നെടുമ്പാശ്ശേരി: വിമാനത്താവളത്തിലെ കാൻറീനിൽ ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട വിവേചനത്തിനെതിരെ ഫേസ്ബുക്കിലൂടെ പ്രതികരിച്ച ജീവനക്കാരിയെ ജോലിയിൽനിന്ന് പുറത്താക്കി. എയർഇന്ത്യയുമായി ബന്ധപ്പെട്ട ഏജൻസിയിലെ ജീവനക്കാരിയെയാണ് തൊഴിൽമേഖലയിലെ അച്ചടക്കരാഹിത്യം ചൂണ്ടിക്കാട്ടി പുറത്താക്കിയത്.
വിമാനത്താവളവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുന്നതിനായി വിമാനത്താവള കമ്പനി അടുത്തിടെ സംവിധാനമേർപ്പെടുത്തിയിരുന്നു. എന്നാൽ, ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ പുതിയതായി നിർമിച്ച കാൻറീനിലെ ഭക്ഷണം വിമാനത്താവള കമ്പനിയിലെ ജീവനക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തി. മറ്റുള്ളവർക്ക് സ്വകാര്യവ്യക്തി മുമ്പ് നടത്തിയിരുന്ന വേണ്ടത്ര സൗകര്യമില്ലാത്ത കാൻറീനിലേക്ക് ഭക്ഷണം മാറ്റുകയും ചെയ്തു. ഇതോടെ മറ്റ് ജീവനക്കാരുടെ ഭക്ഷണത്തിന് വേണ്ടത്ര ഗുണനിലവാരമില്ലാതായി. ഇത് ചൂണ്ടിക്കാട്ടിയാണ് എയർഇന്ത്യയുമായി ബന്ധപ്പെട്ട് ഏജൻസിയിലെ ജീവനക്കാരി ഫേസ്ബുക്കിൽ കുറിപ്പെഴുതിയത്.
ഇത് വിവാദമായപ്പോഴാണ് പെൺകുട്ടിയെ പുറത്താക്കിയത്. പരാതിയുണ്ടെങ്കിൽ ഫേസ്ബുക്കിലൂടെ പൊതുജനങ്ങളെയല്ല ആദ്യം അറിയിക്കേണ്ടതെന്നും ഏജൻസിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വഴി സിയാലിനെയാണ് അറിയിക്കേണ്ടിയിരുന്നതെന്നുമാണ് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.