തോമസിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പുറത്തെടുത്തപ്പോൾ 

മരണത്തിൽ ദുരൂഹത: യുവാവിന്‍റെ മൃതദേഹം പുറത്തെടുത്ത് പരിശോധന ആരംഭിച്ചു

മുക്കം (കോഴിക്കോട്): മരണത്തിൽ ദുരൂഹതയെ തുടർന്ന് യുവാവിന്‍റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുന്നതിന് നടപടിയാരംഭിച്ചു. കഴിഞ്ഞ നാലാം തിയതി മരിച്ച തോട്ടുമുക്കം പനംപ്ലാവ് സ്വദേശിയും ടിപ്പർ ഡ്രൈവറുമായ പുളിക്കൽ തോമസിന്‍റെ (തൊമ്മൻ-36) മൃതദേഹമാണ് വീട്ടുകാരുടെ പരാതിയെ തുടർന്ന് പുറത്തെടുത്തത്.

ഇന്ന് രാവിലെ 10.40ഓടെയാണ് ഏറനാട് തഹസിൽദാർ ഹാരിസ് കപൂർ, അരീക്കോട് ഇൻസ്പെക്ടർ അബ്ബാസലി, പൊലീസ് സർജൻ പി.പി. അജേഷ് എന്നിവരുടെ നേതൃത്വത്തിൽ കല്ലറ പൊളിച്ച് പോസ്റ്റ് മോർട്ടത്തിന് നടപടി തുടങ്ങിയത്.

മരിച്ച തോമസ് 

 

സുഹൃത്തുക്കളുമായി അടിപിടിയുണ്ടായിരുന്നുവെന്നും അതിൽ സാരമായി പരുക്കേറ്റിരുന്നുവെന്നും തോമസിന്‍റെ വീട്ടുകാർ അറിഞ്ഞത് മൃതദേഹം സംസ്കരിച്ച ശേഷമാണ്. ശരീര വേദനയെ തുടർന്ന് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്നെടുത്ത എക്സ് റേയിൽ തോളെല്ലിൽ പൊട്ടലുള്ളതായി കണ്ട് നാലാം തിയതി എല്ല് വിഭാഗം ഡോക്ടറെ കാണാൻ തീരുമാനിച്ചിരുന്നെങ്കിലും പുലർച്ചെ വീട്ടുകാർ വിളിച്ചപ്പോൾ തോമസ് അനക്കമില്ലാത്ത സ്ഥിതിയിലായിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു.

 

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ രണ്ടാം തിയതി സമീപത്തെ ആയുർവേദ ചികിത്സാലയത്തിലും മൂന്നാം തിയതി സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. സ്വാഭാവിക മരണമെന്ന നിലയിൽ പനമ്പിലാവ്‌ സെന്‍റ് മേരീസ് പള്ളി സെമിത്തേരിയിൽ തോമസിന്‍റെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു.

അടിപിടി ഉണ്ടാക്കിയ സുഹൃത്തുക്കളോട് കാര്യങ്ങൾ അന്വേഷിച്ചപ്പോൾ പരസ്പരവിരുദ്ധ മൊഴിയാണ് ലഭിച്ചതെന്നും അതാണ് സംശയം ഉണ്ടാകാൻ കാരണമെന്നും ബന്ധുക്കൾ പറഞ്ഞു. തുടർന്ന് അരീക്കോട് പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനമായത്. തോമസ് അവിവാഹിതനാണ്. 

Tags:    
News Summary - mysterious death Re-postmortem of Thomas body started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.