തിരുവനന്തപുരം: നവകേരള സദസ്സ് ബസ് യാത്രക്കൊടുവിൽ നേട്ടം സർക്കാറിനോ പ്രതിപക്ഷത്തിനോ? ബസ് കാസർകോട്ടുനിന്ന് പുറപ്പെടുംമുമ്പേ വിവാദം തുടങ്ങി. ഒരു മാസം പിന്നിട്ട് തലസ്ഥാനത്ത് എത്തിയിട്ടും ഇരുപക്ഷവും കൊണ്ടും കൊടുത്തും മുന്നേറുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സി.പി.എം ഒരുക്കിയ മന്ത്രിമാരുടെ ബസ് യാത്രയിലേക്ക് പ്രതിപക്ഷത്തെ കൂടി ക്ഷണിച്ച മുഖ്യമന്ത്രിയുടേത് തന്ത്രപരമായ നീക്കമായിരുന്നു. സർക്കാറിന്റെ നേട്ടം പറയാനുള്ള പരിപാടിയുടെ ഭാഗമാകുന്നതിന്റെ അപകടം തിരിച്ചറിഞ്ഞ് ബഹിഷ്കരണം പ്രഖ്യാപിച്ച കോൺഗ്രസ് ബസിന്റെ ആഡംബരവും ധൂർത്തും ഉന്നയിച്ച് തുടക്കത്തിലേ വിവാദമുയർത്തി.
കണ്ണൂരിലെത്തിയപ്പോൾ കരിങ്കൊടിയുമായി വന്ന യൂത്ത് കോൺഗ്രസുകാരെ നേരിട്ടത് ഡി.വൈ.എഫ്.ഐക്കാരാണ്. ക്രൂരമായ മർദനത്തിന്റെ ദൃശ്യം നാടാകെ കണ്ടിട്ടും അത് ജീവൻരക്ഷാ പ്രവർത്തനമെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. പിന്നീട്, ബസ് യാത്രയിലുടനീളം പ്രതിഷേധക്കാരെ സി.പി.എമ്മുകാർ നേരിട്ടു. ചിലയിടങ്ങളിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ തന്നെ നേരിട്ടിറങ്ങി തല്ലി. അതിനെയെല്ലാം പിന്തുണച്ച മുഖ്യമന്ത്രി ജീവൻരക്ഷാ പ്രവർത്തന സിദ്ധാന്തത്തിൽ ഉറച്ചുനിന്നു. യാത്രയെ ഇത്രമേൽ വിവാദമാക്കിയത് പിണറായി വിജയന്റെ ഈ നിലപാടാണ്. അതിൽ പിടിച്ചുകയറിയാണ് കോൺഗ്രസ് പ്രതിഷേധം കത്തിച്ചത്. മന്ത്രിപ്പടക്ക് ടാറ്റ പറയാൻ സ്കൂൾ കുട്ടികളെ വെയിലത്ത് നിർത്തിയത്, ബസ് കയറാൻ സ്കൂൾ മതിൽ പൊളിച്ചത്, ഇവക്കെതിരായ കോടതി പരാമർശങ്ങൾ എന്നിവയും പ്രതിപക്ഷത്തിന് ആയുധമായി. മട്ടന്നൂരിൽ കെ.കെ. ശൈലജ എം.എൽ.എക്കും കോട്ടയത്ത് തോമസ് ചാഴികാടൻ എം.പിക്കും നേരെ നടത്തിയ പരാമർശങ്ങൾ പിണറായി വിജയന്റെ സെൽഫ് ഗോളായി മാറി.
ഓരോ മണ്ഡലത്തിലും തടിച്ചുകൂടിയ ജനക്കൂട്ടത്തെ ചൂണ്ടിയാണ് ഭരണപക്ഷം അതിന് മറുപടി നൽകിയത്. നാടിന്റെ പരിപാടിയെന്നും പ്രതിപക്ഷ പ്രതിഷേധം നാടിനെതിരായ നീക്കമെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. കരിങ്കൊടിയെ പേടിക്കുന്ന മുഖ്യമന്ത്രിയെ ഭീരുവെന്ന് വിളിച്ചതിന് പ്രതിപക്ഷ നേതാവിന് മനോനിലയിൽ തകരാറുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഒടുവിൽ പോര് വ്യക്തിപരമെന്ന നിലയിലേക്ക് താഴ്ന്നു. നവകേരള സദസ്സ് സർക്കാർ പരിപാടിയാണെന്ന നില മറന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രാഷ്ട്രീയം പറയുന്നതാണ് യാത്രയിലുടനീളം കണ്ടത്. അതോടെ, യാത്രയുടെ പ്രധാന മുദ്രാവാക്യമായി സർക്കാർ മുന്നോട്ടുവെക്കുന്ന, കേന്ദ്രം കേരളത്തോട് കാട്ടുന്ന സാമ്പത്തിക ഉപരോധം വേണ്ട വിധം ചർച്ചയാകാതെ പോയി എന്നതാണ് വസ്തുത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.