മാനന്തവാടി: നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും എത്തിയ ബസ് മാനന്തവാടിയിൽ ചളിയിൽ താഴ്ന്നു. മാനന്തവാടിയിലെ വേദിയായ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് ബസ് താഴ്ന്നത്. സുൽത്താൻ ബത്തേരിയിൽനിന്ന് അഞ്ചരയോടെയാണ് മന്ത്രിമാരുടെ സംഘം മാനന്തവാടിയിലെത്തിയത്. ജനത്തെ നിയന്ത്രിക്കാനായി കെട്ടിയ ബാരിക്കേഡിനിടയിലൂടെ ബസ് സ്റ്റേജിന്റെ അടുത്തുകൊണ്ടുവരാനാണ് ആദ്യം ശ്രമിച്ചത്. ബാരിക്കേഡ് കടക്കാൻ ശ്രമിച്ചപ്പോൾ ചളിയിൽ ടയറുകൾ കറങ്ങി ബസ് നിന്നു.
ബസിന്റെ മുൻ-പിൻ ടയറുകൾ ചളിയിൽ താഴ്ന്നുപോയി. പൊലീസ് ഉദ്യോഗസ്ഥരും കമാൻഡോകളും തള്ളിയാണ് ബസിനെ ചളിയിൽനിന്ന് കരകയറ്റിയത്. പിൻ ടയറുകൾ നല്ലരീതിയിൽ താഴ്ന്നുപോയതിനാൽ കയർ കെട്ടി വലിക്കേണ്ടി വന്നു.
ചളിയിൽനിന്ന് കരകയറ്റിയ ശേഷം ബസ് പ്രധാന റോഡിലേക്ക് മാറ്റിയിട്ടു. നവകേരള സദസ്സ് കഴിഞ്ഞശേഷം മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും വാഹനത്തിലാണ് ബസ് നിർത്തിയിട്ട റോഡിനു സമീപം എത്തിച്ചത്. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, ആന്റണി രാജു, റോഷി അഗസ്റ്റിൻ എന്നിവർ നടന്നാണ് റോഡിലെത്തിയത്. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയും പെയ്ത കനത്ത മഴയാണ് തിരിച്ചടിയായത്. മഴകാരണം വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ പരാതി സ്വീകരിക്കുന്ന സ്ഥലവും മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.