കോഴിക്കോട്: ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മയുടെ കുടുംബഭൂമിയുടെ ടി.എൽ.എ കേസിൽ മാരിമുത്തുവിനെ ഭീഷണിപ്പെടുത്തുന്നു എന്ന് കലക്ടർക്ക് പരാതി. ഭൂമി തട്ടിയെടുത്ത കല്ലുവേലിൽ ഹൗസിൽ കെ.വി. മാത്യുവും നിരപ്പത്ത് ഹൗസിൽ ജോസഫ് കുര്യനും തട്ടിപ്പിൽ പങ്കാളിയായ ഗുരുകൃപയിൽ അഡ്വ. പി.എൻ. അച്യുതനുമാണ് ഭീഷണിപ്പെടുത്തുന്നതെന്ന് കലക്ടർക്ക് നൽകിയ പരാതിയിൽ മാരിമുത്തു പറയുന്നു. ഈ മൂന്നുപേരുടെയും ഭീഷണിയിൽ നിന്നും തന്നെ സംരക്ഷിക്കണമെന്നാണ് മാരിമുത്തു പരാതിയിൽ ആവശ്യപ്പെടുന്നത്.
ഈ കേസുമായി മുന്നോട്ടു പോയാൽ അട്ടപ്പാടിയിൽ കാലുകുത്താൻ സമ്മതിക്കില്ലെന്നാണ് ഭീഷണി. കേസിൽ മാരിമുത്തു കലക്ടർക്ക് മൊഴി നൽകിയതോടെയാണ് അന്വേഷണത്തിന്റെ ദിശമാറിയത്. കെ.വി. മാത്യു നഞ്ചിയമ്മയുടെ കുടുംബഭൂമി തട്ടിയെടുക്കുന്നതിൽ ഇടനിലക്കാരനായി നിർത്തിയത് മാരിമുത്തുവിനെയായിരുന്നു.
മാരിമുത്തുവിന്റെ മൊഴി കേട്ട ശേഷം കലക്ടർ മൃൺ മയി ജോഷി ലാൻഡ് റവന്യൂ കമീഷണർക്ക് നൽകിയ റിപ്പോർട്ട് പ്രകാരം ആദിവാസിയായ രാമിക്ക് കന്തസ്വാമിയിൽ പിറന്ന മകനാണ് മാരിമുത്തു. കന്തസ്വാമി മാരിമുത്തുവിന് ഭൂമി നൽകിയതായി രേഖയില്ല. എന്നാൽ മാരിമുത്തുവാണ് കന്തസ്വാമിയുടെ ഭൂമിയുടെ ഏക അവകാശിയെന്നാണ് ഭൂമി തട്ടിയെടുത്ത കെ.വി മാത്യു ആധാരത്തിൽ രേഖപ്പെടുത്തിയത്. അതിന് മാരിമുത്തുവിന്റെ പേരിലുള്ള വ്യാജ നികുതി രശീത് കോടതിയിൽ ഹാജരാക്കിയിരുന്നു.
മാരിമുത്തു സത്യം വെളിപ്പെടുത്തിയതോടെയാണ് അദ്ദേഹത്തിനെതിരെ ഭീഷണി ഉയരുന്നത്. തന്നെ സഹായിക്കാം എന്ന് പറഞ്ഞാണ് ഈ മൂന്നു പേരും ആദ്യം സമീപിച്ചത്. പിന്നീട് ഭീഷണിപ്പെടുത്തി തന്റെ കൈവശം ഇല്ലാത്തതും താൻ നികുതിയടക്കാത്തതുമായ ഭൂമിയുടെ പേരിൽ കൃത്രിമ നികുതി രശീത് ഉണ്ടാക്കി കോടതിയെ തെറ്റിദ്ധരിപ്പിച്ച് എകപക്ഷീയമായ വിധി നേടിയെടുത്തുവെന്നാണ് മാരുമിത്തു പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. ഇക്കാലത്ത് പല ബാങ്കുകളുടെയും മുദ്രപത്രങ്ങളിൽ ഒപ്പുവെപ്പിക്കുകയും ചെയ്തു.
താൻ തമിഴ്നാട്ടിലാണ് പഠിച്ചത്. അതിനാൽ തമിഴ് ഭാഷയാണ് വായിക്കാൻ അറിയാവുന്നത്. ആർ.ഡി.ഒ കോടതിയിലെ വിധി എന്താണെന്ന് തനിക്ക് അറിയാൻ സാധിച്ചിട്ടില്ല. തന്റെ കൈവശം ഇല്ലാത്ത ഭൂമിയും താൻ നികുതിയടക്കാത്ത ഭൂമിയും തനിക്ക് വിൽക്കാനാവില്ല. ആദ്യം സമർപ്പിച്ച പരാതിയിൽ ഉറച്ചു നിൽക്കുകയാണ്. പരാതിയിൽ അനുകൂലമായ വിധിയുണ്ടാകണം എന്ന് കലക്ടറോട് അദ്ദേഹം ആവശ്യപ്പെട്ടു.
അട്ടപ്പാടിയിൽ 2022 നവംബർ 17ന് നടന്ന അദാലത്തിൽ കെ.വി. മാത്യു, ജോസഫ് കുര്യൻ എന്നിവർ പുതിയ അപേക്ഷ സമർപ്പിച്ചിരുന്നു. അതിനെതുടർന്നാണ് തഹസിൽദാർ കലക്ടറുടെ ടി.എൽ.എ അപ്പീൽകേസ് വിധികൽപ്പിക്കുന്നതിന് മുമ്പ് ജോസഫ് കുര്യന് ഭൂമിയുടെ കൈവശ സർട്ടിഫിക്കറ്റ് നൽകിയത്. ഭൂമി തട്ടിപ്പുകാരെ സഹായിക്കുന്ന സമീപനമാണ് അട്ടപ്പാടി തഹസിൽദാർ സ്വീകരിക്കുന്നതെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം അന്വേഷിക്കാനെത്തിയ കെ.കെ. രമ എം.എൽ.എയെയും ഭൂമാഫിയ സംഘം നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.