നയന സൂര്യ

നയനയുടെ മരണം: ഒപ്പമുണ്ടായിരുന്ന സ്ത്രീയെക്കുറിച്ച് അന്വേഷിച്ചില്ല

തിരുവനന്തപുരം: യുവസംവിധായിക നയന സൂര്യയുടെ മരണം സംബന്ധിച്ച് ആദ്യം അന്വേഷിച്ച സംഘത്തിന്‍റെ വീഴ്ചകൾ അക്കമിട്ട് റിപ്പോർട്ട്. നയനക്കൊപ്പം താമസിച്ചിരുന്ന സ്ത്രീയെക്കുറിച്ച് അന്വേഷിക്കുകയോ വിരലടയാളങ്ങൾ പരിശോധിക്കുകയോ ചെയ്തില്ലെന്നാണ് കണ്ടെത്തൽ. പുനഃപരിശോധന സാധ്യത പരിശോധിച്ച അസി. കമീഷണറുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റേതാണ് ഈ കണ്ടെത്തൽ.

സഹവാസിയായ സ്ത്രീയുടെ കോൾ വിശദാംശങ്ങള്‍ ശേഖരിച്ചില്ല, മുറിയിലെയും മൃതദേഹത്തിലെയും വിരലടയാളങ്ങൾ ശേഖരിച്ചില്ല, നയനയുടെ വീട്ടിലെ സന്ദർശകരെക്കുറിച്ചും സാമ്പത്തിക ഉറവിടത്തെക്കുറിച്ചും മറ്റുള്ളവരുടെ മൊഴികളിലെ വൈരുധ്യത്തെക്കുറിച്ചും പരിശോധിച്ചില്ല, നയന ഉൾപ്പെടെ അഞ്ച് പേരുടെ ഫോൺ വിശദാംശങ്ങൾ മാത്രമാണ് എടുത്തത്, വിശദമായ അന്വേഷണം നടത്തിയില്ല, നയനയുടെ കഴുത്തിലുണ്ടായ മുറിവ് സ്വയം ഉണ്ടാക്കിയതെന്ന് വിശ്വസിക്കാനാവില്ലെന്നും പുതിയ അന്വേഷണസംഘം പറയുന്നു.

ആന്തരിക രക്തസ്രാവമുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിട്ടും പൊലീസ് കാരണം അന്വേഷിച്ചിരുന്നില്ല, വസ്ത്രം ഉൾപ്പെടെ പ്രധാന തെളിവുകളൊന്നും ഫോറൻസിക് പരിശോധനക്ക് അയച്ചില്ല, വീട്ടുടമയുടെ കൈവശമുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ചാണ് വീട്ടിന്‍റെ വാതിൽ തുറന്നതെങ്കിൽ നയന ഉപയോഗിച്ചിരുന്ന താക്കോൽ എവിടെയെന്ന് മഹസറിൽ പറയുന്നില്ല, മുറി അകത്തുനിന്ന് പൂട്ടിയെന്ന മ്യൂസിയം പൊലീസിന്റെ ന്യായം തെറ്റാണെന്നേ കരുതാനാകൂവെന്നും തുടരന്വേഷണസംഘം വിമർശിക്കുന്നു.

2019 ഫെബ്രുവരി 23ന് രാത്രിയിലാണ് സുഹൃത്തുക്കള്‍ നയനയെ അബോധാവസ്ഥയിൽ ആൽത്തറയിലെ വാടകവീട്ടിൽ കണ്ടെത്തിയത്. പൂട്ടിയിരുന്ന വാതിലുകള്‍ തുറന്നാണ് അകത്ത് കയറിയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. കൊലപാതകസാധ്യത കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നീങ്ങുമ്പോൾ മൃതദേഹം സംസ്കരിച്ചതിനാൽ റീ പോസ്റ്റ്‌മോർട്ടം സാധ്യമല്ല. നിർണായക തെളിവുകൾ നശിക്കാൻ മ്യൂസിയം പൊലീസിന്റെ വീഴ്ച കാരണമായെങ്കിലും ഉദ്യോഗസ്ഥ വീഴ്ചയിൽ ഇതുവരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുമില്ല. ദിവസങ്ങൾക്കുള്ളിൽ കേസന്വേഷിക്കാനുള്ള പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ പ്രഖ്യാപിക്കും.

Tags:    
News Summary - Nayana's death: No inquiry into female companion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.