തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ആറ് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ കൂടി കോൺഗ്രസ് പ്രഖ്യാപിച്ചതോടെ കോൺഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളിലും സ്ഥാനാർഥികളായി. പ്രഖ്യാപനമനുസരിച്ച് കൽപറ്റയിൽ ടി. സിദ്ദീഖും നിലമ്പൂരിൽ വി.വി. പ്രകാശും തവനൂരിൽ ഫിറോസ് കുന്നംപറമ്പിലും പട്ടാമ്പിയിൽ റിയാസ് മുക്കോളിയും കുണ്ടറയിൽ പി.സി. വിഷ്ണുനാഥും വട്ടിയൂർക്കാവിൽ വീണ എസ്. നായരും മത്സരിക്കും. ധർമടം സീറ്റിലെ സ്ഥാനാർഥി പ്രഖ്യാപനമാണ് ഇനി അവശേഷിക്കുന്നത്.
ധർമടത്ത് വാളയാർ പെൺകുട്ടികളുടെ അമ്മ മത്സരിക്കുകയാണെങ്കിൽ പിന്തുണക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. ഇക്കാര്യം കെ.പി.സി.സി പ്രസിഡൻറ് വ്യക്തമാക്കിക്കഴിഞ്ഞു. പ്രതിഷേധം കണക്കിലെടുത്ത് ഇരിക്കൂറിലേക്ക് പ്രഖ്യാപിച്ചിട്ടുള്ള സജീവ് ജോസഫിനെ മാറ്റി മറ്റൊരാളെ സ്ഥാനാർഥിയാക്കുന്നതിനെപ്പറ്റി നേതൃത്വം ആലോചിച്ചെങ്കിലും മാറ്റേണ്ടെന്നാണ് തീരുമാനം. പ്രഖ്യാപിച്ച സ്ഥാനാർഥിയെ മാറ്റില്ലെന്ന് കേരളത്തിെൻറ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ വ്യക്തമാക്കുകയും ചെയ്തു.
കോൺഗ്രസിെൻറ പുതിയ സ്ഥാനാർഥി പട്ടികയും പുതുമുഖങ്ങൾക്ക് അംഗീകാരം നൽകുന്നതും യുവത്വത്തെ അംഗീകരിക്കുന്നതുമാണ്. ഇന്നലെ പ്രഖ്യാപിച്ച ആറ് സ്ഥാനാർഥികളിൽ ഒരാൾ വനിതയാണ്. ഇതോടെ, കോൺഗ്രസ് പട്ടികയിലെ സ്ത്രീ പ്രാതിനിധ്യം പത്തായി. യുവനേതാക്കളായ ഫിറോസ് കുന്നംപറമ്പിലും റിയാസ് മുക്കോളിയും വീണ എസ്. നായരും ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്.
ഇന്നലെ സ്ഥാനാർഥിത്വം നേടിയവരിൽ ഫിറോസ് കുന്നംപറമ്പിൽ കോൺഗ്രസിൽ ഏതെങ്കിലും ഗ്രൂപ്പിെൻറ ഭാഗമല്ല. സാമൂഹിക പ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹം അറിയെപ്പടുന്നയാളാണ്. അവശേഷിച്ചവരിൽ നാലുപേർ എ പക്ഷത്തും ഒരാൾ െഎ ഗ്രൂപ്പിലും ഉൾപ്പെടുന്നു. പുതിയതായി പ്രഖ്യാപിക്കപ്പെട്ട ആറ് സ്ഥാനാർഥികളിൽ ഒരാൾ ഒഴികെ എല്ലാവരും 50ന് താഴെ പ്രായമുള്ളവരാണ്. ഇതോടെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ 50ന് താഴെ പ്രായമുള്ളവരുടെ എണ്ണം 51 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.