കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപിക്ക് മത്സരിക്കാനുളള കളമൊരുക്കുകയാണ് ഇ.ഡി ചെയ്യുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പാർട്ടി നേതാക്കളെ കള്ളക്കേസിൽ കുടുക്കി തുറങ്കിൽ അടക്കാനുള്ള നീക്കമാണ് നടക്കുന്നത്. പാർട്ടിയേയും സർക്കാറിനേയും തകർക്കാനുള്ള ആസൂത്രിത ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.
എ.സി മൊയ്തീനെതിരെയും എം.കെ കണ്ണനെതിരെയും വ്യാജ തെളിവുണ്ടാക്കാനാണ് ഇ.ഡി ശ്രമം. എ.സി മൊയ്തീൻ ചാക്കിൽക്കെട്ടി പണം കൊണ്ടു പോകുന്നത് കണ്ടുവെന്ന മൊഴി നൽകാൻ ഇ.ഡി ചോദ്യം ചെയ്യലിനിടെ ആവശ്യപ്പെട്ടുവെന്ന വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ശാരീരികമായി ആക്രമിക്കാൻ ഇ.ഡിക്ക് എന്താണ് അധികാരമെന്നും എം.വി ഗോവിന്ദൻ ചോദിച്ചു. പാർട്ടിക്കെതിരെ മാധ്യമ വേട്ടയാടൽ നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടാണ് മിക്ക മാധ്യമങ്ങൾക്കും. ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ വാർത്ത തെറ്റാണെന്ന് തെളിഞ്ഞിട്ടും തെറ്റ് പറ്റിപോയെന്ന് ഏതെങ്കിലും മാധ്യമങ്ങൾ പറഞ്ഞോയെന്നും അദ്ദേഹം ചോദിച്ചു. വരികൾക്കിടയിൽ വായിക്കാൻ ശേഷിയുള്ളവരാണ് കേരളത്തിലെ മാധ്യമങ്ങളെന്ന് ജനങ്ങൾ മനസിലാക്കണമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.