തൊടുപുഴ: രോഗികളുടെ എണ്ണം വൻതോതിൽ വർധിച്ചതോടെ സംസ്ഥാനത്ത് കോവിഡ് സുരക്ഷസാമഗ്രികളുടെ ആവശ്യം കുതിച്ചുയർന്നു. സുരക്ഷസാമഗ്രികൾക്ക് നിലവിൽ ദൗർലഭ്യമില്ലെന്നും കൂടുതൽ സാമഗ്രികൾ വരും ദിവസങ്ങളിൽ എത്തുമെന്നുമാണ് മെഡിക്കൽ സർവിസസ് കോർപറേഷൻ അധികൃതർ പറയുന്നത്.
സർക്കാർ ആശുപത്രികളിലെ ആരോഗ്യപ്രവർത്തകർക്ക് പുറമെ പൊലീസിനും കോർപറേഷൻ സുരക്ഷസാമഗ്രികൾ ലഭ്യമാക്കുന്നുണ്ട്. നിലവിലെ കണക്കുപ്രകാരം സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഒരുദിവസം 30,000 പി.പി.ഇ കിറ്റ് ആവശ്യമാണ്. എൻ 95 മാസ്ക് 1,10,000ഉം സർജിക്കൽ മാസ്ക് 1,40,000ഉം വേണം. പ്രതിദിനം ഒന്നര ലക്ഷം ഗ്ലൗസും 4000 ലിറ്റർ സാനിറ്റൈസറും ആവശ്യമുണ്ട്.
രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കൂടുതൽ സുരക്ഷസാമഗ്രികൾ വാങ്ങാൻ കോർപറേഷന് ആദ്യഘട്ടമായി സർക്കാർ 300 കോടി അനുവദിച്ചിട്ടുണ്ട്. ഇൗ തുകക്ക് ഒാർഡർ നൽകിയവയിൽ 180 കോടിയുടെ സാമഗ്രികൾ ലഭിച്ചു. വെൻറിലേറ്ററടക്കം ലഭിക്കാനുണ്ട്.
വിവിധ സംസ്ഥാനങ്ങളിൽ ആവശ്യം വർധിച്ചതിനാൽ ഒാർഡർ നൽകിയ ചില സാമഗ്രികൾ ലഭിക്കാൻ സമയമെടുക്കും. 350 കോടികൂടി വേണമെന്ന ആവശ്യം സർക്കാർ തത്ത്വത്തിൽ അംഗീകരിച്ചിട്ടുമുണ്ട്. കോവിഡ് സുരക്ഷസാമഗ്രികളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും ഇവ ഫാസ്റ്റ് ട്രാക്ക് സംവിധാനം വഴി ജില്ലകളിൽ എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മെഡിക്കൽ സർവിസസ് കോർപറേഷൻ ജനറൽ മാനേജർ ഡോ. എസ്.ആർ. ദിലീപ്കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു.
കോർപറേഷെൻറ കണക്കുപ്രകാരം 1,81,992 പി.പി.ഇ കിറ്റും 4,13,701 എൻ 95 മാസ്കും 20,33,563 മാസ്കും 11,43,968 ഗ്ലൗസും സ്റ്റോക്കുണ്ട്. കോവിഡ് സുരക്ഷസാമഗ്രികൾക്ക് വിവിധ ജില്ലകളിൽ ക്ഷാമം നേരിടുന്നതായി നേരേത്ത റിപ്പോർട്ടുകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.