കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വടകര മണ്ഡലത്തിൽ പ്രചരിച്ച വ്യാജ ‘കാഫിർ സ്ക്രീൻ ഷോട്ട്’ സംബന്ധിച്ച കേസിൽ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് വിരൽ ചൂണ്ടുന്നത് സി.പി.എമ്മിനുനേരെ. ഇക്കാര്യത്തിൽ പാർട്ടി നേതൃത്വത്തിന്റെ മുഴുവൻ വാദങ്ങളും പൊളിച്ചടുക്കുന്ന വസ്തുതകളാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജക്കെതിരെ യു.ഡി.എഫ് പ്രചരിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി സി.പി.എമ്മാണ് ആദ്യം കാഫിർ സ്ക്രീൻ ഷോട്ട് വലിയ ചർച്ചയാക്കിയത്. പിന്നാലെ സി.പി.എം നേതൃത്വം ഇടപെട്ട് പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ ആരോപണ നിഴലിലായ എം.എസ്.എഫ് ജില്ല സെക്രട്ടറി പി.കെ. മുഹമ്മദ് കാസിം ഹൈകോടതിയെ സമീപിച്ചതോടെയാണ് വിവാദത്തിൽ വഴിത്തിരിവുണ്ടായത്.
കാഫിർ സ്ക്രീൻഷോട്ട് ‘അമ്പാടിമുക്ക് സഖാക്കൾ’ എന്ന ഫേസ്ബുക്ക് പേജിലാണ് പൊതുജനം കാണുന്ന തരത്തിൽ ആദ്യം വന്നത്. പേജിന്റെ അഡ്മിൻ മനീഷ് മനോഹരന്റെ ഫോണിൽ വോട്ടെടുപ്പിന്റെ തലേദിവസം ഉച്ചക്ക് 2.34ന് ‘റെഡ് ബറ്റാലിയൻ’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽനിന്ന് പോസ്റ്റ് വന്നു. റെഡ് ബെറ്റാലിയൻ ഗ്രൂപ്പിൽ അന്ന് ഉച്ചക്ക് 2.13ന് അമൽറാം ആണ് പോസ്റ്റ് ചെയ്തത്. അമൽറാമിന് പോസ്റ്റ് ലഭിച്ചത് ‘റെഡ് എൻകൗണ്ടേഴ്സ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണ്. റെഡ് എൻകൗണ്ടേഴ്സിൽ ഈ പോസ്റ്റിട്ടത് അധ്യാപകനും ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റുമായ റിബേഷാണെനും കണ്ടെത്തി. റിബേഷിനെ ചോദ്യം ചെയ്തെങ്കിലും എവിടെ നിന്നാണ് ഈ പോസ്റ്റ് ലഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഇതോടെ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധനക്കയച്ചു. വ്യാജ പോസ്റ്റ് വന്ന ‘പോരാളി ഷാജി’ എന്ന ഫേസ്ബുക് പേജിന്റെ അഡ്മിനായ വഹാബിന്റെ ഫോണും പിടിച്ചെടുത്ത് പരിശോധനക്കയച്ചു -ഇക്കാര്യങ്ങളാണ് കോടതിയിൽ സമർപ്പിച്ച പൊലീസ് റിപ്പോർട്ടിലുള്ളത്.
സി.പി.എമ്മിനായി സൈബർ രംഗത്ത് പ്രവർത്തിക്കുന്നവരാണ് പോസ്റ്റ് പ്രചരിപ്പിച്ചതെന്നാണ് പൊലീസ് തന്നെ വ്യക്തമാക്കുന്നത്. പോസ്റ്റിന്റെ ഉറവിടം തേടിയുള്ള അന്വേഷണം ഡി.വൈ.എഫ്.ഐ നേതാവിലെത്തി നിൽക്കുന്നതും പരസ്യമായതോടെ പാർട്ടി നേതൃത്വം കടുത്ത പ്രതിരോധത്തിലാണ്. അതിനിടെ, സി.പി.എം പാർട്ടിതലത്തിൽ സമാന്തരമായി നടത്തിയ അന്വേഷണത്തിൽ ‘സൈബർ പോരാളി’കൾക്കുള്ള പങ്ക് കണ്ടെത്തിയിരുന്നു.
തുടർന്നാണ് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ ‘പോരാളി ഷാജി’ അടക്കമുള്ള ഫേസ്ബുക് പേജുകളെ നേരത്തെതന്നെ തള്ളിപ്പറഞ്ഞ് രംഗത്തുവന്നത്. പോരാളി ഷാജിയിൽ ഇപ്പോൾ ഇടതു വിരുദ്ധതയാണ് കൂടുതലെന്നായിരുന്നു ജൂൺ 13ന് അദ്ദേഹം വാർത്തസമ്മേളനം നടത്തി വിശദീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.