ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശത്തിലേക്ക് നാട്. അതേസമയം ചാമ്പ്യൻസ് ബോട്ട് ലീഗും (സി.ബി.എൽ) മത്സരങ്ങൾ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് വള്ളംകളി പ്രേമികൾ. വെള്ളിയാഴ്ച ആലപ്പുഴ കലക്ടറേറ്റിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ എൻ.ടി.ബി.ആർ യോഗം ചേരുന്നുണ്ട്.
നഷ്ടത്തിലേക്ക് കുപ്പുകുത്തിയ ക്ലബുകളെയും വള്ളസമിതിയെയും സംരക്ഷിക്കാൻ വയനാട് ദുരന്തപശ്ചാത്തലത്തിൽ ഉപേക്ഷിച്ച സി.ബി.എൽ നടത്തണമെന്ന ആവശ്യം മന്ത്രിയെ നേരിൽകണ്ട് അറിയിക്കാനാണ് വള്ളംകളി സംരക്ഷണസമിതിയുടെ തീരുമാനം. അന്നുതന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.
പുന്നമടയിൽ വള്ളംകളിക്കുള്ള ട്രാക്കുകൾ അടയാളപ്പെടുത്തി കുറ്റി സ്ഥാപിക്കുന്ന ജോലികൾക്ക് ആരംഭിച്ചു. നേരത്തേ സ്ഥാപിച്ച കുറ്റികൾ ഹൗസ് ബോട്ടുകൾ തട്ടി തകർന്നിരുന്നു. ഇക്കുറി മത്സരട്രാക്ക് 1150 മീറ്ററാണ്. നേരത്തെ 1200 മീറ്ററിലധികം നീളമുണ്ടായിരുന്നു.
സ്റ്റാർട്ടിങ് പോയിന്റിനു സമീപം നെഹ്റുട്രോഫി വാർഡിലേക്കുള്ള പാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ വള്ളങ്ങൾ തിരിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് നീളം കുറച്ചത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
സി.ബി.എൽ മത്സരം മുന്നിൽ കണ്ടാണ് പല പ്രമുഖ ക്ലബുകളും ലക്ഷങ്ങൾ മുടക്കി പരിശീലനം നടത്തിയത്. നെഹ്റുട്രോഫി സമ്മാനത്തുക വളരെ കുറവാണ്. എന്നാൽ സി.ബി.എല്ലിൽനിന്ന് സമ്മാനമായി ലഭിക്കുക വൻതുകയാണ്. അതിനാൽ സി.ബി.എൽ റദ്ദാക്കിയത് പുനപരിശോധിക്കണമെന്നാണ് വിവിധ ക്ലബുകളുടെ ആവശ്യം.
ഈമാസം 28നാണ് പുന്നമടയിൽ നെഹ്റുട്രോഫി വള്ളംകളി. മാറ്റിവെച്ച മത്സരം വള്ളംകളി പ്രേമികളുടെ നിരന്തര സമ്മർദങ്ങൾക്കൊടുവിലാണ് ഒന്നരമാസത്തിനുശേഷം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത്തവണ മുഖ്യാതിഥി. നിർത്തിവെച്ചിരുന്ന ടിക്കറ്റ് വിൽപന പുനരാരംഭിച്ചു.
വിവിധ ജില്ലകളിലെ സർക്കാർ ഓഫിസുകൾ വഴിയാണ് വിൽപന. ബാങ്കുകളുമായി സഹകരിച്ച് ഓൺലൈൻ ടിക്കറ്റ് വിൽപനയുമുണ്ട്. കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ വിവിധ ഡിപ്പോകളിൽ നിന്ന് പ്രത്യേക സർവീസുകൾക്കുള്ള ബുക്കിങ്ങും ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.