representational image 

നരബലി: ഓർമയിൽ മുളങ്ങിലെ ആഭിചാരകാലം

തൃശൂർ: പത്തനംതിട്ട ഇലന്തൂരിലെ 'നരബലി'യിൽ കേരളം ഞെട്ടുമ്പോൾ ആഭിചാരത്താൽ കുപ്രസിദ്ധമായ ഭൂതകാലത്തിന്‍റെ നടുക്കുന്ന ഓർമകളുണരുകയാണ് തൃശൂരിന്. 2009 സെപ്റ്റംബറിൽ പുതുക്കാട് മുളങ്ങിൽ വിവാദ സന്യാസിനി ദിവ്യ ജോഷി ആത്മഹത്യ ചെയ്ത സംഭവം ജില്ലക്ക് അത്രയെളുപ്പം മറക്കാനാവുന്നതല്ല.

ആഭിചാരക്രിയകൾ, പാതിരാവിലും പുലർകാലത്തുമുള്ള പൂജകൾ, സുന്ദരിയായ ആൾദൈവത്തിന്റെ ഈറനോടെയുള്ള ദർശനം, സുരക്ഷക്കും ആളുകളെ വരുതിയിലാക്കാനും പോറ്റി വളർത്തിയ ഗുണ്ടാസംഘങ്ങൾ. എല്ലാം തകർന്നത് ആൾദൈവം സന്തോഷ് മാധവന്റെ അറസ്റ്റോടെയായിരുന്നു.

സമൂഹത്തിലെ ഉന്നതരുമായി ഏറെ അടുപ്പമുണ്ടായിരുന്ന ദിവ്യയെ ഭയഭക്തിയോടെയാണ് നിയമപാലകർ പോലും നോക്കികണ്ടിരുന്നത്. വീട്ടമ്മയായിരുന്ന ദിവ്യ പെട്ടെന്നൊരു ദിനമാണ് വിഷ്ണുമായയെന്ന് സ്വയം പ്രഖ്യാപിച്ച് ആൾദൈവമായി മാറിയത്.

പറപ്പൂക്കരയിൽ ആശ്രമവും സ്ഥാപിച്ചു. പ്രവചനവും രോഗശാന്തി വാഗ്ദാനവുമായി വഴിയോരങ്ങൾ പരസ്യങ്ങൾ കൊണ്ട് നിറഞ്ഞതോടെ ആശ്രമത്തിലേക്ക് ആളുകൾ ഒഴുകി. ഒടുവിൽ കുന്നംകുളം സ്വദേശിയായ ജോർജ് നൽകിയ കേസാണ് ദിവ്യയുടെ ആത്മഹത്യക്ക് വഴിവെച്ചതെന്നാണ് പറയപ്പെടുന്നത്.

ജോർജിന്റെ വീട്ടിൽ 500 കോടിയുടെ നിധിയുണ്ടെന്ന് ദിവ്യദൃഷ്ടിയിൽ കണ്ടെന്നും ഇത് കണ്ടെത്താൻ തങ്കവിഗ്രഹമുണ്ടാക്കി ചാത്തനെ ആവാഹിക്കാനെന്ന് പറഞ്ഞ് 90 ലക്ഷം തട്ടിയ കേസിൽ ദിവ്യയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തു.

പിന്നീട് ദിവ്യയെയും അമ്മയെയും വീട്ടിനകത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ദുരൂഹതകളേറെയുള്ള കേസിൽ പൊലീസ് അന്വേഷണം പാതിവഴിയിൽ അവസാനിപ്പിച്ചു.

ഭാര്യയെ ദൈവമാക്കി അവതരിപ്പിച്ച് ഭർത്താവാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഭൂമി കച്ചവടക്കാരനായിരുന്ന ജോഷി ഇതിനേക്കാൾ സാധ്യത കണ്ടാണ് ആത്മീയതയിലേക്ക് തിരിഞ്ഞതെന്നാണ് പൊലീസ് കണ്ടെത്തൽ.

പത്തനംതിട്ട നരബലിയുടെ പശ്ചാത്തലത്തിൽ ആൾദൈവ കേന്ദ്രങ്ങൾക്കെതിരെ കൂടുതൽ അന്വേഷണത്തിന് പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ജില്ലയിലെ ഇത്തരം കേന്ദ്രങ്ങളെ കുറിച്ചും വ്യക്തികളെ കുറിച്ചും അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ട്.

Tags:    
News Summary - Narabali-A season of black magic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.