നവകേരള സദസ്: ജനകീയ പങ്കാളിത്തത്തോടെ വിജയകരമാക്കണമെന്ന് പി. രാജീവ്

കൊച്ചി: നവ കേരള നിര്‍മിതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും കൂടുതല്‍ സംവദിക്കുന്നതിനും നിയോജക മണ്ഡല അടിസ്ഥാനത്തില്‍ നടക്കുന്ന നവകേരള സദസ് ജനകീയ പങ്കാളിത്തത്തോടെ വിജയകരമാക്കണമെന്ന് മന്ത്രി പി.രാജീവ്. മണ്ഡല സദസിന്റെ സംഘാടകസമിതി രൂപീകരണവുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

യുവജനങ്ങള്‍, സ്ത്രീകള്‍, വിദ്യാർഥികള്‍, കര്‍ഷകര്‍, സാംസ്‌കാരിക നായകന്മാര്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ച് അണിനിരത്തിയാണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിച്ചെന്നു ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അതോടൊപ്പം തന്നെ ഇതുവരെ നടത്തിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തലത്തില്‍ നടത്തിയ അദാലത്തുകള്‍ വഴി നിരവധി പരാതികള്‍ പരിഹരിക്കാന്‍ കഴിഞ്ഞു. ഇത് എത്രമാത്രം നടപ്പാക്കി എന്ന് അറിയാന്‍ അവലോകന യോഗവും നടത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ മന്ത്രിമാരെയും പങ്കെടുപ്പിച്ച് മേഖലാതല അവലോകന യോഗങ്ങളും വിജയകരമായി നടത്തി. കേരളത്തിനെ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുക ലക്ഷ്യത്തോടെ കേരളീയം പരിപാടി നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ നടക്കും. ഇതിന് തുടര്‍ച്ചയായാണ് നവകേരള സദസ് നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

പരിപാടിയുടെ മുന്നോടിയായി മണ്ഡല അടിസ്ഥാനത്തിലും തദ്ദേശസ്വയംഭരണ അടിസ്ഥാനത്തിലും വാര്‍ഡ് തലങ്ങളിലും സംഘാടക സമിതി രൂപീകരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. ഓരോ മണ്ഡലത്തിലും അതാത് മണ്ഡലങ്ങളിലെ എം.എല്‍.എ മാരായിരിക്കും സംഘാടക സമിതി ചെയര്‍മാന്‍മാര്‍. മണ്ഡല അടിസ്ഥാനത്തില്‍ പരിപാടികളുടെ ഏകോപനത്തിനായി നോഡല്‍ ഓഫീസര്‍മാരെ യോഗത്തില്‍ തീരുമാനിച്ചു.

ഡിസംബര്‍ ഏഴ് മുതലാണ് എറണാകുളം ജില്ലയില്‍ സദസിന് തുടക്കമാകുന്നത്. നാലു ദിവസങ്ങളിലായി ജില്ലയിലെ 14 മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തി ജനങ്ങളുമായി സംവദിക്കും. ഡിസംബര്‍ ഏഴിന് അങ്കമാലി, ആലുവ, പറവൂര്‍ മണ്ഡലങ്ങളിലും, ഡിസംബര്‍ എട്ടിന് എറണാകുളം, തൃക്കാക്കര, വൈപ്പിന്‍, കൊച്ചി മണ്ഡലങ്ങളിലും, ഒമ്പതിന് തൃപ്പൂണിത്തുറ, കളമശേരി, പിറവം, കുന്നത്തുനാട് മണ്ഡലങ്ങളിലും, പത്തിന് പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിലും നവകേരള സദസ് നടക്കും.

എം.എ.ല്‍എ മാരായ ആന്റണി ജോണ്‍, കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍, പി.വി ശ്രീനിജിന്‍, കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാന്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags:    
News Summary - Navakerala audience: P Rajiv should make it successful with popular participation.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.