‘സൺ കൊനൂർ’ വർഗത്തിൽപെട്ട അപൂർവയിനം തത്തകൾ കുഞ്ഞിക്കോയ നഹയുടെ ചുമലിൽ

കുഞ്ഞിക്കോയ നഹയുടെ കിളിത്തോഴികൾ

പരപ്പനങ്ങാടി : പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ടി.പി. കുഞ്ഞി കോയ നഹയുടെ കളിത്തോഴന്മാർ അത്യപൂർയിനം തത്തകൾ. മുക്കാൽ ലക്ഷം രൂപ വിലവരുന്ന ‘സൺ കൊനൂർ’ വർഗത്തിൽപെട്ട വിദേശ തത്തകൾ ഒരു വർഷം കൊണ്ടാണ് കുഞ്ഞിക്കോയ നഹയോട് ഇണങ്ങിയത്. തൃശൂരിലെ അപൂർവയിനം പക്ഷികളെ പോറ്റുന്നയാളുടെ ശേഖരത്തിൽ നിന്ന് അര ലക്ഷം രൂപ നൽകി മൂന്നു വർഷം മുമ്പാണ് ഇവയെ സ്വന്തമാക്കിയത്.

പിന്നീട് ഈ വർണ തത്തകളോട് പിരിഞ്ഞിരുന്ന ഒരു ദിനം പോലും കുഞ്ഞിക്കോയ നഹക്കും ഭാര്യ ഖൈറുന്നിസ നഹക്കുമുണ്ടായിട്ടില്ല. രണ്ടു ലക്ഷം രൂപയോളം ചെലവ് വരുന്ന ഏഴടി പൊക്കമുള്ള വിസ്തൃതമായ ആധുനിക മൊബൈൽ കൂടാണ് വീടിനോട് ചേർന്ന് ഇവക്കൊരുക്കിയത്. തത്തകൾക്ക് പാറി പറക്കാനുള്ള സ്വാതന്ത്ര്യം പരിഗണിച്ച് പണിത മൂന്നു വർഷത്തെ കാത്തിരിപ്പിന് ശേഷം ഇവയുടെ മുട്ടകൾ വിരിഞ്ഞതോടെ പൈതൃക തലമുറയേയും വരവേൽക്കാൻ കുഞ്ഞി കോയ നഹക്ക് ഭാഗ്യമുണ്ടായി.

ഭീമമായ ചെലവ് വഹിച്ച് ഇവയെ തീറ്റിപോറ്റുമ്പോഴും സ്വന്തം മക്കളോടെന്ന പോലെയുള്ള വൈകാരിക അടുപ്പം ഇവയോടുള്ള സ്നേഹം വർധിപ്പിച്ചിട്ടെയുള്ളൂവെന്ന് കുഞ്ഞി കോയ നഹ ‘മാധ്യമ’ത്തോട് പറഞ്ഞു. മുളപ്പിച്ച് കൊടുക്കുന്ന വിത്തുകൾ, കറുത്ത കടല, ചെറുപയർ, ചോളം, ബദാം, ഗ്രീൻ പീസ് എന്നിവയാണ് ഇവയുടെ ഭക്ഷണം.

വീടിന്റെ വരാന്തയിലിരുന്ന് കുഞ്ഞിക്കോയ നഹ നൽകുന്ന സിഗ്നലുകളോട് കൃത്യമായി പ്രതികരിക്കും. പേർഷ്യൻ പൂച്ചകൾ, അത്യപൂർവ അലങ്കാര മത്സ്യങ്ങൾ, അപൂർവ പഴങ്ങളുടെ ചെടികൾ എന്നിവയും കുഞ്ഞികോയ നഹയുടെ സ്നേഹ പരിലാളനകളേൽക്കുന്നുണ്ട്. ഒന്നും വിൽക്കാനല്ല മാനസികോല്ലാസമാണ് ഇവയെ ചേർത്തുപിടിക്കാൻ പ്രേരകമന്നും കുഞ്ഞി കോയ നഹ പറഞ്ഞു.

Tags:    
News Summary - National Bird Day story about Kunjikkoya Naha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.