കണ്ണൂർ: സി.പി.എം ജില്ല കമ്മിറ്റിയംഗമായിരുന്ന പി.പി. ദിവ്യയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയ പാർട്ടി നടപടികളിൽ കണ്ടത് തിരക്കിട്ട നീക്കങ്ങൾ. വ്യാഴാഴ്ച രാവിലെ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടേറിയറ്റ് യോഗം ചേർന്ന് അച്ചടക്ക നടപടി തീരുമാനിച്ച് മണിക്കൂറുകൾക്കകമാണ് അടിയന്തര ജില്ല കമ്മിറ്റി യോഗം വിളിച്ചത്. സെക്രട്ടേറിയറ്റ് തീരുമാനം ജില്ല കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തയുടൻ സംസ്ഥാന സമിതിയുടെ അംഗീകാരത്തിനു വിട്ടു. സംസ്ഥാന സെക്രട്ടേറിയറ്റാവട്ടെ ഓൺലൈനായി യോഗം ചേർന്ന് അച്ചടക്ക നടപടിക്ക് അംഗീകാരവും നൽകി. സാധാരണഗതിയിൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ ചേരുന്ന യോഗങ്ങളാണ് മണിക്കൂറുകൾക്കകം നടന്നത്.
പി.പി. ദിവ്യ റിമാൻഡിലായി പത്താം നാളിൽ മൂന്ന് കമ്മിറ്റികൾ യോഗം ചേർന്ന് നടപടിയെടുക്കാൻ പാർട്ടിയെ നിർബന്ധിതമാക്കിയത് ജാമ്യസാധ്യത മുന്നിൽക്കണ്ട്. ജില്ല കമ്മിറ്റിയംഗമായിത്തന്നെ ജാമ്യം ലഭിച്ച് ദിവ്യ പുറത്തിറങ്ങിയാലുണ്ടാകുന്ന ചീത്തപ്പേര് ഒഴിവാക്കാനാണ് തിരക്കിട്ട നീക്കങ്ങളെല്ലാം. നടപടി ഫലം കണ്ടുവെന്നാണ് ജാമ്യം ലഭിച്ചശേഷമുള്ള പാർട്ടിയുടെ നിഗമനവും. സംസ്ഥാന സെക്രട്ടറിയുൾപ്പെടെയുള്ള നേതാക്കളുടെ അറിവോടെയാണ് അച്ചടക്ക നടപടി ജില്ല സെക്രട്ടേറിയറ്റിൽ അജണ്ടയായി ചർച്ചക്കുവെച്ചത്.
എ.ഡി.എമ്മിന്റെ മരണത്തിന് വഴിയൊരുക്കിയ ദിവ്യയുടെ അധിക്ഷേപ പ്രസംഗത്തെ സദുദ്ദേശ്യപരമെന്നാണ് സി.പി.എം ജില്ല കമ്മിറ്റി ആദ്യം വിശേഷിപ്പിച്ചത്. മരണം നടന്ന ദിനം സദുദ്ദേശ്യപരമെന്നുപറഞ്ഞ് ന്യായീകരിച്ച അതേ ജില്ല കമ്മിറ്റിയാണ് 25ാം നാളിൽ ദിവ്യ പാർട്ടിയുടെ യശ്ശസ്സിന് കളങ്കമുണ്ടാക്കിയെന്ന് പറയുന്നത്.
പത്തനംതിട്ട ഘടകത്തിന്റെ അതൃപ്തിക്കു പുറമെ ഇടതുസർവിസ് സംഘടനകൾ മൊത്തത്തിലും ദിവ്യക്കെതിരെ നിലകൊണ്ടതോടെ അച്ചടക്ക നടപടിക്ക് പാർട്ടി നിർബന്ധിതമായി. പാർട്ടിയുടെ കണ്ണൂരിലെ വനിതാ നേതാക്കളിൽ പ്രധാനി കൂടിയാണ് ദിവ്യ. ജനാധിപത്യ മഹിള അസോസിയേഷന്റെ സംസ്ഥാന ജോ. സെക്രട്ടറി കൂടിയാണ്. ജില്ല കമ്മിറ്റിയിൽനിന്ന് ഇരിണാവ് സി.ആര്.സി ബ്രാഞ്ചിലേക്കാണ് തരംതാഴ്ത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.