തിരുവനന്തപുരം: തനിക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നൽകിയ മാനനഷ്ട കേസിനെ സ്വാഗതം ചെയ്ത് സ്വർണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ഫേസ്ബുക്ക് പേജിലാണ് പ്രതികരണം. പോസ്റ്റിലെ പ്രസക്ത ഭാഗം ചുവടെ:
‘ഗോവിന്ദൻ..., സ്വാഗതം. ഇനി നമുക്ക് കോടതിയിൽ കാണാം. കേസ് കൊടുത്ത് എന്നെ വിരട്ടാമെന്നത് സ്വപ്നത്തിൽ മാത്രമേ നടക്കൂവെന്ന് സ്വപ്ന അങ്ങയെ അറിയിക്കുന്നു. എന്‍റെ അപേക്ഷ, അങ്ങ് 10 കോടി നഷ്ടപരിഹാരം ചോദിച്ച് കോർട്ട് ഫീ അടച്ച് സിവിൽ കോടതിയിലും കേസ് കൊടുക്കണമെന്നാണ്. ഗോവിന്ദനെ കോടതിയിൽവെച്ച് കാണാൻ ഞാൻ കാത്തിരിക്കുന്നു. എന്‍റെ സന്ദേശം മലയാളി ഗോവിന്ദന് വ്യക്തമായി മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ഇത്തവണ മലയാളത്തിൽ കുറിപ്പിടുന്നത്’.
എം.വി. ഗോവിന്ദൻ തളിപ്പറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ടെത്തിയാണ് സ്വപ്നക്കെതിരെ പരാതി നൽകിയത്. ഐ.പി.സി 120 ബി, ഐ.പി.സി 500 വകുപ്പുകൾ പ്രകാരം സ്വപ്ന സുരേഷിനെതിരെ കേസെടുക്കണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ പരാതി പിൻവലിക്കാൻ വിജേഷ് പിള്ള മുഖേന എം.വി. ഗോവിന്ദൻ 30 കോടി വാഗ്ദാനം ചെയ്തെന്നായിരുന്നു സ്വപ്നയുടെ ആരോപണം. ആരോപണത്തിൽ ഗൂഢാലോചനയുണ്ടെന്നും വ്യക്തിജീവിതത്തെ കരിനിഴലിലാക്കിയെന്നും ചൂണ്ടിക്കാട്ടി സ്വപ്നക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഗോവിന്ദൻ കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.