നഞ്ചിയമ്മയുടെ ഭൂമിയുടെ വ്യാജരേഖ: റവന്യൂ വിജിലൻസ് പരിശോധന തുടങ്ങി

കോഴിക്കോട്: മികച്ച ഗായികക്കുളള ദേശീയ പുരസ്കാരം നേടിയ അട്ടപ്പാടിയിലെ നഞ്ചിയമ്മയുടെ കുടുംബ ഭൂമി അടക്കുമുള്ള ആദിവാസി ഭൂമി വ്യാജരേഖ നിർമിച്ച് കൈയേറിയത് സംബന്ധിച്ച് റവന്യൂ വിജിലൻസ് വിഭാഗം അന്വേഷണം തുടങ്ങി. അഗളി വില്ലേജിൽ എത്തിയ റവന്യൂ ഉദ്യോഗസ്ഥർ പരാതിയുമായി ബന്ധപ്പെട്ട 20 ലധികം ഫയലുകൾ പരിശോധിച്ചുവെന്ന് ഓഫിസർ 'മാധ്യമം ഓൺലൈനോട്' പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമാണ് റവന്യൂ വിജിലൻസ് സംഘം അട്ടപ്പാടിയിൽ പരിശോധന നടത്തിയത്.

നഞ്ചിയമ്മയുടെ ഭൂമി കൈയേറിയത് സംബന്ധിച്ച് കെ.കെ രമ എം.എൽ.എ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചിരുന്നു. മന്ത്രി കെ. രാജൻ അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം സംബന്ധിച്ച് ലഭിച്ച പരാതികളിന്മേൽ അസിസ്റ്റന്റ് ലാൻഡ് റവന്യൂ കമ്മീഷണറുടെ മേൽനോട്ടത്തിൽ റവന്യൂ വിജിലൻസ് സംഘം അന്വേഷിക്കുമെന്ന് നിയമസഭക്ക് ഉറപ്പും നൽകി.


റവന്യൂ ഉദ്യോഗസ്ഥ സംഘം വ്യാഴാഴ്ച അഗളി ടൗണിലുള്ള നഞ്ചിയമ്മയുടെ കുടുംബ ഭൂമിയിലെത്തി സ്ഥലപരിശോധന നടത്തി. ഈ ഭൂമിയുടെമേൽ അവകാശവാദമുന്നയിച്ച നെല്ലിപ്പതിയിൽ നിരപ്പത്ത് ഹൗസിൽ ജോസഫ് കുര്യൻ ഭൂമി അദ്ദേഹത്തിന്റേതാണെന്ന രേഖകൾ ഉദ്യോഗസ്ഥർക്ക് കൈമാറി.

നിലവിൽ ടി.എൽ.എ അപ്പീൽ കേസിലുള്ള ഭൂമി 2019ൽ ജോസഫ് കുര്യൻ വാങ്ങിയെന്നാണ് അവകാശപ്പെട്ടത്. കെ.വി. മാത്യുവിൽനിന്നാണ് ജോസഫ് കുര്യൻ ഭൂമി വാങ്ങിയത്. കലക്ടർ നടത്തിയ അന്വേഷണത്തിൽ അട്ടപ്പാടിയിലെ മാരിമുത്തുവാണ് മാത്യുവിന് ഭൂമി നൽകിയത്. മാരിമുത്തുവിന്റെ പേരിൽ അഗളി വില്ലേജിൽ നികുതി അടച്ച രസീത് ഹാജരാക്കിയാണ് കോടതി ഉത്തരവ് വഴി മാത്യു ഭൂമി സ്വന്തമാക്കിയത്.

മാരിമുത്തുവന്റെ പേരിൽ ഹാജരാക്കിയ നികുതി രസീത് വ്യാജമാണെന്ന് അദ്ദേഹം തന്നെ 'മാധ്യമം ഓൺലൈനോട്' വെളിപ്പെടുത്തിയിരുന്നു. മണ്ണാർക്കാട് -ആനക്കെട്ടി റോഡിൽ പഴയ വില്ലേജ് ഓഫിസിന് മുന്നിലുള്ള കോടിക്കണക്കിന് രൂപ വിലവരുന്ന ഭൂമിയാണിത്.

അട്ടപ്പാടിയിലെ ആദിവാസി ഭൂമി വ്യാജരേഖയുണ്ടാക്കി ഭൂമാഫിയ തട്ടിയെടുത്തത് സംബന്ധിച്ച അന്വേഷണം പൂർത്തിയാക്കി റവന്യൂ സംഘം ലാൻഡ് റവന്യൂ കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിക്കും. അട്ടപ്പാടിയിൽ ആദിവാസി ഭൂമി കൈയേറിയത് സംബന്ധിച്ച് നിരവധി പരാതികൾ തഹസിൽദാർക്കും കലക്ടർക്കും ലഭിച്ചിരുന്നു. ഷോളയൂർ വില്ലേജിലെ മൂലഗംഗൽ പ്രദേശത്തും വ്യാപകമായി സർക്കാർ ഭൂമി കൈയേറുന്നുവെന്ന് പരാതി ലഭിച്ചിട്ടുണ്ട്. അഗളി സബ് രജിസട്രാർ ഓഫിസ് കേന്ദ്രീകരിച്ച് ഭൂ മാഫിയ സംഘം പ്രവർത്തുക്കുന്നുണ്ടെന്നും ആക്ഷപമുണ്ട്. 

Tags:    
News Summary - Nanjiamma's fake land record: Revenue vigilance probe started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.