തിരുവനന്തപുരം: എല്ലാം നല്ലതിന് എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. അവാർഡ് കിട്ടണമെന്ന പ്രതീക്ഷയോടെയല്ല കഥാപാത്രങ്ങൾ ചെയ്യുന്നത്. മമ്മൂക്കയുടെ പേരിനോടുചേർന്ന് എന്റെ പേരുവന്നത് തന്നെ വലിയ അവാർഡാണെന്ന് നടൻ കുഞ്ചാക്കോ ബോബൻ പ്രതികരിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്കാര നേട്ടത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മമ്മൂട്ടിയുമായുള്ള മികച്ച നടനുള്ള പോരാട്ടത്തിൽ അവസാന റൗണ്ടുവരെ ഉയർന്ന് വന്നത് കുഞ്ചാക്കോ ബോബന്റെ പേരാണ്. 'ന്നാ താൻ കേസ് കൊട്' കേസുകൊട് എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശമാണ് ലഭിച്ചത്.
'ഒരു ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു തിരിച്ചു വന്ന ആളാണ് ഞാൻ. അവാർഡ് എന്നോ സിനിമ എന്നോ സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല, ഇപ്പോൾ സിനിമകൾ മാത്രമാണ് സ്വപ്നം. ഇപ്രാവശ്യത്തെ അവാർഡ് പ്രഖ്യാപനത്തിന്റെ സന്തോഷം എന്താണെന്നു വച്ചാൽ അവാർഡ് ജേതാക്കളിൽ ഭൂരിഭാഗം പേരും വ്യക്തിപരമായും ജോലി സംബന്ധമായും അറിയാവുന്ന ആൾക്കാരാണ്, എന്റെ സുഹൃത്തുക്കളാണ്. ഈ അംഗീകാരങ്ങൾ എനിക്കും കൂടിയുള്ള അംഗീകാരമായാണ് കാണുന്നത്.' കുഞ്ചാക്കോ പ്രതികരിച്ചു.
കഴിഞ്ഞ വർഷം ഒട്ടേറെ നല്ല സിനിമകൾ വന്നിട്ടുണ്ട്. കഴിഞ്ഞവർഷം ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് 'ന്നാ താൻ കേസ് കൊട്'. വിവാദങ്ങളുണ്ടായെങ്കിലും അതിന്റെ യാഥാർത്ഥ്യം മനസിലാക്കിയാണ് പ്രേക്ഷകർ സിനിമ കണ്ടത്. വിവാദങ്ങൾ ഒരിക്കലും സിനിമയെ ബാധിക്കില്ല. അറിഞ്ഞോ അറിയാതെയോ ഒരു സിനിമയുടെ മാർക്കറ്റിങ് സ്ട്രാറ്റജിയായി വിവാദങ്ങൾ മാറാറുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.