നഞ്ചിയമ്മയുടെ ഭൂമി: കൈമാറ്റം നിയമാനുസൃതമല്ലെങ്കിൽ കലക്ടർ റദ്ദ് ചെയ്യണമെന്ന് റിപ്പോർട്ട്

കോഴിക്കോട്: ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയുടെ അട്ടപ്പാടിയിലെ ഭൂമി കൈമാറ്റം നടത്തിയത് നിയമനുസൃതം അല്ലെങ്കിൽ സർക്കാർ കക്ഷി ചേർന്ന് നടപടികൾ റദ്ദ് ചെയ്യണമെന്ന് റവന്യൂ വിജിലൻസ് ഡെപ്യൂട്ടി കലക്ടറുടെ റിപ്പോർട്ട്. 'മാധ്യമം ഓൺലെൻ' വാർത്തയെ തുടർന്ന് വ്യാജരേഖ സംബന്ധിച്ച് കെ.കെ രമ എം.എൽ.എ നിയമസഭയിൽ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കലിലാണ് മന്ത്രി കെ. രാജൻ അന്വേഷണത്തിന് നിർദേശം നൽകിയത്.

ഇതേതുടർന്ന് അന്വേഷണത്തിന് മധ്യമേഖല റവന്യൂ വിജിലൻസ് സംഘത്തെ ലാൻഡ് റവന്യൂ കമീഷണർ നിയോഗിച്ചു. വിജിലൻസ് തയാറാക്കിയ അന്വേഷണ റിപ്പോർട്ടിലാണ് കൈമാറ്റം റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ പാലക്കാട് കലക്ടർ സ്വീകരിക്കണമെന്ന് ശിപാർശ നൽകിയത്. കല്ലുവേലിൽ കെ.വി മാത്യുവിന് ഭൂമി കൈമാറിയ എല്ലാ നടപടിക്രമങ്ങളും പുനഃപരിശോധിക്കണമെന്നാണ് ശിപാർശ.


 



നഞ്ചിയമ്മയുടെ കുടുംബ ഭൂമി ആദ്യം കൈവശപ്പെടുത്തിയത് കന്തസ്വാമി ബോയനാണ്. അദ്ദേഹം മരണപ്പെട്ട ശേഷം നഞ്ചിയമ്മയുടെ കുടുംബവും കന്തസ്വാമിയുടെ അനന്തരാവകാശികളും തമ്മിലാണ് ഭൂമിക്കുവേണ്ടി കേസ് നടന്നത്. ഇതിനിടയിൽ ഇരുകൂട്ടരും അറിയാതെ കെ.വി മാത്യു 1.40 ഏക്കർ ഭൂമിക്ക് വ്യാജ രേഖയുണ്ടാക്കിയെന്നാണ് പുതിയ കേസ്. കന്തസ്വാമിയുടെ മകൻ എന്ന് അവകാശപ്പെടുന്ന മാരിമുത്തുമായി കെ.വി മാത്യു വില്പന കരിയാറുണ്ടാക്കി. കരാർ പാലിക്കാൻ മാരിമുത്തു തയാറാകാത്തതിനാൽ കോടതിയെ സമീപിച്ചു.

പിന്നീട് കരാർ പത്രത്തിലെ വ്യവസ്ഥകൾ പാലിക്കാതെ വന്നതിനാൽ ഒറ്റപ്പാലം സബ് കോടതിയിലെ വ്യവഹാരത്തിൽ 2019 ഫെബ്രുവരി 27ലെ വിധിന്യായത്തിന്റെ അടിസ്ഥാനത്തിലാണ് ഒറ്റപ്പാലം സബ്ജഡ്ജ് മാത്യുവിന്റെ പേരിൽ ഭൂമി എഴുതി നൽകിയതെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. മാരിമുത്തു വ്യവഹാര സമയത്ത് കോടതിയിൽ ഹാജരായിട്ടില്ലെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. അതിനാൽ എക്സ്പാർട്ട് ആയി വിധിയുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് സബ് ജഡ്ജ് ഈ ഭൂമി മാത്യുവിന്റെ പേരിൽ രജിസ്റ്റർ ചെയ്ത് നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു.


 



പാലക്കാട് മുൻ കലക്ടർ മൃൺമയി ജോഷി ലാൻഡ് റവന്യൂ കമീഷണർക്ക് നൽകിയ പ്രാഥമിക റിപ്പോർട്ടിലും കെ.വി മാത്യുവിന് ഭൂമി കൈമാറിയത് സംബന്ധിച്ച് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആദിവാസി ഭൂമി അന്യാധീനം സംബന്ധിച്ച നഞ്ചിമ്മയുടെ അപ്പീൽ അപേക്ഷ തീർപ്പാക്കുന്നതിന് ഒറ്റപ്പാലം സബ് കോടതിയിലെ 2019ലെ കേസുമായി ബന്ധപ്പെട്ട ഉത്തരവിന്റെയും എക്സിബിറ്റുകളുടെയും പകർപ്പും പരിശോധിക്കണമെന്നും കലക്ടർ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു.

എന്നാൽ, അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹസിൽദാർക്ക് ഇപ്പോഴും ഈ ഫയലുകളുടെ നിജസ്ഥതി മനസിലായിട്ടില്ല. ഫയലുകൾ പരിശോധിക്കാതെയാണ് കൈവശ സർട്ടിഫിക്കറ്റും നികുതി രസീതും നൽകി വ്യാജരേഖയുണ്ടാക്കി ആദിവാസി ഭൂമി തട്ടിയെടുക്കുന്ന സംഘത്തെ സഹായിക്കുന്നത്. 

Tags:    
News Summary - Nanchiamma's land: Collector to cancel transfer if illegal, report says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.