തൃശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത നിർമാണത്തിൽ കരാർ ലംഘനം കണ്ടെത്തി നോട്ടീസ് നൽകിയ കമ്പനിക്ക് കോടികൾ നൽകി ദേശീയപാത അതോറിറ്റി നഷ്ടപരിഹാര കേസ് ഒതുക്കി. തൃശൂർ എക്സ്പ്രസ് വേ ലിമിറ്റഡിന് 247.19 കോടി രൂപയാണ് അതോറിറ്റി നൽകിയതെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. 2012ൽ തുടങ്ങിയ ദേശീയപാത നിർമാണം 30 മാസംകൊണ്ട് പൂർത്തീകരിക്കാനായിരുന്നു കരാർ. എന്നാൽ, 10 വർഷത്തിലധികം പിന്നിട്ടിട്ടും പ്രവൃത്തി പൂർത്തീകരിച്ചിട്ടില്ല.
ദേശീയപാതക്കും കുതിരാൻ തുരങ്ക നിർമാണത്തിനുമായി 243.99 കോടി ഗ്രാന്റായി അതോറിറ്റി കമ്പനിക്ക് നൽകിയിരുന്നു. നിശ്ചിതസമയത്ത് പ്രവൃത്തി പൂർത്തീകരിക്കാത്തത് ചൂണ്ടിക്കാണിച്ച് 2014ലും 2019ലും കരാർ ലംഘനത്തിന് ദേശീയപാത അതോറിറ്റി കമ്പനിക്കെതിരെ ടെർമിനേഷൻ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിറകെയാണ് കമ്പനി ദേശീയപാത അതോറിറ്റിക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് നൽകിയത്. ഈ കേസ് തീർപ്പാക്കുന്നതിനാണ് 247.19 കോടി നൽകിയതെന്ന് കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്തിന് ദേശീയപാത അതോറിറ്റി രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. നഷ്ടപരിഹാരം കരാർ കമ്പനിയിൽനിന്നാണ് ഈടാക്കേണ്ടതെന്നിരിക്കെയാണ് കോടികൾ നൽകിയുള്ള ഒത്തുതീർപ്പ്.
മൊത്തം പദ്ധതിക്ക് 1553.61 കോടിയാണ് ചെലവ്. ഇതിൽ 491.18 കോടി ദേശീയപാത അതോറിറ്റിതന്നെ നൽകിക്കഴിഞ്ഞു. കൂടാതെ, ദേശീയപാത നിർമാണവും തുരങ്കനിർമാണവുമായി ബന്ധപ്പെട്ട് പാറകളും മണ്ണും വിറ്റതിന്റെയും ലാഭവിഹിതം വേറെയുമുണ്ടെന്നിരിക്കെ സാധാരണക്കാരൻ സഞ്ചരിക്കുന്ന സ്വകാര്യബസുകളുടെ ടോൾനിരക്ക് കുറക്കാൻ കരാർ കമ്പനി തയാറാകാത്തത് പ്രതിഷേധാർഹമാണെന്ന് ഷാജി കോടങ്കണ്ടത്ത് പറയുന്നു.
പണി പൂർത്തിയാക്കാതെയും തുരങ്കങ്ങൾ ഗതാഗതയോഗ്യമാക്കാതെയും ടോൾ പിരിക്കാൻ അനുമതിക്ക് കംപ്ലീഷൻ സർട്ടിഫിക്കറ്റ് അനുവദിച്ചതിലും അഴിമതിയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. മനുഷ്യാവകാശ കമീഷനിൽ നൽകിയ പരാതിയെത്തുടർന്ന് മുടിക്കോട് അടിപ്പാതക്ക് എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും അംഗീകാരം ലഭിച്ചിട്ടില്ല. മുളയം അടിപ്പാത നിർമാണത്തിനും അനുമതി നൽകിയിട്ടില്ലെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.