ആലപ്പുഴ: വിധി തർക്കത്തിന് പിന്നാലെ നെഹ്റു ട്രോഫി വള്ളംകളിയിൽ ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളുടെ വിഡിയോ പരിശോധന വ്യാഴാഴ്ച നടക്കും. വൈകീട്ട് മൂന്നിന് കലക്ടർ അലക്സ് വർഗീസിന്റെ ചേംബറിൽ ജൂറി ഓഫ് അപ്പീൽ കമ്മിറ്റിയാണ് പരിശോധന നടത്തി വിജയിയെ പ്രഖ്യാപിക്കും.
നെഹ്റു ട്രോഫിയുടെ ചരിത്രത്തിൽ ആദ്യമായാണ് മൈക്രോസെക്കൻഡിന്റെ പേരിൽ തർക്കമുണ്ടാകുന്നത്. മത്സരത്തെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ നെഹ്റു ട്രോഫി വള്ളംകളി കഴിഞ്ഞ് അഞ്ചാം ദിവസത്തെ പുനഃപരിശോധനയും ആദ്യമാണ്.
ഫൈനലിൽ അന്തിമവിശലകനം നടത്താതെ കാരിച്ചാൽ ചുണ്ടനെ വിജയിയെ പ്രഖ്യാപിച്ചതിനെതിരെ വി.ബി.സി കൈനകരിയും (വീയപുരം ചുണ്ടൻ), സ്റ്റാർട്ടിങ് പോയന്റിലെ അപാകത മൂലം ട്രോഫിനഷ്ടപ്പെട്ടെന്ന് ആരോപിച്ച് നടുഭാഗം ചുണ്ടൻ വള്ളസമിതിയും (കുമരകം ടൗൺ ബോട്ട് ക്ലബ്) നൽകിയ പരാതി പരിഗണിച്ചാണ് എൻ.ടി.ബി.ആർ ചെയർമാൻകൂടിയായ കലക്ടറുടെ ഇടപെടൽ. ഫോട്ടോഫിനിഷിങ് മത്സരത്തിന് വഴിയൊരുക്കിയ ചുണ്ടൻവിഭാഗം ഫൈനലിന്റെ വിഡിയോ പരിശോധിക്കുന്നതിന് മുമ്പ് വിധികർത്താക്കളിൽനിന്ന് വിശദീകരണം തേടും. വിജയിച്ച കാരിച്ചാൽ ചുണ്ടന്റെയും പരാതി ഉന്നയിച്ച മറ്റ് ക്ലബുകളുടെ പ്രതിനിധികളും യോഗത്തിൽ സംബന്ധിക്കും.
സ്റ്റാർട്ടിങ് പോയന്റിൽ വെടിയൊച്ച മുഴങ്ങുന്നത് മുതൽ ഫിനിഷിങ് പോയന്റുവരെയുള്ള മത്സരത്തിന് ഉപയോഗിച്ചത് ഒളിമ്പിക്സിലെ സാങ്കേതികവിദ്യയായിരുന്നു. മത്സരം കഴിഞ്ഞയുടൻ വീയപുരവും കാരിച്ചാലും ഒരേസമയം (4.29.79 മിനിറ്റ്) ഫിനിഷ് ചെയ്ത സമയമാണ് ടൈംമറിൽ കാണിച്ചത്. തൊട്ടുപിന്നാലെയാണ് സ്ക്രീനിൽ 0.005 മൈക്രോ സെക്കൻഡ് വ്യത്യാസം എഴുതിക്കാണിച്ചാണ് വിജയിയെ നിശ്ചയിച്ചത്. ഇത് എങ്ങനെയാണ് സംഭവിച്ചുവെന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തതവരുത്തും. ഇതിനൊപ്പം സ്റ്റാർട്ടിങ് പോയന്റിലെ പിഴവ് മത്സരത്തിൽനിന്ന് പിന്നിലാക്കിയെന്ന നടുഭാഗം ചുണ്ടന്റെ പരാതിയും പരിശോധിക്കും.
ഫൈനലിന് മുമ്പ് ഒഫീഷ്യൽ ബോട്ട് ട്രാക്കിൽ കയറ്റിയതിനാൽ തുഴയാൻ തയാറെടുപ്പ് നടത്തിയിരുന്നില്ല. തുഴച്ചിലുകാർ തുഴ ഉയർത്തിക്കാണിച്ചിട്ടും ചീഫ് സ്റ്റാർട്ടർ അവഗണിച്ച് മത്സരം ആരംഭിച്ചുവെന്നാണ് നടുഭാഗം ചുണ്ടന്റെ പരാതി. ശനിയാഴ്ച നടന്ന നെഹ്റു ട്രോഫി വള്ളംകളിയിൽ 0.5 മില്ലി മൈക്രോ സെക്കൻഡ് വ്യത്യാസത്തിലാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ (4.29.785) ജേതാവായത്. വി.ബി.സി കൈനകരിയുടെ വീയപുരം ചുണ്ടൻ (4.29.790) രണ്ടും കുമരകം ടൗൺബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ (4.30.13) മൂന്നും നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടൻ (4.30.56) നാലും സ്ഥാനവും നേടി.
ആലപ്പുഴ: അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ മത്സരങ്ങൾക്ക് ഉൾപ്പെടെ ഫോട്ടോഫിനിഷിന് സംവിധാനം കൈകാര്യചെയ്യുന്ന സ്ഥാപനമാണ് ഇക്കുറി നെഹ്റു ട്രോഫിക്ക് ടൈമിങ് സംവിധാനം ഒരുക്കിയത്.
‘ലിങ്സ്’ എന്ന ബ്രാൻഡിന്റെ ലോകവ്യാപകമായി ഉപയോഗിക്കുന്ന വിഷൻ പ്രോ കാമറയോടുകൂടിയുള്ള ടൈമിങ് സംവിധാനമാണിത്.
ഇതിലെ ചിത്രങ്ങൾ സോഫ്റ്റ്വെയർ സഹായത്തോടെ 20,000 എഫ്.പി.എസിലേക്ക് വരെ മാറ്റാം. അത്ലറ്റിക്സ്, കയാക്കിങ്, കനോയിങ്, ബോട്ട് റേസ് തുടങ്ങിയ മത്സരങ്ങളിൽ ഫോട്ടോ ഫിനിഷിങ്ങിന് ഉപയോഗിക്കുന്നുണ്ട്. 1024 പിക്സൽ റെസല്യൂഷനോടുകൂടി സെക്കൻഡിൽ 3000 ചിത്രങ്ങളെടുക്കാൻ എഫ്.പി.എസ്-ഫ്രയിംസ് പെർ സെക്കൻഡ് ശേഷിയുള്ള കാമറയാണ്.
സ്റ്റാർട്ടിങ് പോയന്റിൽ സ്റ്റാർട്ടറുടെ കൈയിൽ ഘടിപ്പിച്ച സെൻസർ വെടിശബ്ദം പിടിച്ചെടുത്ത സമയം എണ്ണിത്തുടങ്ങും. ഫിനിഷിങ് പോയന്റിന്റെ ഒരുവശത്ത് ഘടിപ്പിച്ച കാമറ സെക്കൻഡറി 3000 ചിത്രങ്ങൾ വീതം പകർത്തും. ഇവയിൽനിന്ന് ഓരോട്രാക്കിലെയും വള്ളം ഫിനിഷ് ചെയ്തസമയം സോഫ്റ്റ്വെയർ സഹായത്തോടെ ഓട്ടോമാറ്റിക്കായി കണ്ടെത്താം. റിസൽറ്റ് ടി.വി സോഫ്റ്റ്വെയർ ഫിനിഷിങ് സമയം ഡിസ്പ്ലേ സ്ക്രീനിലേക്ക് നൽകുകയാണ് ചെയ്യുന്നത്. രണ്ടുവള്ളം ഒന്നിച്ച് ഫിനിഷ് ചെയ്താൽ സെക്കൻഡിന്റെ ആയിരത്തിലൊന്ന് സമയത്തെ ചിത്രങ്ങൾ പരിശോധിക്കും. ഇങ്ങനെ സമയത്തിൽ കൂടുതൽ കൃത്യതവരുത്തിയാണ് ഫൈനലിലെ വിജയിയെ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.