യമല്ലെന്ന ധാരണ മാറ്റാൻ സമുദായ നേതാക്കൾക്ക് ബാധ്യതയുണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
ചേലക്കരയിലും പാലക്കാടും സി.പി.എമ്മിന് ബി.ജെ.പിയുമായി അഡ്ജസ്റ്റ്മെന്റുണ്ടെന്ന പി.വി. അൻവറിന്റെ പരാമർശം ശുദ്ധ അസംബന്ധമാണെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. ശുദ്ധ അസംബന്ധങ്ങൾക്ക് മറുപടിയേണ്ട കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു മാസം നീണ്ട നടപടിക്രമങ്ങൾക്കും സസ്പെൻസിനുമൊടുവിൽ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചത്. ക്രമസമാധാന ചുമതലയിൽ നിന്നു മാറ്റിയ അജിത് കുമാറിന് ഇനി സായുധ പൊലീസ് ബറ്റാലിയന്‍റെ ചുമതല മാത്രം. നിലവിൽ ഇത് അധികചുമതല ആയിരുന്നു.
ആർ.എസ്.എസ് നേതാക്കളുമായുള്ള വിവാദ കൂടിക്കാഴ്ചയിൽ എ.ഡി.ജി.പിക്ക് വീഴ്ചയുണ്ടായെന്ന ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് ഏറെ വിവാദങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിൽ ഒരു മാസത്തിനു ശേഷം നടപടിയുണ്ടായത്. ഇന്റലിജൻസ് എ.ഡി.ജി.പി മനോജ് എബ്രഹാമിനാണ് പുതിയ ക്രമസമാധാന ചുമതല.
അജിത് കുമാറിന് എതിരെ പി.വി. അൻവർ ആരോപണങ്ങൾ ഉന്നയിച്ച ദിവസം കോട്ടയത്ത് പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ പ്രസംഗം മുതൽ പകരക്കാരനായി പരിഗണിച്ചത് ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനെ ആയിരുന്നു. പൂരം കലക്കൽ, ഹേമ കമ്മിറ്റി തുടങ്ങിയ സുപ്രധാന അന്വേഷണ ചുമതല അദ്ദേഹത്തിന് ആയതിനാലാണ് മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതല ഏൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.