ഇന്ത്യൻ ഭാഷകളിലെങ്ങും രാമായണംപോലെ പ്രചാരം നേടിയ മറ്റൊരു കൃതിയില്ല. സാമൂഹിക -സാംസ്കാരിക ചരിത്രത്തിെൻറ പ്രത്യേക ഘട്ടത്തിൽ രൂപം കൊണ്ടതാണ് രാമായണം. മിക്ക ഭാഷകളും സാഹിത്യപദവിയിലേക്ക് പ്രവേശിച്ചത് രാമകഥ പാടിക്കൊണ്ടാണ്. രാമായണ കഥയുടെ ഉത്ഭവ വികാസപരിണാമങ്ങൾക്കിടക്ക് കഥക്കും കഥാപാത്രങ്ങൾക്കും പലപ്പോഴായി പലതും സംഭവിച്ചു. വൈഷ്ണവ ഭക്തകവികളുടെ രചനകളിൽ ചില കഥാപാത്രങ്ങളുടെ ചായക്കൂട്ടു തന്നെ മാറി. രാമകഥ ദക്ഷിണേന്ത്യൻ പ്രദേശങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് ആയിരത്തിലേറെ കൊല്ലമാവും.
കേരളത്തിൽ മണിപ്രവാള കവികൾ കൊട്ടാരങ്ങളിലും വേശ്യാലയങ്ങളിലും മാടമ്പിഭവനങ്ങളിലും കയറിയിറങ്ങി സന്ദേശപ്പാട്ടുകളും ശൃംഗാര ശ്ലോകങ്ങളും രചിച്ചിരുന്ന കാലഘട്ടത്തിലാണ് കണ്ണശ്ശക്കവികൾ ഊഴിയിൽ ചെറിയവർക്കായി ഇതിഹാസ കൃതികൾ മലയാളത്തിൽ അവതരിപ്പിച്ചത്. മലയാളം എം.എ ക്ലാസിൽവെച്ചാണ് നിരണത്ത് രാമപണിക്കരുടെ രാമായണം ആകർഷിച്ചത്. കവിയെക്കുറിച്ച് കൂടുതൽ അറിയാനുള്ള ആഗ്രഹം കൊണ്ടാണ് ഏതാണ്ട് അരനൂറ്റാണ്ട് മുമ്പ് കണ്ണശ്ശരാമായണത്തെ അടിസ്ഥാനമാക്കി ഗവേഷണത്തിന് മുതിർന്നത്. താളിയോലയിൽ കിടന്ന യുദ്ധകാണ്ഡമാണ് ആദ്യം പകർത്തിയെടുത്തത്. രചനയിലൂടെ ആദികവിയുടെ ആദർശപുരുഷനെ അവതരിപ്പിച്ച് കേരളീയ സഹൃദയ ലോകത്തിനു നഷ്ടപ്പെട്ട ധാർമിക മൂല്യങ്ങൾ പുനഃപ്രതിഷ്ഠിക്കുകയായിരുന്നു കണ്ണശ്ശെൻറ ലക്ഷ്യം. ഈ ലക്ഷ്യത്തിന് വിഘാതമായിനിൽക്കുന്ന എല്ലാ ശക്തികളെയും കവി വെല്ലുവിളിച്ചു.
‘ശൂദ്രമക്ഷരസംയുക്തം -ദുരത: പരിവർജ്ജയേത്’ എന്ന ദുർബല നിയമത്തിെൻറ നേരെ ശൂദ്രരിൽ നിന്നുയർന്നുവന്ന ഉൽപതിഷ്ണുവായ ഒരു കവിയുടെ പ്രതിഷേധ പ്രകടനമാണത്.
എല്ലാ ജാതിയും ഇന്നിത് ചൊല്ലാൻ ഏതും കുറവില്ലെന്നപ്പോലെ
ചൊല്ലാകിന്നവരിതിനൊരുദോഷം ചൊല്ലുകയില്ല സുഹൃജ്ജനസംഗാൽ
നല്ലാചാരിയരൊന്നെയുമൊന്നും നന്നെന്നൊഴിയെച്ചൊല്ലാർ; ഏതും
കല്ലാതവർ പിഴചൊന്നതുകൊണ്ടോരു കാര്യവിരോധമിതിന്നിനിവാരാ
ബ്രാഹ്മണർക്ക് മാത്രം കാവ്യരചനക്ക് അവകാശമുണ്ടായിരുന്ന കാലത്താണ് കണ്ണശ്ശന്മാർ ബ്രാഹ്മണ്യത്തിനെതിരെ ഈ വെല്ലുവിളി ഉയർത്തിയത്. കേരളത്തിലെ സാംസ്കാരിക നവോത്ഥാന സംരംഭത്തിെൻറ പ്രാഥമിക പ്രയോക്താവായിരുന്നു ഈ കവി. സംസ്കൃത സാഹിത്യത്തിലെ മഹത്തായ ഈടുവെപ്പ് അതിെൻറ ഗൗരവം ചോർന്നുപോകാതെ കേരള ഭാഷയിൽ പകർന്നുതരാൻ നിരണം കവിക്ക് കഴിഞ്ഞു. അതിനാൽ, എെൻറ രാമായണം കണ്ണശ്ശരാമായണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.