'അള മുട്ടിയാൽ നീർക്കോലിയും കടിക്കും, അവർ പ്രതികരിക്കാത്തത് തേജോവധം പേടിച്ചിട്ട്'

തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ്‍കുമാറിനെതിരെ നാറ്റ്പാക് ഉദ്യോഗസ്ഥൻ. നാറ്റ്പാക്കിലെ ഹൈവേ എൻജിനീയറിങ് ഡിവിഷൻ സീനിയർ സയന്റിസ്റ്റ് സുബിൻ ബാബുവാണ് മന്ത്രിക്കെതിരെ രംഗത്തുവന്നത്.

കാർയാത്രയിൽ ചൈൽഡ് സീറ്റ് നിർബന്ധമാക്കണമെന്ന മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം റദ്ദാക്കാൻ വിളിച്ച യോഗത്തിൽ പ​ങ്കെടുത്ത ഉദ്യോഗസ്ഥരെ മന്ത്രി അധിക്ഷേപിച്ചുവെന്നാണ് ആരോപണം. സംസ്ഥാന സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന ശാസ്ത്ര സാ​​​​​​ങ്കേതിക പരിസ്ഥിതി കൗൺസിന്റെ ആസൂത്രണ ഗവേഷണ സ്ഥാപനമാണ് നാറ്റ്പാക്.

കൊച്ചുകുട്ടിക്ക് പോലും മനസിലാകുന്ന തരത്തിൽ വിഷയം അവതരിപ്പിച്ച ഉദ്യോഗസ്ഥരെ, ഇതേ കുറിച്ച് ലവലേശം വിവരമില്ലാത്ത തലപ്പത്തിരിക്കുന്നവർ ആക്ഷേപഹാസ്യത്തോടെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് രാഷ്ട്രീയ ലാഭത്തിനും ഈഗോ കാണിക്കാനും വേണ്ടി അടച്ചാക്ഷേപിക്കുന്നത് കണ്ടെന്നാണ് സുബിൻ ബാബു ഫേസ്ബുക്കിൽ കുറിച്ചത്. അവർ അപമാനം സഹിച്ചത് തേജോവധം പേടിച്ചിട്ടാണെന്നും കുറിപ്പിൽ പറയുന്നുണ്ട്. അണ മുട്ടിയാൽ നീർക്കോലിയും കടിക്കും എന്ന് പൊട്ടത്തരം വിളിച്ചു പറയുന്നവർ ഓർക്കണം. അന്നം തരുന്ന സ്ഥാപനത്തെ തള്ളിപ്പറഞ്ഞാൽ എല്ലാവരും സഹിക്കണമെന്നില്ല. ആത്മാർഥമായി ജോലി ചെയ്യുന്ന ഒരുപാട് പേർ ഇവിടെയുണ്ടെന്നും കുറിപ്പിൽ ഓർമപ്പെടുത്തുന്നുണ്ട്.

​​​ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
‘ബഹുമാനപ്പെട്ട അങ്ങ് മനസ്സിലാക്കുക. താന്‍ എന്തു പൊട്ടനാടോ എന്നു തിരികെ അവരാരും ചോദിക്കാതെ അപമാനം സഹിച്ചത് തേജോവധം ചെയ്യുമെന്നു പേടിച്ചിട്ടാണ്. പൊട്ടയായ വ്യക്തിത്വമുള്ളയാളാണെന്നാണു പുറത്ത് അറിയുന്നത്. അള മുട്ടിയാല്‍ നീര്‍ക്കോലിയും കടിക്കും എന്നു പൊട്ടത്തരം വിളിച്ചു പറയുന്നവര്‍ ഓര്‍ക്കണം. അന്നം തരുന്ന സ്ഥാപനത്തെ തള്ളിപ്പറഞ്ഞാല്‍ എല്ലാവരും സഹിക്കണമെന്നില്ല. ആത്മാര്‍ഥമായി ജോലി ചെയ്യുന്ന ഒരുപാടുപേര്‍ ഇവിടെയുണ്ട്. വിഷയത്തില്‍ ആധികാരിക അറിവുള്ളവര്‍ പറയുന്നതിനെ ഇളിച്ച ചിരിയോടെ കളിയാക്കുന്നതു കണ്ട അസ്വസ്ഥത ഇപ്പോഴും മാറിയിട്ടില്ല. ശരിയായില്ല സര്‍, അങ്ങു കാണിച്ചത്. ഞങ്ങളാരും ആത്മാഭിമാനം ഇല്ലാത്തവരല്ല. അങ്ങ് ഇരിക്കുന്ന സീറ്റിനു വിലയുള്ളതുകൊണ്ടാണ് ഉദ്യോഗസ്ഥര്‍ ആക്ഷേപം സഹിച്ചത്. നല്ലതു ചെയ്ത ഗതാഗത കമ്മിഷണര്‍ ഇളിഭ്യനായി. മലയാളികള്‍ക്കു സന്തോഷവുമായി. ഇവിടെ എല്ലാ പരിപാടിയും ഞാനാണ്. മീഡിയ കവറേജ് കൊടുക്കാത്ത എല്ലാ പരിപാടിയും ഞാന്‍ മുടക്കും എന്നതാണു നിലപാട്. മിനിയാന്നത്തെ ഓര്‍ഡര്‍ ഇന്നലത്തെ വേസ്റ്റ് പേപ്പറായി. പുതിയ ഗതാഗത കമ്മിഷണര്‍ക്ക് മന്ത്രിയെ അത്ര വശമില്ലെന്നു തോന്നുന്നു. പുള്ളി അറിയാതെ സര്‍ക്കുലര്‍ ഇട്ടത്രെ. ചൈല്‍ഡ് റെസ്‌ട്രെയിന്റ് സിസ്റ്റം അത്യാവശ്യമാണ്. എന്നാല്‍ നടപ്പാക്കാന്‍ സാവകാശം ആവശ്യമുണ്ട്. അതു മാത്രമേ ഗതാഗത കമ്മിഷണര്‍ നാഗരാജു സാറിന്റെ സര്‍ക്കുലറില്‍ ഞാന്‍ കണ്ടുള്ളു. കാര്‍ വാങ്ങാന്‍ പൈസ കണ്ടെത്തിയെങ്കില്‍ അതിന്റെ കൂടെ ഒരു 3,000 കൂടി മുടക്കിയാല്‍ ഒരു കുട്ടിയെ സുരക്ഷിതമായി കൊണ്ടുപോകാം.’’
Tags:    
News Summary - NATPAC official against Minister KB Ganesh Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.