കൊച്ചി: പനി വന്നാല്‍ ഏത് ഡോക്ടറെ കാണണം. മൊബൈല്‍ ആപ്പിലൊന്ന് ക്ളിക്ക് ചെയ്താല്‍ മതി; മുഴുവന്‍ വിവരവും വിരല്‍തുമ്പിലുണ്ടാകും. വന്‍കിട കമ്പനിയല്ല ഇത് വികസിപ്പിച്ചത്; തിരുവനന്തപുരം എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളാണ്.
ചുറ്റുവട്ടമുള്ള കടകളില്‍ എന്തൊക്കെ ലഭിക്കുമെന്നും തനിക്ക് ആവശ്യമുള്ള വസ്തു ഏത് കടയില്‍ കിട്ടുമെന്ന് അറിയാനും മറ്റൊരു മൊബൈല്‍ ആപ്. കേരളത്തിലുടനീളമുള്ള 150ല്‍പരം കോളജുകളിലിരുന്ന് നമ്മുടെ യുവതലമുറ തലപുകക്കുകയാണ്, ഏറ്റവും പുതിയ ആശയങ്ങള്‍ക്ക് മൂര്‍ത്തരൂപം നല്‍കാന്‍.
കേരളത്തിലുടനീളമുള്ള യുവാക്കള്‍ക്ക് പങ്കെടുക്കാവുന്ന  ഒരു മത്സരം കൊച്ചിയില്‍ പുരോഗമിക്കുകയാണ്; ഒന്നരവര്‍ഷം നീളുന്ന മത്സരത്തില്‍ നഗരങ്ങളിലെ മാലിന്യപ്രശ്ന പരിഹാരം, ഇരുചക്ര വാഹന പാര്‍ക്കിങ് പ്രശ്നം പരിഹരിക്കാനുള്ള വഴി, മൂടല്‍മഞ്ഞ് സമയത്ത് ട്രെയിനുകളും മറ്റു വാഹനങ്ങളും അപകടത്തില്‍പെടുന്നത് തടയാനുള്ള മാര്‍ഗം എന്നിവ സമര്‍പ്പിക്കാനാണ് യുവ സംരംഭകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
തൊഴില്‍തേടി നടന്നവര്‍ തൊഴില്‍ദാതാക്കളാകുന്ന തലമുറ മാറ്റത്തിനാണ് 60ാം വര്‍ഷത്തിലത്തെിയ കേരളം സാക്ഷിയാകുന്നത്. പുതിയ സംരംഭങ്ങളൊന്നാകെ യുവതലമുറ കൈപ്പിടിയിലൊതുക്കുകയാണ്. ശാന്തമായ തൊഴിലന്തരീക്ഷമുള്ള രണ്ടാംനിര നഗരങ്ങളിലേക്ക് അന്താരാഷ്ട്ര കമ്പനികള്‍ ശ്രദ്ധ തിരിച്ചതോടെയാണ് കേരളത്തിലെ യുവാക്കള്‍ക്ക് അവസരം തുറന്നുകിട്ടിയത്. രാജ്യത്തെ ഏറ്റവും പ്രധാന രണ്ടാം നിര (ടയര്‍-2) നഗരങ്ങളില്‍ പ്രമുഖ സ്ഥാനത്തുള്ള കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളാണ് യുവ സംരംഭകരുടെ കേന്ദ്രമായി മാറിയിരിക്കുന്നത്.
കേരളത്തില്‍ നിന്നുള്ള ഐ.ടി കയറ്റുമതിയില്‍ അഞ്ചുവര്‍ഷംകൊണ്ട് 20 ഇരട്ടി വര്‍ധനവാണുണ്ടായത്. ഐ.ടി രംഗത്ത് പുതുതലമുറ കമ്പനികളില്‍ നേരിട്ടുള്ള തൊഴിലവസരം ഒരുലക്ഷമായി ഉയര്‍ന്നു.   ഇതില്‍ 46000 പേര്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കുമായി ബന്ധപ്പെട്ടും 25000 പേര്‍ കൊച്ചി ഇന്‍ഫോപാര്‍ക്കുമായി ബന്ധപ്പെട്ടുമാണ് പ്രവര്‍ത്തിക്കുന്നത്. മൂന്ന് വര്‍ഷത്തിനകം കേരളത്തില്‍ പുതിയ തലമുറയുടേതായി 10500 സംരംഭങ്ങളെങ്കിലുമുണ്ടാകുമെന്ന വിലയിരുത്തലിലാണ് പുതുസംരംഭങ്ങള്‍ക്ക് സാങ്കേതിക സൗകര്യമൊരുക്കുന്ന  കേരള സ്റ്റാര്‍ട്ടപ് മിഷന്‍.  പുതിയ സംരംഭ ആശയങ്ങളുമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷംവരെ ആറായിരം അപേക്ഷകളാണ് സ്റ്റാര്‍ട്ടപ് വില്ളേജ്, സ്റ്റാര്‍ട്ടപ് മിഷന്‍, ഇന്‍ഫോപാര്‍ക്ക്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ എത്തിയത്.
നൂറ്റമ്പതോളം കലാലയങ്ങളെ കേന്ദ്രീകരിച്ച് വിദ്യാര്‍ഥി സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളും മുന്നേറുകയാണ്. ഇതിന്‍െറ ഭാഗമായി വിദ്യാര്‍ഥി സംരംഭക നയവും രൂപപ്പെടുത്തിയിട്ടുണ്ട്. കോളജ് വിദ്യാഭ്യാസ കാലത്ത് ഒരു വിദ്യാര്‍ഥിക്ക് സംരംഭം തുടങ്ങാന്‍ വേണമെങ്കില്‍ പഠനത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ കഴിയുംവിധമാണ് നയം.
കേരളത്തിലെ സംരംഭക രംഗത്തെ ഈ ‘യുവചലനം’ വിദേശ സ്ഥാപനങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. ഓട്ടോറിക്ഷ മുതല്‍ വിമാനം വരെയുള്ള പൊതുവാഹനങ്ങളിലെ യാത്രാ സൗകര്യം മുതല്‍ സീറ്റ് ലഭ്യത വരെയുള്ള സാങ്കേതിക സംവിധാനം രൂപവത്കരിച്ച യുവ സംരംഭത്തിന് ദുബൈ ആസ്ഥാനമായുള്ള കമ്പനി ഒന്നരക്കോടി രൂപയാണ് സ്പോണ്‍സര്‍ഷിപ്പായി നല്‍കിയത്.
കഴിഞ്ഞ വര്‍ഷം കേരളത്തിലെ വിവിധ പുതുസംരംഭങ്ങള്‍ക്ക് വിദേശത്തുനിന്ന് 132 കോടി രൂപയാണ് സ്പോണ്‍സര്‍ഷിപ്പായി എത്തിയത്. ഈ വര്‍ഷം അത് 200 കോടി കവിയുമെന്നാണ് പ്രതീക്ഷ.

Tags:    
News Summary - new generation start up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.