കോഴിക്കോട്: കേരളത്തിൽ നിന്ന് പുതിയയൊരിനം പല്ലിയെ കൂടി കണ്ടെത്തി. മഴ നിഴൽ പ്രദേശമായ അട്ടപ്പാടി മലനിരകളിൽ നിന്നാണ് ഏഴു പേരടങ്ങുന്ന ഗവേഷകസംഘം പല്ലിയെ കണ്ടെത്തിയത്. 10 സെ.മീ വലുപ്പം വെക്കുന്ന ഇവയെ അട്ടപ്പാടി മലനിരകളിലെ മനുഷ്യവാസ പ്രദേശങ്ങളിൽ വീടുകളുടെ ചുമരുകളിലും ഭവാനിപ്പുഴയുടെ തീരങ്ങളിൽ പാറക്കൂട്ടങ്ങളിലുമാണ് കണ്ടെത്തിയത്.
സാധാരണ പല്ലികളേക്കാൾ നന്നായി വലുപ്പം വെക്കുന്ന ഇവയുടെ ശരീരം മുകളിൽ തവിട്ടു നിറവും അടിയിൽ ക്രീം കലർന്ന ഇളം മഞ്ഞയുമാണ്. ശരീരത്തിന് മുകൾവശത്ത് കറുത്ത അതിരുകളുള്ള ആറ് പട്ടകളുണ്ട്. ലോകത്തിൽ 180 ഓളം ഇനം പല്ലികൾ ഉള്ള ഹെമിഡാക്റ്റൈലസ് (Hemidactylus) ജനുസ്സിൽ ഇന്ത്യയിൽ 48ഉം കേരളത്തിൽ എട്ടും ഇനങ്ങളെയാണ് ഇതുവരെ രേഖപ്പെടുത്തിയത്. ഇതേ ജനുസ്സിലെ കേരളത്തിലെ ഒമ്പതാമത്തെ ഇനമായാണ് ഹെമിഡാക്റ്റൈലസ് ഈസായി ( Hemidactylus easai) എന്ന് പേരിട്ടിട്ടുള്ള ഈസ പല്ലി (Easa's rock gecko) എന്ന പുതിയ പല്ലി.
കേരള വന ഗവേഷണ സ്ഥാപനം, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ, അശോക ട്രസ്റ്റ് ഫോർ റിസർച് ഇൻ ഇക്കോളജി ആൻഡ് എൻവയേൺമെന്റ്, ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി, ജർമൻ സെൻക്കൻ ബെർഗ് നാച്വറൽ ഹിസ്റ്ററി മ്യൂസിയം എന്നീ സ്ഥാപനങ്ങളിലെ ഉരഗ ഉഭയജീവി ഗവേഷകരായ സന്ദീപ് ദാസ്, മുഹമ്മദ് ജാഫർ പാലോട്ട്, സൂര്യ നാരായണൻ, ദീപക് വീരപ്പൻ, സൗനക് പാൽ, സിദ്ധാർഥ് ശശിധരൻ എന്നിവരടങ്ങുന്ന സംഘത്തിന്റേതാണ് നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.