തിരുവനന്തപുരം: തോട്ടം േമഖലയിൽ പുതിയ വിളകൾ കൃഷി ചെയ്യാനുള്ള സർക്കാർ തീരുമാനം നടപ്പാക്കേണ്ടത് കാർഷിക ഭൂപരിഷ്കരണ നിയമത്തിൽ മാറ്റം വരുത്താതെ ആകണമെന്ന് സി.പി.െഎ. തോട്ടങ്ങളിൽ പുതിയ വിളകൾ കൃഷിചെയ്യാൻ യു.ഡി.എഫ് സർക്കാർ 2014 ൽ കൊണ്ടുവന്ന നിയമവും ചട്ടവും അനുസരിച്ച് പുതിയ നിർദേശം നടപ്പാക്കണമെന്നാണ് സി.പി.െഎ നിലപാട്. ഇക്കാര്യം റവന്യൂ മന്ത്രിയെയും സി.പി.െഎ നേതൃത്വം അറിയിച്ചു.
കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് തോട്ടവിളകളുടെ വൈവിധ്യവത്കരണത്തിനായി പരമ്പരാഗത വിളകൾക്കു പുറമേ, പുതിയ വിളകൾ കൂടി കൃഷിചെയ്യുമെന്ന് പ്രഖ്യാപിച്ചത്. റംബുട്ടാൻ, അവക്കാഡോ, ഡ്രാഗൺ ഫ്രൂട്ട്, മാേങ്കാസ്റ്റിൻ, ലോങ്കൻ തുടങ്ങി പുതിയ ഇനം ഫലവർഗങ്ങൾ കൃഷി- വിപണനം ചെയ്യാനാണ് തീരുമാനം. ഭൂപരിഷ്കരണ നിയമത്തിൽ തോട്ടവിളകൾ കൃത്യമായി സൂചിപ്പിച്ചിട്ടുള്ള സാഹചര്യത്തിൽ ഇതെങ്ങനെ നടപ്പാകുമെന്ന് ബജറ്റിൽ വിശദീകരിച്ചിരുന്നില്ല. ഇൗ സംശയം റവന്യൂ വകുപ്പ് വൃത്തങ്ങളും ഉന്നയിച്ചു. അങ്ങനെയാണ് ബജറ്റ് നിർദേശം സി.പി.എം ചർച്ച ചെയ്തിട്ടില്ലെങ്കിലും ഭൂരിപഷ്കരണ നിയമ വ്യവസ്ഥകളിൽ മാറ്റം വരുത്താനാകില്ലെന്ന നിലപാടിലേക്ക് സി.പി.െഎ സംസ്ഥാന നേതൃത്വം എത്തിയത്.
ഭൂപരിഷ്കരണ നിയമത്തിലെ ചില വ്യവസ്ഥകളിൽ ഭേദഗതി വരുത്തിയ കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ ആകെ തോട്ടം ഭൂമിയുടെ അഞ്ചു ശതമാനത്തിൽ ഫലവർഗ കൃഷി, െഡയറിഫാം, ഒൗഷധ, വാനില കൃഷി എന്നിവക്ക് അനുമതി നൽകിയിരുന്നു.
കൂടാതെ, തോട്ടങ്ങളിൽ 10 ഏക്കറിൽ കുറയാത്ത ഭൂമി ടൂറിസം പദ്ധതി നടത്താനും അനുവദിച്ചു. 2012ൽ കൊണ്ടുവന്ന നിയമത്തിന് 2014 ൽ ആണ് പ്രസിഡൻറിെൻറ അംഗീകാരം ലഭിച്ചത്. ഇതിെൻറ ചട്ടം അടക്കം പാസാവുകയും അനുമതി നൽകാനുള്ള അവകാശം കലക്ടർമാരിൽ നിക്ഷിപ്തമാവുകയും ചെയ്തു. എന്നാൽ, അപേക്ഷ സമർപ്പിച്ച തോട്ടമുടമകൾക്ക് കലക്ടർമാർ അനുമതി നൽകിയില്ലെന്നാണ് തോട്ടം മേഖലയുടെ പരാതി. ഇൗ നിയമത്തിെൻറ പരിധിയിൽ പുതിയ ബജറ്റ് പ്രഖ്യാപനം ഉൾപ്പെടുത്തി നടപ്പാക്കാമെന്നാണ് സി.പി.െഎയുടെ നിലപാട്. റവന്യൂ വകുപ്പും ഇതു പരിശോധിക്കുകയാണ്. മന്ത്രിസഭയിൽ റവന്യൂ വകുപ്പ് ഇതു സംബന്ധിച്ച നിർേദശം സമർപ്പിച്ചേക്കുമെന്നാണ് സൂചന.
ഭൂപരിഷ്കരണ നിയമം പ്രകാരം ഒരാൾക്ക് 15 ഏക്കർ ഭൂമി മാത്രമാണ് കൈവശം വെക്കാൻ കഴിയുന്നത്. തോട്ടങ്ങളെ ഇൗ പരിധിയിൽനിന്ന് ഒഴിവാക്കി. അതിൽ മാറ്റം വരുത്തുന്നത് ഭൂപരിഷ്കരണ നിയമത്തെ അട്ടിമറിക്കുമെന്നാണ് സി.പി.െഎ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.