സംഘ്പരിവാര്‍ സഹയാത്രികന്‍െറ പ്രഭാഷണം : പൊലീസില്‍ പരാതി നല്‍കി

മലപ്പുറം: മലപ്പുറം ജില്ലയെയും മുസ്ലിം ജനവിഭാഗത്തേയും അവഹേളിക്കുന്ന തരത്തില്‍ പ്രസംഗിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍റിഫിക് ഹെറിറ്റേജ് ഡയറക്ടര്‍ ഡോ. എന്‍. ഗോപാലകൃഷ്ണനെതിരെ പൊലീസില്‍ പരാതി. ഹൈകോടതി അഭിഭാഷകനായ അഡ്വ. ജഹാംഗീര്‍ പോത്തുകല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.  വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ജില്ലയിലെ മുസ്ലിം വിഭാഗത്തെ ഗോപാലകൃഷ്ണന്‍ അപമാനിക്കുന്നത് തുടരുകയാണെന്ന് ജഹാംഗീര്‍ ആരോപിച്ചു. സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന പ്രസംഗം സൈബര്‍ കുറ്റകൃത്യമായി കണ്ട് കേസെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

മുസ്ലിം വിഭാഗത്തെയും മലപ്പുറം ജില്ലയെയും അപഹസിക്കുന്ന പരാമര്‍ശമടങ്ങിയ ഗോപാലകൃഷ്ണന്‍െറ പ്രസംഗം വിവാദമായിരുന്നു. ഇ.എം.എസ് മുസ്ലിംകള്‍ക്കായി രൂപം നല്‍കിയ ജില്ലയാണ് മലപ്പുറമെന്നും അവിടെ കൂടുതല്‍ എം.എല്‍.എമാര്‍ ഉണ്ടാകാന്‍ കാരണം ആളുകള്‍ രണ്ടും മൂന്നും ഭാര്യമാരെ വെച്ചുകൊണ്ടിരിക്കുന്നതുകൊണ്ടും അവര്‍ പന്നികളെപ്പോലെ പ്രസവിക്കുന്നതുമൂലമാണെന്നും യു ട്യൂബില്‍ പോസ്റ്റ് ചെയ്ത പ്രസംഗത്തില്‍ ഗോപാലകൃഷ്ണന്‍ പറയുന്നുണ്ട്. ഡോ. സാകിര്‍ നായിക്കിനെ വിമര്‍ശിച്ചുള്ള തന്‍െറ വിഡിയോ പ്രഭാഷണത്തെ വിമര്‍ശിച്ചുള്ള കമന്‍റുകള്‍ക്കുള്ള മറുപടിയിലാണ് വിദ്വേഷ പരാമര്‍ശങ്ങളുള്ളത്.

കഴിഞ്ഞ ജൂലൈയില്‍ പോസ്റ്റ് ചെയ്ത ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. വിദ്വേഷ പ്രസംഗം നടത്തിയതിന്‍െറ പേരില്‍ നേരത്തേ ശംസുദ്ദീന്‍ പാലത്ത് എന്ന പ്രഭാഷകനെതിരെ കേസെടുത്തിരുന്നു. ഈ മാതൃകയില്‍ ഗോപാലകൃഷ്ണനെതിരെയും യു.എ.പി.എ വകുപ്പ് ചുമത്തി കേസെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഹിന്ദുത്വ അനുഭാവ സംഘടനയായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍റിഫിക് ഹെറിറ്റേജിന്‍െറ സ്ഥാപകനായ ഡോ. ഗോപാലകൃഷ്ണന്‍ സി.എസ്.ഐ.ആറിലെ മുതിര്‍ന്ന ഗവേഷകന്‍ കൂടിയാണ്. ഉന്നത വിദ്യാഭ്യാസരംഗത്തെ അറിയപ്പെടുന്ന റിസോഴ്സ് പേഴ്സനുമാണ്. ഇദ്ദേഹത്തിന്‍െറ പല പ്രസംഗങ്ങളും മുമ്പും വിവാദമായിട്ടുണ്ട്.  

ഫ്രാന്‍സ്, ബംഗ്ളാദേശ്, പാകിസ്താന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങള്‍ ഏതെങ്കിലും വ്യക്തിയുടെ വ്യതിചലനമാണെന്ന് കരുതാന്‍ വയ്യെന്നും അതിനെല്ലാം വിശുദ്ധ ഖുര്‍ആനുമായി പ്രത്യക്ഷമായും പരോക്ഷമായും ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. അതിന് ഖുര്‍ആന്‍ വായിക്കേണ്ടതില്ല; മറിച്ച് അനുഭവം മാത്രം മതി. മൃഗങ്ങളെ കൊന്ന് ചോര കണ്ട് ശീലിച്ച മുസ്ലിം തലമുറ തീവ്രവാദത്തില്‍ ഏര്‍പ്പെടുന്നത് അല്ലാഹുവിന്‍െറയോ ഖുര്‍ആന്‍െറയും പ്രവാചകന്‍െറയോ പേരില്‍ തന്നെയാണെന്നും ഇദ്ദേഹം വാദിക്കുന്നു. തുടര്‍ന്നാണ് മലപ്പുറം ജില്ലയെയും അവിടത്തെ മുസ്ലിം വിഭാഗത്തെയും അപഹസിക്കുന്ന പരമാര്‍ശം നടത്തിയത്. മലപ്പുറത്തെ ഇസ്ലാമിക പാകിസ്താന്‍ എന്നും അദ്ദേഹം വിശേഷിപ്പിക്കുന്നുണ്ട്.

Full View
Tags:    
News Summary - n gopalakrishnan venomous speech against muslims and malappuram distrct

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.