അരൂർ: സംസ്ഥാനത്തെ ഗതാഗത, ടൂറിസം മേഖലയിൽ പുതിയൊരധ്യായം കുറിച്ച് ദേശീയ ജലപാതയുടെ ആദ്യഘട്ടമായ 520 കിലോമീറ്റർ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുമ്പോൾ അരൂരിനും ആഹ്ലാദം. അരൂർ മണ്ഡലത്തിെല വേമ്പനാട്ടുകായലിലൂടെ ബഹുദൂരം കടന്നുപോകുന്ന ദേശീയ ജലപാതക്ക് വഴിയൊരുക്കാൻ മത്സ്യത്തൊഴിലാളികൾ ഏറെ നഷ്ടം സഹിച്ചിട്ടുണ്ട്.
ഊന്നിക്കുറ്റികൾ പറിച്ചു മാറ്റിയാണ് ദേശീയ ജലപാതക്ക് വീതിയൊരുക്കിയത്. നല്ല വരുമാനം ഉണ്ടായിരുന്ന ഊന്നിക്കുറ്റികളാണ് മാറ്റിക്കൊടുത്തത്. വർഷങ്ങൾ കഴിഞ്ഞിട്ടും ജലപാത യാഥാർഥ്യം ആകാത്തതിൽ മത്സ്യത്തൊഴിലാളികൾക്ക് പ്രതിഷേധമുണ്ടായിരുന്നു.
നാമമാത്ര നഷ്ടപരിഹാരമാണ് ലഭിച്ചതെന്ന് മത്സ്യത്തൊഴിലാളികൾക്ക് പരാതിയുണ്ട്. എന്നിരുന്നാലും ചരക്ക് നീക്കത്തിനായി ജലപാതയൊരുക്കാൻ തങ്ങളും പങ്കാളികളായതിൽ അഭിമാനമുണ്ട്. അരൂരിലെ കായലിലൂടെ ജലയാനങ്ങൾ കടന്നുപോകാൻ ഇനി എത്ര നാൾ കാത്തിരിക്കേണ്ടി വരുമെന്നാണ് ഇവർ ചോദിക്കുന്നത്.
ദേശീയ ജലപാത സജ്ജമായതോടെ പുതിയ സാധ്യതകൾ തുറക്കുകയാണ്. വടക്ക് ബേക്കല്‍ മുതല്‍ തെക്ക് കോവളം വരെ ജലഗതാഗത സൗകര്യം ഒരുക്കുന്നതിലൂടെ താരതേമ്യന ചെലവും മലിനീകരണവും കുറഞ്ഞ യാത്രാ സംവിധാനങ്ങളാണ് യാഥാര്‍ഥ്യമാവുന്നത്.
കേരളത്തിെൻറ തീരപ്രദേശത്തിന് സമാന്തരമായി കായലുകളെയും പുഴകളെയും ബന്ധിപ്പിച്ച് നിരവധി കനാലുകള്‍ നിര്‍മിച്ച് രൂപപ്പെടുത്തിയതാണ് വെസ്റ്റ് കോസ്റ്റ് കനാല്‍ എന്നറിയപ്പെടുന്ന പശ്ചിമതീര ജലപാത. ഇതില്‍ കൊല്ലം മുതല്‍ കോഴിക്കോട് ജില്ലയിലെ കല്ലായി വരെ 328 കിലോമീറ്റര്‍ ഭാഗം നാഷനല്‍ വാട്ടര്‍ വേ (എൻ.എച്ച്-3) ആണ്.
കൊല്ലം മുതല്‍ കോട്ടപ്പുറം വരെ 168 കിലോമീറ്റര്‍ ഭാഗത്ത് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഐ.ഡബ്ല്യൂ-എ.ഐ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളത്. കോട്ടപ്പുറം മുതല്‍ കല്ലായി പുഴ വരെ 160 കിലോമീറ്റര്‍ ഭാഗത്ത് സംസ്ഥാന സര്‍ക്കാറാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത്.
മറ്റു ഭാഗങ്ങള്‍ സ്റ്റേറ്റ് വാട്ടര്‍ വേ ആയി പരിഗണിച്ചു വരുന്നു. 2025ല്‍ അവസാനിക്കുന്ന മൂന്നാംഘട്ടത്തില്‍ പശ്ചിമതീര കനാലിെൻറയും ഫീഡര്‍ കനാലുകളുടെയും നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയും. ഉയര്‍ന്ന മൂലധന ചെലവ് വരുന്ന കനാല്‍ ഭാഗങ്ങള്‍ നിര്‍മിക്കുന്നതിന് കിഫ്ബിയില്‍നിന്ന് ധനസഹായം ലഭ്യമാക്കാൻ എസ്.പി.വി കമ്പനിയായ കെ.ഡബ്ല്യു.ഐ.എല്‍ ആണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നഗരങ്ങളിലൂടെ കടന്നുപോകുന്ന കനാല്ഭാഗങ്ങളെല്ലാം കൈയേറ്റത്താല്‍ വികസനം നടപ്പാക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു.
പുനരധിവാസം നടപ്പാക്കി സ്ഥലങ്ങള്‍ ഏറ്റെടുക്കുന്ന പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. അങ്ങനെ വര്‍ക്കലയില്‍ 60 കുടുംബങ്ങളെ 600 ലക്ഷം രൂപ ചെലവില്‍ പുനര്‍ഗേഹം പദ്ധതി വഴി പുനരധിവസിപ്പിക്കുന്നു. മറ്റു സ്ഥലങ്ങളിലും ലൈഫ് മിഷന് ഉള്‍പ്പെടെയുള്ള പുനരധിവാസ പ്രവര്‍ത്തനം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.