നയിക്കാൻ രാഹുലല്ലാതെ വേറൊരാളിന്‍റെ പേര്​ പറയൂ -കാനം

തിരുവനന്തപുരം: ദേശീയതലത്തിൽ ബി.ജെ.പിക്കെതിരായ മുന്നണിയെ നയിക്കാൻ രാഹുൽ ഗാന്ധിയല്ലാതെ വേറൊരാളിന്‍റെ ​പേര്​ പറയൂ എന്ന്​ സി.പി.ഐ സംസ്ഥാന സെക്രട്ടറിയും കേന്ദ്ര സെക്രട്ടേറിയറ്റംഗവുമായ കാനം രാജേന്ദ്രൻ. കോൺഗ്രസ്​ ദുർബലമായാൽ പകരം വെക്കാൻ ഇടതുപക്ഷത്തിന്​ ആകില്ല. ഇതാണ്​ ബിനോയ്​ വിശ്വം പറഞ്ഞത്​. അതാണ്​ സി.പി.ഐ നയമെന്ന്​ പ്രസ് ​ക്ലബിന്‍റെ മീറ്റ ദ പ്രസിൽ അദ്ദേഹം പറഞ്ഞു. കോൺഗ്രസ്​ ബന്ധത്തെ ചൊല്ലി സി.പി.ഐ- സി.പി.എം തർക്കം തുടരുന്നതിനിടെയാണ്​ കാനത്തിന്‍റെ പ്രസ്താവന.

ദേശീയതലത്തിൽ ഇടത്​, ജനാധിപത്യ, മതേതര ശക്തികളുടെ കൂട്ടായ്മ വേണമെന്നാണ്​ സി.പി.ഐ നിലപാട്​. ബി.ജെ.പിയെ എതിർക്കാനുള്ള മുന്നണിയായി അത്​ വളർന്നുവരണം. അങ്ങനെ ഒരു വേദിയിൽ കോൺഗ്രസിന്​ പ്രധാന റോളുണ്ട്​. മറ്റു​ കക്ഷികളില്ലാതെ കോൺഗ്രസിനും നിൽക്കാൻ കഴിയില്ല.

കോൺഗ്രസുമായുള്ള ബന്ധം കേരളത്തിൽ എൽ.ഡി.എഫിനെ ബാധിക്കില്ല. യു.പി.എ സർക്കാറിന്​ പിന്തുണ നൽകുമ്പോഴാണ്​ 2006 ൽ കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ്​ നടന്നത്​. അന്നുണ്ടാകാത്തത്​ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സംഭവിക്കില്ലെന്നും ബിനോയ്​ വിശ്വത്തിന്​ എതിരായ കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന തള്ളി കാനം പറഞ്ഞു. കോൺഗ്രസിന്​ അപചയം സംഭവിച്ചിട്ടുണ്ടെന്നതിൽ തനിക്കും കോടിയേരിക്കും ഒരേ അഭിപ്രായമാണ്​.

ജനങ്ങളുടെ അംഗീകാരം നേടി അധികാരത്തിൽ വന്ന സർക്കാറി​ന്​ സിൽവർ റെയിൽ നടപ്പാക്കാൻ മറ്റൊരു ഹിതപരിശോധനയുടെ ആവശ്യമില്ല. കെ റെയിലിനെതിരെ സി.പി.ഐയിൽ പ്രതിഷേധമെന്നത്​ കേൾവി മാത്രമാണ്​. എല്ലാ പഠനങ്ങൾക്കും ശേഷമേ പദ്ധതി വരൂ. സർക്കാർ നയത്തിന്​ വിരുദ്ധമായി പൊലീസിന്‍റെ താഴെത്തട്ടിൽ ചില ആളുകൾ പെരുമാറുന്നുണ്ട്​. അത്​ പുതിയ കാര്യമല്ല. കുറ്റം ചെയ്യുന്നവർക്കെതിരെ സർക്കാർതന്നെ നടപടി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Name someone other than Rahul to lead Congress - Kanam Rajendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.