വർക്കല: ഇന്ത്യൻ നവോത്ഥാന പ്രക്രിയയെ മുന്നിൽ നിന്നു നയിച്ച യോഗിവര്യനായിരുന്നു ശ്രീനാരായണ ഗുരുവെന്ന് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യരിൽ പ്രമുഖനായ നടരാജഗുരു തുടക്കമിട്ട ‘നാരായണ ഗുരുകുല’ത്തിന്റെ ശതാബ്ദി ആഘോഷം വർക്കല നാരായണ ഗുരുകുലത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെ ആധ്യാത്മിക രംഗത്ത് ഒട്ടേറെ മഹാത്മാക്കളെ കേരളം സംഭാവന ചെയ്തിട്ടുണ്ട്. അതിൽ പ്രമുഖനാണ് ഗുരു. സമൂഹത്തെ ഗ്രസിച്ച ഇരുളിനെ അകറ്റാനും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കാനും വിദ്യാഭ്യാസത്തിനു മാത്രമേ കഴിയൂ എന്ന് അദ്ദേഹം വിശ്വസിച്ചു. ‘വിദ്യ കൊണ്ടു പ്രബുദ്ധരാകുവിൻ’ എന്ന മുദ്രാവാക്യത്തിലൂടെയാണ് ഇരുളിൽ കഴിഞ്ഞിരുന്ന സമൂഹത്തെ മോചിപ്പിച്ചെടുത്തതെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായിരുന്നു. സമൂഹത്തെയപ്പാടെ പരിവർത്തനപ്പെടുത്തിയ ശ്രീനാരായണ ഗുരു മനുഷ്യന്റെ അന്തസ്സിന് പുതിയ മാനം നൽകി. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്നതിലൂടെ ഏകാത്മകതയുടെ ദർശനമാണ് ഗുരു മുന്നോട്ടു വെച്ചത്. വ്യക്തിയുടെ സമഗ്ര വികസനം സാധ്യമാകുന്നതിനൊപ്പം സമൂഹത്തിന്റെ പുരോഗതിയെക്കൂടിയാണ് ഗുരു ലക്ഷ്യമിട്ടതെന്നും ഗവർണർ പറഞ്ഞു.
നാരായണ ഗുരുകുലം അധ്യക്ഷൻ മുനി നാരായണ പ്രസാദ് സമ്മേളനത്തിൽ അധ്യക്ഷതവഹിച്ചു. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, അഡ്വ. അടൂർ പ്രകാശ് എം.പി, അഡ്വ.വി. ജോയി എം.എൽ.എ, ഡോ.പി.കെ. സാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.