കൊട്ടാരക്കര ആശുപത്രിയുടെ പുതിയ ബ്ലോക്കിന് വന്ദനയുടെ പേര് -മന്ത്രി

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡ്യൂട്ടിക്കിടെ കുത്തേറ്റ് കൊല്ലപ്പെട്ട യുവ ഡോക്ടർ ഡോ. വന്ദന ദാസിന്റെ പേര് നല്‍കാന്‍ തീരുമാനം. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. വന്ദനയോടുള്ള ആദര സൂചകമായാണ് പേര് നല്‍കുന്നത്.

അതേസമയം, ദാരുണമായി കൊല്ലപ്പെട്ട വന്ദന ദാസിന് നാട് കണ്ണീരോടെ വിട നൽകി. സംസ്കാര ചടങ്ങുകൾ കോട്ടയം മുട്ടുചിറയിലെ വീട്ടിൽ നടന്നു. അന്ത്യാഞ്ജലിയർപ്പിക്കാൻ നിരവധി പേർ ഇവിടെയെത്തി.മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ഉൾപ്പെടെ പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.

ഇന്നലെ പുലർച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പൊലീസ് ചികിത്സക്കെത്തിച്ചയാളുടെ കുത്തേറ്റ് ഡോ. വന്ദന കൊല്ലപ്പെട്ടത്. വന്ദനയെ കൊലപ്പെടുത്തിയ പ്രതി അധ്യാപകനായ വെളിയം ചെറുകരക്കോണം ശ്രീനിലയത്തിൽ ജി. സന്ദീപ് (42) റിമാൻഡിൽ പൂജപ്പുര ജയിലിലാണ്. ആശുപത്രിയിലെ കത്രിക ഉപയോഗിച്ചുള്ള ഇയാളുടെ ആക്രമണമാണ് വന്ദനയുടെ ജീവനെടുത്തത്. കഴുത്തിലും മുതുകിലുമായി ആറ് കുത്തുകളാണ് വന്ദനക്കേറ്റത്.

മുട്ടുചിറ നമ്പിച്ചിറക്കാലായിൽ കെ.ജി. മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ്. കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച് സെന്ററിൽ നിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കിയ വന്ദന ഇവിടെ ഹൗസ് സർജനായി സേവനം ചെയ്യുകയായിരുന്നു.

Tags:    
News Summary - new block of Kottarakkara Hospital will named after Dr Vandana das

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.