തിരുവനന്തപുരം: നമ്പി നാരായണന്റെ അവകാശവാദങ്ങൾ കള്ളമെന്ന് ഇന്ത്യയുടെ പ്രൊപ്പൽഷൻ ടെകനോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന എൽ.പി.എസ്.സി (ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ) സ്ഥാപക ഡയറക്ടർ ഡോ. എ. ഇ. മുത്തുനായകം.
തിരുവനന്തപുരം പ്രസ് ക്ലബിൽ സഹപ്രവർത്തകരായ ശാസ്ത്രജ്ഞരോടൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് നമ്പി നാരായണനെതിരായ ആരോപണം.
1968ൽ ടെക്നിക്കൽ അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ച നമ്പി ഏതാനും മാസങ്ങൾ മാത്രമേ എ.പി.ജെ അബ്ദുൾകലാമിന്റെ കീഴിൽ ജോലി ചെയ്തിട്ടുള്ളു. അതുകഴിഞ്ഞ് നമ്പി ചാരക്കേസിൽ അറസ്റ്റിലാകുന്നതുവരെ 26വർഷത്തോളം തന്റെ കീഴിലാണ് ജോലി ചെയ്തതെന്ന് മുത്തു നായകം പറഞ്ഞു.
'റോക്കട്രി ദ നമ്പി എഫക്ട് എന്ന സിനിമയിലും പല ടെലിവിഷൻ ചാനലുകളിലും നമ്പിനാരായണൻ വ്യാജ അവകാശവാദങ്ങൾ ഉന്നയിച്ച് ഐ.എസ്.ആർ.ഒയേയും ശാസ്ത്രജ്ഞരേയും അപമാനിക്കുന്നതുകൊണ്ടാണ് ഇക്കാര്യങ്ങൾ വിവരങ്ങൾ പൊതുസമൂഹത്തെ അറിയിക്കാൻ നിർബന്ധിതമായതെന്നും മുത്തുനായകം പറഞ്ഞു.
വിക്രം സാരാഭായിയാണ് നമ്പി നാരായണനെ അമേരിക്കയിലെ പ്രീസ്റ്റൺ സർവ്വകലാശാലായിൽ പി.ജിക്ക് പഠിക്കാൻ അയച്ചത് എന്ന് നമ്പി അവകാശപ്പെടുന്നത് തെറ്റാണ്.
നമ്പി നാരായണനെ പ്രീസ്റ്റൺസർവ്വകലാശാലായിൽ പഠിക്കാൻ തിരഞ്ഞെടുത്ത് തതാനാണ്. 1968ൽ ജോലിയിൽ ചേരുമ്പോൾ ഒരുബിരുദം മാത്രമെ നമ്പിക്കുണ്ടായിരുന്നുള്ളു. കൂടെ വന്ന ഇ.വി.എസ് നമ്പൂതിരിക്കും ശിവരാമകൃഷ്ണൻനായർക്കുമെല്ലാം പി.ജി ഉണ്ടായിരുന്നു. അതുകൊണ്ട് അവരെ സയന്റിസ്റ്റ് ഗ്രേഡ് സി ആയി നിയമിച്ചു.നമ്പി ടെക്നിക്കൽ അസിസ്റ്റന്റായാണ് ചേർന്നത്. നമ്പിയെ പ്രീസ്റ്റണിൽ അയക്കാൻ ഞാൻ തീരുമാനിച്ച് സാരാഭായിയെ അറിയിക്കുകയായിരുന്നു.
നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് കൊണ്ട് ക്രയോജനിക്ക് ഉണ്ടാക്കാൻ വൈകിയെന്നും രാജ്യത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായി എന്ന് നമ്പി പ്രചരിപ്പിക്കുന്നതും തെറ്റാണ്.
ഐ.എസ്.ആർ.ഒ സ്വന്തമായി ക്രയോജനിക്ക് എഞ്ചിൻ ഉണ്ടാക്കുന്നതിന്റെ ചുമതല 1980കളുടെ പകുതിയിലാണ് തുടങ്ങിയത്. ഇ.വി.എസ് നമ്പൂതിരിക്കായിരുന്നു അതിന്റെ ചുമതല. 12 വോളിയം നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് വികസിപ്പിച്ചു. അക്കാലത്ത് നമ്പി നാരായണന് ക്രയോജനിക്കുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ഏതാണ്ടക്കാലത്തുതന്നെ ജ്ഞാനഗാന്ധിയുടെ നേതൃത്വത്തിൽ ക്രയോജനിക് വികസിപ്പിക്കുന്ന പ്രവർത്തനം തുടങ്ങി.ആ ടീമിലും നമ്പി നാരായണൻ ഉണ്ടായിരുന്നില്ല.
1990ൽ ക്രയോജനിക് പ്രൊപ്പൽഷൻ സിസ്റ്റം പ്രോജക്ട് എൽ.പി.എസ്.സിയിൽ തുടങ്ങി. അതിനു വേണ്ടി ഒരു പ്രോജക്ട് മാനേജ്മെൻറ് ബോർഡ് ഉണ്ടാക്കി. ഞാൻ ആയിരുന്നു ചെയർമാൻ. റഷ്യയിലെ ഗ്ലാവ് കോസ്മോസുമായി ക്രയോജനിക്കിന്റെ കാര്യങ്ങൾ ചർച്ച ചെയ്യാൻ ഐ.എസ്.ആർ. ഒ ചെയർമാൻ എന്നെചുമതലപ്പെടുത്തി. നമ്പി നാരായണനെ ഞാൻ പ്രോജക്ട് ഡയറക്ടർ ആക്കി.
1993ൽ ക്രയോജനിക്ക് സാങ്കേതികവിദ്യ കൈമാറുന്നതുസംബന്ധിച്ച് റഷ്യയുമായി ഒരു കരാറിലേർപ്പെട്ടു. രണ്ട് എഞ്ചിനുകൾ ആദ്യം തരികയും തുടർന്ന് സാങ്കതികവിദ്യകൈമാറുകയും ചെയ്യുക എന്നതായിരുന്നു കരാർ. അതിനുവേണ്ടി റഷ്യൻ ടീമുമായി പ്രവർത്തിക്കാൻ ഞാൻ ജ്ഞാനഗാന്ധിയെ ചുമതലപ്പെടുത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ടീമാണ് റഷ്യയിലേക്ക് പോയത്.
അമേരിക്കൻ സമ്മർദഫലമായി സാങ്കേതികവിദ്യാകൈമാറ്റം എന്ന കരാറിൽ നിന്ന് റഷ്യ പിൻന്മാറി. റഷ്യൻ അധികാരികളുമായി ഞാൻ വീണ്ടും ചർച്ചകൾ നടത്തി. അങ്ങനെ 93 ഡിസംബറിൽ കരാർ പുതുക്കി. സാങ്കേതികവിദ്യ കൈമാറ്റം എന്നത് ഒഴിവാക്കി പകരം ക്രയോജനിക്ക് എൻജിൻ കൈമാറുക എന്നുള്ളത് അംഗീകരിച്ചു.
1994നവംബറിൽ നമ്പി ഇസ്രോയിൽ നിന്ന് സ്വയംവിരമിക്കാൻ എനിക്ക് അപേക്ഷ തന്നിരുന്നു. ഞാനത് മുകളിലേക്കയച്ചു.ആ മാസം തന്നെ അറസ്റ്റിലായതോടെ അദ്ദേഹം ക്രയോജനിക് പ്രോഗ്രാമിൽ നിന്ന് പുറത്തായി. കേസ് കഴിഞ്ഞ് തിരിച്ചെത്തിയശേഷം അദ്ദേഹത്തിന് പ്രത്യേക ചുമതലകൾ ഒന്നും കൊടുത്തിട്ടില്ല.
1994ൽ എൽ.പി.എസ്.സി വിട്ടതിനുശേഷം നമ്പിക്ക് ക്രയോജനിക്ക് വികസിപ്പിക്കലുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല എന്ന് ഞാൻ അടിവരയിട്ടു പറയുന്നു. എന്നിട്ടും നമ്പി നാരായണൻ ക്രയോജനിക് പ്രോഗ്രാമിന്റെ അവകാശവാദം ഉന്നയിക്കുന്നത് എന്തുകൊണ്ടാണ് എന്ന് എനിക്ക് അറിയില്ല.
നമ്പിയാണ് വികാസ് എഞ്ചിൻ വികസിപ്പിച്ചതെന്ന് പ്രചരിപ്പിക്കുന്നതും തെറ്റാണ്. ഫ്രാൻസിന്റെ വൈക്കിങ് എഞ്ചിനാണ് വികാസായി വികസിപ്പിച്ചത്.
1974ലാണ് ഫ്രൻസിലെ സ്ഥാപനമായ എസ്.ഇ.പിയുമായി കരാറൊപ്പിട്ടത്. സ്പേസ് ഡിപ്പാർട്ട്മെന്റിന്റെ അഡീഷണൽ സെക്രട്ടറി ടി.എൻ ശേഷനാണ് ഇന്ത്യയ്ക്കുവേണ്ടി ഒപ്പിട്ടത്. ഞാനായിരുന്നു പ്രോജക്ട് ഡയറക്ടർ. മൂന്നു ടീമുകൾ അതിനുവേണ്ടി ഉണ്ടാക്കി. കെ.കാശിവിശ്വനാഥൻ, എസ്. നമ്പി നാരായണൻ, ആർ. കരുണാനിധി എന്നിവരായിരുന്നു ഒരോഗ്രൂപ്പിന്റെയും ലീഡർമാർ.
വികാസ് എഞ്ചിന്റെ ഹാർഡ് വെയർ ഇന്ത്യയിൽ ഉണ്ടാക്കുന്ന ചുമതല കാശിവിശ്വനാഥനായിരുന്നു.
ഫ്രാൻസിലേക്ക് പോയ സംഘത്തിന്റെ മാനേജർ നമ്പി നാരായണനായിരുന്നു. അദ്ദേഹം അവിടെ ലോജിസ്റ്റിക് ആൻഡ് മാനേജ്മെൻറ് വർക്കാണ് ചെയ്തത്. ടെക്നിക്കൽ വർക്കുകൾ മറ്റുചിലരാണ് ചെയ്തത്.
മഹേന്ദ്രഗിരിയിൽ ഇതിന്റെ പരീക്ഷണം നടത്തി ഗുണനിലവാരം ഉറപ്പിക്കുന്ന ചുമതല കരുണാനിധിക്കും കൊടുത്തു.1985ൽ വിജയകരമായി നാം വികാസ് എഞ്ചിൻ പരീക്ഷിച്ചു. അങ്ങനെ മൂന്നുഗ്രൂപ്പുകളായി പ്രവർത്തിച്ച ഒരു വലിയ സംഘം ശാസ്ത്രജ്ഞരുടെ വിജയമാണ് വികാസ് എഞ്ചിന്റേത്. പ്രവർത്തന പുരോഗതി നിരീക്ഷിക്കാൻ ഓരോ ആറുമാസം കൂടുമ്പോഴും ഞാൻ ഫ്രാൻസിൽ പോകാറുണ്ടായിരുന്നു.
21000ത്തിൽപ്പരം ആളുകൾ ജോലിചെയ്യുന്ന സ്ഥാപനമാണ് ഐ.എസ്.ആർ.ഒ. ഇസ്രോയ്ക്കുണ്ടായ എല്ലാവിജയങ്ങളും ഒന്നോരണ്ടോ വ്യക്തികളുടെ സൂപ്പർഹ്യൂമൻ കഴിവുകൊണ്ടുണ്ടായതല്ല .നമ്പിയുടെ സിനിമ കണ്ടാൽ അങ്ങനെതോന്നിപ്പോകും.
അദ്ദേഹം ഇങ്ങനെ ഇല്ലാത്ത അവകാശവാദങ്ങൾ പലതും നടത്തുന്നുണ്ട് എന്ന് വിരമിച്ച പല ശാസ്ത്രജ്ഞരും എന്നെ വിളിച്ചു പരാതിപ്പെടുന്നുണ്ട്. ഞാൻ ഒരിക്കൽ നമ്പിയെ വിളിച്ചു ഇക്കാര്യം അന്വേഷിച്ചു. നേരിൽ വിശദീകരിക്കാമെന്നായിരുന്നു മറുപടി എങ്കിലും ഇതുവരെ വന്നിട്ടില്ല.
ഐ.എസ്.ആർ.ഒയുമായി ബന്ധപ്പെട്ട് ഇറങ്ങിയ 'റോക്കട്രി ദ നമ്പി ഇഫക്ട്' എന്ന സിനിമയിലും 90ശതമാനവും സത്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ്. സിനിമയിൽ പറഞ്ഞതെല്ലാം സത്യമാണെന്ന് നമ്പി ചില ചനലുകളിൽ പറഞ്ഞതായും അറിയുന്നു. സിനിമ കണ്ട പല സഹപ്രവർത്തകരും ഞങ്ങൾ ചെയ്തതിന്റെയെല്ലാം ക്രെഡിറ്റ് നമ്പിയാണ് അവകാശപ്പെടുന്നത് എന്ന് എന്നെ വിളിച്ചു പരാതിപ്പെടുന്നു.
സ്കോട്ട് ലണ്ടിൽ നിന്ന് 400 ദശലക്ഷം പൗണ്ടിന്റെ ഹൈഡ്രോളിക് പ്ലാന്റുംമറ്റ് ഉപകരണങ്ങളും നമ്പി നാരായണൻ വഴി ഇന്ത്യയ്ക്ക് കിട്ടിയെന്നും അദ്ദേഹം ക്രയോജനിക്ക് എഞ്ചിൻ താഷക്കെന്റ്- കറാച്ചി വഴി ഇന്ത്യയിൽ കൊണ്ടുവന്നു എന്നും സിനിമയിൽ കാണിക്കുന്നുണ്ട്. അതും കളളമാണ്. ഇക്കാര്യത്തിൽ എന്തു നടപടി സ്വീകരിക്കണമെന്ന് തിരുമാനിക്കാൻ ഇസ്രോയുടെ ഇപ്പോഴത്തെ ചെയർമാനോട് ചില വിവരങ്ങൾ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുത്തുനായകം വ്യക്തമാക്കുന്നു.
അദ്ദേഹത്തിന്ന് പത്മഭൂഷൻ കിട്ടിയപ്പോൾ എന്നെ വിളിച്ചിരുന്നു. ഇതെങ്ങനെ സാധിച്ചു എന്ന് ഞാൻ ചോദിച്ചു. കേസിന്റെ കാര്യം പറഞ്ഞ് ഡൽഹിയിലുള്ള ചില ബന്ധങ്ങൾ ഉപയോഗപ്പെടുത്തി എന്ന് എന്നോട് പറഞ്ഞു.
ഐ.എസ്.ആർ.ഒയിലെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലല്ല നമ്പിക്ക് പത്മഭൂഷൻ കിട്ടിയത്. അങ്ങനെയാണെങ്കിൽ ആ സമയത്ത് കിട്ടേണ്ടതല്ലേ. സ്പേസ് വകുപ്പ് ശിപാർശ ചെയ്തിട്ടുമില്ലെന്നും മുത്തു നായകവും സഹപ്രവർത്തകരും പറഞ്ഞു.
ഡി. ശശികുമാരൻ (ഡെപ്യൂട്ടി ഡയറക്ടർ, ക്രയോ എൻജിൻ), പ്രഫ. ഇ.വി.എസ്. നമ്പൂതിരി (പ്രൊജക്ട് ഡയറക്ടർ, ക്രയോ പ്രൊജക്ട്), ശ്രീധരൻ ദാസ് (അസോസിയേറ്റ് ഡയറക്ടർ, എൽ.പി.എസ്.സി), ഡോ. മജീദ് (ഡെപ്യൂട്ടി ഡയറക്ടർ, വി.എസ്.എസ്.സി), ജോർജ് കോശി (പ്രൊജക്ട് ഡയറക്ടർ, പി.എസ്.എൽ.വി), കൈലാസനാഥൻ (ഗ്രൂപ്പ് ഡയറക്ടർ, ക്രയോ സ്റ്റേജ് ), ജയകുമാർ (ഡയറക്ടർ, ക്വാളിറ്റി അഷ്വറൻസ്), സർവേശൻ (പ്രൊജക്ട് മാനേജർ), നിക്കോളാസ് (ടെസ്റ്റ് ഫെസിലിറ്റീസ് മേധാവി) എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.