തിരുവനന്തപുരം: മറുകണ്ടം ചാടി വന്നവർക്ക് സ്ഥാനമാനങ്ങളും വർഷങ്ങളായി പാർട്ടിയിൽ പ്രവർത്തിക്കുന്നവർക്ക് അവഗണനയും, സംസ്ഥാന ബി.ജെ.പിയിൽ അസംതൃപ്തി. എ.പി. അബ്ദുല്ലക്കുട്ടിയെ വൈസ് പ്രസിഡൻറും ടോം വടക്കനെ വക്താവുമായി നിയമിച്ച ഉത്തരവ് ഡൽഹിയിൽനിന്ന് പുറത്തിറങ്ങിയതാണ് അസംതൃപ്തി സൃഷ്ടിച്ചത്.
എന്നാൽ, കേരളത്തിന് അർഹമായ പ്രാധാന്യം ലഭിച്ചെന്നും ബി.ജെ.പിയുടെ മതേതരമുഖം വ്യക്തമാക്കുന്നതാണ് അബ്ദുല്ലക്കുട്ടി, ടോം വടക്കൻ എന്നിവരുടെ സ്ഥാനമാനങ്ങളെന്നും സംസ്ഥാന നേതൃത്വം വിശദീകരിക്കുന്നു. മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, ഒ. രാജഗോപാൽ ഉൾപ്പെടെയുള്ളവർ പാർട്ടിപരിപാടികളിൽ സജീവമാണെന്നും പ്രതിഷേധങ്ങളിലെ പ്രവർത്തകരുടെ പങ്കാളിത്തം പാർട്ടിയിലെ ഒത്തൊരുമയാണ് കാണിക്കുന്നതെന്നുമാണ് ദേശീയനേതൃത്വത്തിെൻറ ഔദ്യോഗിക വിശദീകരണം.
എന്നാൽ, ചിലർ ചേർന്ന് മാത്രം കാര്യങ്ങൾ തീരുമാനിക്കുകയാണെന്നും പാർട്ടിക്കുള്ളിൽ കൂടിയാലോചന നടക്കുന്നില്ലെന്നുമുള്ള ആക്ഷേപം ഒരു വിഭാഗത്തിനുണ്ട്. കെ. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചപ്പോൾതന്നെ പാർട്ടിക്കുള്ളിൽ ഒരുവിഭാഗം അസംതൃപ്തരായിരുന്നു. എന്നാൽ, സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങളിലുൾപ്പെടെ പാർട്ടിയെ നയിക്കാൻ സുരേന്ദ്രന് സാധിക്കുന്നെന്നാണ് കേന്ദ്ര നേതൃത്വത്തിേൻറയും അണികളുെടയും വിലയിരുത്തൽ.
തദ്ദേശതെരഞ്ഞെടുപ്പ് എത്തിനിൽക്കുന്ന സാഹചര്യത്തിൽ ഉടലെടുക്കുന്ന ഈ അസംതൃപ്തി സംസ്ഥാന നേതൃത്വത്തിനും തലവേദനയാകും. ബി.ഡി.ജെ.എസുമായി ഓരോ ജില്ലയിലും ബി.ജെ.പി നേതൃത്വം ചർച്ച നടത്തിയിരുന്നു. ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളിൽ അർഹമായ പ്രാതിനിധ്യം ലഭിക്കാത്തതും ചർച്ച ചെയ്യപ്പെട്ടിരുന്നു.
കേരളത്തിലെ എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് ബി.ജെ.പി ദേശീയനേതൃത്വം തങ്ങളോട് കാണിച്ച അവഗണനയിൽ പ്രതിഷേധിച്ച് നിലപാടെടുത്ത് നിൽക്കുമ്പോഴാണ് പാർട്ടിക്കുള്ളിൽ പുതിയ ഭാരവാഹി നിർണയം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.
പാർട്ടി നിർദേശിച്ചപ്പോൾ ഗവർണർസ്ഥാനം ഉൾപ്പെടെ ഉപേക്ഷിച്ച് തെരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറങ്ങിയ മുൻ സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ, സംസ്ഥാന ഭാരവാഹി നിർണയത്തിൽ വൈസ് പ്രസിഡൻറായി തഴയപ്പെട്ടെന്ന് ഒരു വിഭാഗം ആരോപിക്കുന്ന ശോഭാ സുരേന്ദ്രൻ, അസംതൃപ്തനായി പാർട്ടിയിലുള്ള എ.എൻ. രാധാകൃഷ്ണൻ എന്നിവരെ അവഗണിച്ചതിലും ശക്തമായ അസംതൃപ്തിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.