നേമം: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് ഉറ്റവരെ ഒരുനോക്കുകാണാനാവാതെ മരണത്തിന് കീഴ്പ്പെട്ട നമ്പി രാജേഷിന് (40) നാടിന്റെ യാത്രാമൊഴി. വിങ്ങിപ്പൊട്ടിയ ബന്ധുക്കളെയും നാട്ടുകാരെയും സാക്ഷിയാക്കി, മൃതദേഹം രാവിലെ വീട്ടിലെത്തിച്ചു.
കരമന നെടുങ്കാട് സ്വദേശി നമ്പി രാജേഷ് ഹൃദയാഘാതത്തെ തുടർന്നാണ് മസ്കത്തിൽ മരിച്ചത്. മൂന്നുദിവസം മുമ്പായിരുന്നു മരണം. ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ നമ്പി രാജേഷ് അതിനുശേഷം ഫ്ലാറ്റിലെത്തി വിശ്രമത്തിലായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണമായത്.
നേരത്തേ, ഭാര്യ അമൃതയും മക്കളും മസ്കത്തിലേക്ക് തിരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയെങ്കിലും സമരംമൂലം യാത്ര മുടങ്ങിയിരുന്നു. ഭർത്താവിനെ ഒരു നോക്ക് കാണാൻ യാത്ര പുറപ്പെട്ടപ്പോഴാണ് അപ്രതീക്ഷിതമായി വിമാനങ്ങൾ റദ്ദാക്കിയ വിവരം അമൃത അറിഞ്ഞത്. ഇതോടെ മസ്കത്തിൽ എത്താൻ ഇവർക്ക് മറ്റ് മാർഗങ്ങളുണ്ടായിരുന്നില്ല. അമൃതയെ ഒരു നോക്കുകാണാൻ സാധിക്കാതെയാണ് രാജേഷ് മരണത്തിന് കീഴടങ്ങിയത്.
പ്രത്യേക വിമാനത്തില്‍ വ്യാഴാഴ്ച പുലര്‍ച്ച 5.30ന് നമ്പി രാജേഷിന്റെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചു. മൃതദേഹവുമായി ബന്ധുക്കൾ എയർ ഇന്ത്യ ഓഫിസിനു മുന്നിൽ രണ്ടു മണിക്കൂറോളം പ്രതിഷേധിച്ചു. സംസ്കാരത്തിനുശേഷം ചർച്ച നടത്താമെന്ന ഉറപ്പ് നൽകിയതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം കരമനയിലെ വീട്ടിലെത്തിച്ചു. ഒമ്പതു മണിമുതല്‍ 11 മണിവരെ വീട്ടില്‍ പൊതുദര്‍ശനത്തിനുവെച്ചു.
12 ഓടെ മൃതദേഹം തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിച്ചു. ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെട്ട വന്‍ ജനാവലിയാണ് മൃതദേഹം ഒരുനോക്കുകാണാന്‍ എത്തിയത്. ഭര്‍ത്താവ് മസ്കത്തിലെ ആശുപത്രിയില്‍ ഐ.സി.യുവില്‍ ആണെന്നും തനിക്ക് എങ്ങനെയും അവിടെയെത്തണമെന്നും അമൃത പറഞ്ഞിരുന്നെങ്കിലും ബദല്‍ സംവിധാനം ഒരുക്കാന്‍ എയര്‍ഇന്ത്യ അധികൃതര്‍ പരാജയപ്പെട്ടതാണ് സങ്കടകരമായ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. മക്കള്‍: അനിക, നമ്പി ശൈലേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.