കോഴിക്കോട് : കെട്ടിട നികുതി പിരിവിൽ തദ്ദേശ സ്ഥാപനങ്ങൾ അനാസ്ഥ കാണിക്കുന്നുവെന്ന ഓഡിറ്റ് റിപ്പോർട്ട്. മലപ്പുറം നഗരസഭക്ക് കിട്ടാനുള്ളത് ഏകദേശം രണ്ടരകോടി രൂപ. ആവശ്യമായ തുകയുടെ ലഭ്യതക്കുറവു മൂലം തനതു ഫണ്ട് ഉപയോഗിച്ച് നടപ്പാക്കാനുദ്ദേശിച്ച പദ്ധതികളിൽ പകുതിപോലും ചെയ്‌തു തീർക്കുവാൻ മലപ്പുറം നഗരസഭക്ക് സാധിച്ചില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
നഗരസഭയുടെ തനതു ഫണ്ടിൻ്റെ നല്ലൊരു ഭാഗം വരുന്നത് കെട്ടിട നികുതിയിനത്തിൽ നിന്നാണ്. കഴിഞ്ഞ മൂന്നു വർഷങ്ങളിലായി നഗര സഭയ്ക്ക് ഭീമമായ തുകയാണ് കെട്ടിട നികുതിയിനത്തിൽ പിരിഞ്ഞു കിട്ടാനുള്ളത്. ഓരോ വർഷവും പിരിച്ചെടുക്കേണ്ട കെട്ടിട നികുതിയുടെ ഏകദേശം 60 ശതമാനം മാത്രമേ നഗരസഭക്ക് ആ വർഷം പിരിച്ചെടുക്കുവാൻ സാധിക്കുന്നുള്ളൂ. ബാക്കി കൂടിശ്ശികയായി മാറുന്നു.
അതിനാൽ കെട്ടിട നികുതിയിനത്തിൽ പിരിഞ്ഞു കിട്ടാനുള്ള തുക ഓരോ വർഷവും ഭീമമായിക്കൊണ്ടിരിക്കുകയുമാണ്. കെട്ടിട നികുതിയിനത്തിൽ പിരിഞ്ഞുകിട്ടുന്ന തനതു വരുമാനം നഗരസഭയുടെ ആഭ്യന്തര ചെലവുകളുടെ ഉപയോഗം കഴിഞ്ഞതിനുശേഷമുള്ള തുക വികസന കാര്യങ്ങൾക്കായിട്ട് ഉപയോഗിക്കേണ്ടതാണ്. എന്നാൽ ഭീമമായ തുക പിരിഞ്ഞു കിട്ടാനുള്ളതുകൊണ്ടുതന്നെ തനതു ഫണ്ടുപയോഗിച്ചുള്ള വികസന പദ്ധതികൾ പൂർണമായി നടപ്പിലാക്കാൻ നഗരസഭക്ക് സാധിക്കുന്നില്ല.
കഴിഞ്ഞ മൂന്നു വർഷങ്ങളിലായി നഗരസഭക്ക് സർക്കാരിൽ നിന്നും ലഭിച്ച ജനറൽ പർപ്പസ് ഫണ്ട് 2,83,68,000 രൂപ, 2,40,80,280 രൂപ, 3,36,08,000 രൂപ എന്നിങ്ങനെയാണ്. കഴിഞ്ഞ മൂന്നു വർഷങ്ങളിൽ തനതു ഫണ്ടുപയോഗിച്ച് നഗര സഭ 454 പദ്ധതികളാണ് നടപ്പാക്കാൻ തീരുമാനിച്ചത്. എന്നാൽ 134 പദ്ധതികൾ മാത്രമേ നടപ്പാക്കൻ സാധിച്ചുള്ളു. 2020-21ൽ 142 പദ്ധതികൾ നടപ്പാക്കാനാണ് തീരുമാനിച്ചിരുന്നു. എന്നാൽ അഞ്ച് പദ്ധതികളാണ് നടപ്പാക്കിയത്. 5,06,09,163 രൂപ പദ്ധതികൾക്കായി നീക്കിവെച്ചെങ്കിലും 13,13,162 ലക്ഷമാണ് ചെലവഴിച്ചത്.
2021-22ൽ 154 പദ്ധതികൾ നടപ്പാക്കാൻ തീരുമാനിച്ചെങ്കിലും 61 പദ്ധതികൾ മാത്രമാണ് നടന്നത്. 4,96,21,831 രൂപ നീക്കിവെച്ചെങ്കിലും 1,59,45,778 രൂപയാണ് ചെലവഴിക്കനായത്. 2022-23 ൽ 158 പദ്ധതികൾ നടപ്പാക്കാൻ തീരുമാനിച്ചു. എന്നാൽ, നടപ്പാക്കിയതാകട്ടെ 68 മാത്രം. 6,83,81,919 രൂപ നീക്കിവെച്ചപ്പോൾ 1,59,83,567 രൂപയാണ് ചെലവാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.