കോഴിക്കോട്: അറുപതു വർഷക്കാലത്തോളമായി കോഴിക്കോട്ടു പ്രവർത്തിച്ചുവരുന്ന നാഷനൽ സെൻറർ ഫോർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി) കേന്ദ്രം തിരുവനന്തപുരത്തേക്ക് മാറ്റുന്നു. റീജനൽ സെന്ററുകൾ തലസ്ഥാന നഗരികളിലേക്ക് മാറ്റുന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നയത്തിന്റെ ഭാഗമായാണ് രോഗികൾക്ക് പ്രയാസം സൃഷ്ടിച്ച് കേന്ദ്രം മാറ്റുന്നത്.
സ്ഥിരമായി മരുന്നു കഴിക്കുന്ന മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ നിരവധി രോഗികൾക്ക് പ്രയാസമാകുന്നതാണ് തിരുവനന്തപുരത്തേക്കുള്ള കേന്ദ്രത്തിന്റെ മാറ്റം. ഫൈലേറിയ റിസർച്ച് സെന്റർ എന്ന പേരിൽ കാരപ്പറമ്പിൽ നിലവിൽ വന്ന സ്ഥാപനം പിന്നീട് എൻ.ഐ.സി.ഡി എന്ന പേരിലായിരുന്നു അറിയപ്പെട്ടത്.
തിരുവനന്തപുരം മുതൽ മംഗലാപുരം വരെയുള്ള പ്രദേശങ്ങളിൽ മന്തുരോഗ നിർണയവും പ്രതിരോധ നടപടികളും സർവേയും നടത്തിവന്ന കേന്ദ്രം പിന്നീട് എൻ.സി.ഡി.സി ആക്കി മാറ്റുകയായിരുന്നു.
നിലവിൽ കല്ലായി കേന്ദ്രീയ ഭവനിൽ പ്രവർത്തിക്കുന്ന സ്ഥാപനം വർഷങ്ങളായി രോഗനിർണയത്തിൽ പരിചയമുള്ള കേന്ദ്രമെന്നനിലയിൽ കോഴിക്കോട്ടുനിന്നുള്ള മാറ്റം ജില്ലക്കും സമീപ ജില്ലക്കാർക്കും ഏറെ ഭീഷണിയും നഷ്ടവുമാണെന്നാണ് വിലയിരുത്തൽ. റിസർച്ച് അസിസ്റ്റന്റ്, എന്റമോളജി ഡോക്ടർ, ടെക്നീഷ്യന്മാർ, ലാബ് അസിസ്റ്റന്റുമാർ, ഇൻസെക്ട് കലക്ടർ, ഫീൽഡ് വർക്കർമാർ, ക്ലർക്കുമാർ എന്നിവരെയെല്ലാം തിരുവനന്തപുരത്തേക്ക് മാറ്റാനാണ് തീരുമാനം.
ഇതരസംസ്ഥാനക്കാരിൽ മന്തുരോഗം കണ്ടെത്തുന്ന സാഹചര്യത്തിൽ കോഴിക്കോടുതന്നെ കേന്ദ്രം നിലനിർത്തുകയോ പരിശോധനക്കുള്ള ഡോക്ടർ ഉൾപ്പെടെ ഒരു ചെറുസംഘത്തെ ഇവിടെ നിലനിർത്തുകയോ വേണമെന്ന ആവശ്യം ശക്തമാണ്. നിപ, ചികുൻഗുനിയ, ഡെങ്കിപ്പനി, മന്ത് എന്നീ രോഗങ്ങൾക്കുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന കേന്ദ്രവിഭാഗത്തിന്റെ ആസ്ഥാനം മാറ്റുന്നത് ജില്ലക്ക് ഏറെ നഷ്ടമാണ്. സെന്റർ കോഴിക്കോടുനിന്ന് മാറുന്നതോടെ ഇവിടെ ചികിത്സതേടുന്ന രോഗികൾ സംസ്ഥാന ആശുപത്രികളിലേക്ക് മാറേണ്ടിവരും. രണ്ടുതവണ നിപ വന്ന സമയത്തും വയനാട്ടിൽ കോളറ വന്ന സമയത്തും മലപ്പുറത്ത് കരിമ്പനി കണ്ടെത്തിയപ്പോഴും സാമ്പിളുകൾ ശേഖരിക്കാനും കേന്ദ്ര ഏകോപനത്തിനും എൻ.സി.ഡി.സി നിർണായക പങ്കാണ് വഹിച്ചത്. രണ്ടുതവണ നിപ ഭീഷണിയും മറ്റു പകർച്ചരോഗങ്ങളുടെയും ഭീതിയിലുള്ള കോഴിക്കോട്ടുനിന്ന് കേന്ദ്രം മാറ്റരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രിയെ സമീപിക്കുമെന്ന് എം.കെ. രാഘവൻ എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.