കോഴിക്കോട്: ഗായിക നഞ്ചിയമ്മയുടെ അട്ടപ്പാടിയിലെ കുടുംബഭൂമിക്ക് ജോസഫ് കുര്യന് കൈവശ സർട്ടിഫിക്കറ്റ് നൽകിയത് തഹസിൽദാർ തന്നെയെന്ന് അഗളി താലൂക്ക് ഓഫിസിലെ ഫയൽ. 'മാധ്യമം ഓൺലൈന്' ലഭിച്ച ട്രൈബൽ താലൂക്ക് ഓഫിസിലെ നോട്ട് ഫയൽ പ്രകാരം അഗളി വില്ലേജ് ഓഫിസർ 2022 ഡിസംബർ രണ്ടിനാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ടിന്മേലും 14ന് പരാതിക്കാരെ നേരിട്ട് കേട്ടതിന്റെ അടിസ്ഥാനത്തിലും ജോസഫ് കുര്യന് കൈവശ സർട്ടിഫിക്കറ്റ് നൽകണമെന്നാണ് തഹസിൽദാർ 15ന് ഫയലിൽ രേഖപ്പെടുത്തിയത്.
അതിന് താഴെ 16ന് മറ്റൊരു ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയത് പരിധിക്ക് ആസ്പദമായ വസ്തുവിൽ ജോസഫ് കുര്യന്റെ കൈവശത്തെചൊല്ലി ആക്ഷേപങ്ങൾ ഉള്ളതായി പ്രാദേശിക അന്വേഷണത്തിൽ അറിഞ്ഞതായി അഗളി വില്ലേജ് ഓഫിസർ രേഖപ്പെടുത്തിയെന്നാണ്. അതിനാൽ തഹസിൽദാരുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫിസർക്ക് കത്ത് നൽകാമെന്നാണ്. വില്ലേജ് ഓഫിസറുടെ റിപ്പോർട്ടിന്മേലല്ല ഉത്തരവിട്ടതെന്ന് ഈ കുറിപ്പിൽനിന്ന് വ്യക്തം. ഫയൽ പ്രകാരം തഹസിൽദാരുടെ സ്വന്തം താൽപ്പര്യ പ്രകാരമാണ് ജോസഫ് കുര്യന് കൈവശ സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവ് നൽകിയത്.
നഞ്ചിയമ്മയുടെ ഭൂമി സ്വന്തമാണെന്ന് സ്ഥാപിക്കാൻ അദാലത്തിൽ ജോസഫ് കുര്യൻ ഹാജരാക്കിയത് ഒരു ഡസനിലധികം രേഖകളാണ്. 2017ൽ സബ് രജിസ്റ്റർ ഓഫിസിൽ രജിസ്റ്റർ ചെയ്ത ആധാരമാണ് ഒന്നാമത്തെ രേഖ. 22-23 വർഷത്തെ ഭൂനികുതിയും കൈവശാവകാശവും അദ്ദേഹത്തിന്‍റെ പേരിൽ തന്നെയാണെന്ന രസീത്. ഇതേ സ്ഥലത്ത് ഭാരത് പെട്രോളിയം കോർപ്പറേഷന്റെ സംഭരണ ടാങ്ക് സ്ഥാപിക്കുന്നതിനായി ഹൈകോടതിയിൽ നിന്നുള്ള രണ്ട് ഉത്തരവുകളാണ് മൂന്നാമത്തേത്.
ഈ ഉത്തരവുകളുടെയും പിൻബലത്തിൽ ജില്ല ഭരണകൂടത്തിൽ നിന്ന് ലഭിച്ച ഒമ്പതോളം എൻ.ഒ.സികളാണ് നാലാമത്തെ തെളിവ്. ഇതിന്റെ അടിസ്ഥാനത്തിൽ 2022 ജൂലൈ ഏഴിന് അഡീഷണൽ ജില്ല മജിസ്ട്രേറ്റ് അനുമതി നൽകി. എന്നിട്ടും അഗളി വില്ലേജ് ഓഫിസിൽനിന്ന് അനുവദിച്ച കൈവശ സർട്ടിഫിക്കറ്റ് നേരത്തെ റദ്ദുചെയ്തു. അത് റദ്ദു ചെയ്യുന്നതിന് മുമ്പ് ജോസഫ് കുര്യന് നോട്ടീസ് നൽകുകയോ, അദ്ദേഹത്തെ കേൾക്കുകയോ ചെയ്തില്ലെന്നായിരുന്നു പരാതി.
ഒടുവിൽ ഡിസംബർ 14ന് ജോസഫ് കുര്യന്റെ പരാതി നേരിട്ട് കേൾക്കാൻ തഹസിൽദാർ തീരുമാനിച്ചു. ഇത്രയധികം രേഖകൾ ഹാജരാക്കിയ ജോസഫ് കുര്യനോട് ഭൂമിയുടെ ആദ്യ കൈമാറ്റക്കാരനായ മാരിമുത്തുവിന്റെ അടിയാധാരം എവിടെയെന്ന് തഹസിൽദാർ ചോദിച്ചില്ല. അക്കാര്യമാണ് പാലക്കാട് കലക്ടർ അന്വേഷിക്കുന്നത്. തഹസിൽദാർ ഇക്കാര്യം പരിശോധിക്കാതെ ജോസഫ് കുര്യൻ ആവശ്യപ്പെട്ടതെല്ലാം നൽകാൻ തീരുമാനിച്ചു.
പെട്രോളിയം സംഭരണ ടാങ്ക് സ്ഥാപിക്കുന്നതിന് അഗളി ഗ്രാമപഞ്ചായത്തിൽ ഹാജരാക്കുന്നതിനാവശ്യമായ പുതിയ കൈവശ സർട്ടിഫിക്കറ്റ്, ലൊക്കേഷൻ സർട്ടിഫിക്കറ്റ്, സ്കെച്ച് റൂട്ട്, മാപ്പ് തുടങ്ങിയവ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ നിർദേശം നൽകണമെന്ന ജോസഫ് കുര്യന്റെ ആവശ്യം തഹസിൽദാർ സാധിച്ചുകൊടുത്തു. 50 സെൻറ് സ്ഥലത്തിന് കൈവശ സർട്ടിഫിക്കറ്റ് നൽകാൻ അടിയന്തരമായി ഉത്തരവിട്ടു. അതേസമയം, റിപ്പോർട്ടിൽ പരാതിക്ക് ആസ്പദമായ വസ്തുവിൽ ജോസഫ് കുര്യന്‍റെ കൈവശത്തെ ചൊല്ലി ആക്ഷേപമുണ്ടെന്ന വില്ലേജ് ഓഫിസറുടെ റിപ്പോർട്ടിലെ വരികൾക്ക് തഹസിൽദാർ പുല്ലുവില കൽപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.