തൃശൂർ: കരുവന്നൂർ ബാങ്കിന്‍റെ പേരിൽ ഇ.ഡിയെ ഉപയോഗിച്ച് സി.പി.എമ്മിനെതിരെ വന്നാൽ അതിനെ നേരിടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അഴീക്കോടൻ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരുവന്നൂർ ബാങ്കിലെ തെറ്റായ പ്രവണതകൾ അംഗീകരിക്കുന്നില്ല. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ തിരുത്തണമെന്നാണ് നിലപാട്.
അത് കരുവന്നൂർ ബാങ്കിന്‍റെ കാര്യത്തിലും സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, അതിന്‍റെ പേരിൽ ബി.ജെ.പിയും കോൺഗ്രസും സി.പി.എമ്മിനെ അക്രമിക്കാൻ നോക്കണ്ട. ഉത്തരേന്ത്യയിൽ നിന്നുവന്ന ഇ.ഡി ഉദ്യോഗസ്ഥരാണ് മർദിച്ച് മൊഴിയെടുക്കുന്നത്. ഇ.ഡിയെ ഉപയോഗിച്ച് സി.പി.എമ്മിനെ നേരിടാൻ വന്നാൽ വഴങ്ങാൻ മനസ്സില്ല. ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. കേരളത്തിൽ കോൺഗ്രസ് ഇ.ഡിയെ അനുകൂലിക്കുകയണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആർ.എസ്.എസിന് ഏറ്റവും ശത്രുതയുള്ള സംസ്ഥാനം കേരളമാണ്. കോൺഗ്രസ് കേരളത്തിൽ ബി.ജെ.പിയുടെ ബി ടീമായാണ് പ്രവർത്തിക്കുന്നത്. ബി.ജെ.പിയെ താഴെയിറക്കാൻ ഒന്നാം യു.പി.എക്ക് പിന്തുണ നൽകിയ പാർട്ടിയാണ് സി.പി.എമ്മെന്ന് ആരും മറക്കണ്ട. ആ സമീപനം ഇൻഡ്യ മുന്നണിയോടും ഉണ്ടാകും.
കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ തന്നെയാണ് മത്സരം. ബി.ജെ.പി വലിയ കാര്യമായി കേരളത്തിലില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസ് അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം മന്ത്രി കെ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.