കോട്ടയം: സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവി ആരാകണമെന്നതിനെ ചൊല്ലി ഐ.പി.എസ് ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നത. ആരോപണവിധേയർ സുപ്രധാന സ്ഥാനത്തേക്ക് എത്തരുതെന്ന് ഒരുവിഭാഗം വാശിപിടിക്കുമ്പോൾ മലയാളിയെതന്നെ ഡി.ജി.പി ആക്കണമെന്ന ആവശ്യവും ശക്തമാണ്. പൊലീസ് മേധാവി സംബന്ധിച്ച് കേരളം സമർപ്പിച്ച പട്ടികയിൽ അന്തിമ തീരുമാനമെടുക്കാൻ യു.പി.എസ്.സി യോഗം ചേരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഡി.ജി.പി ആരാകണമെന്നതിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ സമവായമാകാത്തത്. സർക്കാറിന് ഏറ്റവും വിശ്വസ്തരായ ഉദ്യോഗസ്ഥൻ ഡി.ജി.പിയാകുന്നതാണ് കഴിഞ്ഞ കുറച്ചുനാളത്തെ കീഴ്വഴക്കം. അങ്ങനെയാണെങ്കിൽ ജയിൽ മേധാവി കെ. പത്മകുമാർ, ഫയർഫോഴ്സ് മേധാവി ഷെയ്ഖ് ദർവേഷ് സാഹെബ് എന്നിവരിൽ ഒരാൾ പുതിയ ഡി.ജി.പിയായേക്കും. നിലവിലെ ഡി.ജി.പി അനിൽ കാന്ത് ഈമാസം 30ന് സർവിസിൽനിന്ന് വിരമിക്കും. ഈമാസം തന്നെ യു.പി.എസ്.സി യോഗം ചേർന്ന് കേരളം സമർപ്പിച്ച എട്ടുപേരുടെ പട്ടികയിൽനിന്നും പുതിയ ഡി.ജി.പിയെ തെരഞ്ഞെടുക്കും. ഈ യോഗത്തിൽ പങ്കെടുക്കേണ്ട കേരള ചീഫ് സെക്രട്ടറി വി.പി. ജോയ് മുഖ്യമന്ത്രിക്കൊപ്പം വിദേശ പര്യടനത്തിലായതിനാലാണ് യോഗം ചേരുന്നത് വൈകുന്നത്.
നിലവിലെ സാഹചര്യത്തിൽ കെ. പത്മകുമാറിനാണ് ഡി.ജി.പിയാകാൻ സാധ്യത കൂടുതൽ. 1989 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ അദ്ദേഹമാണ് സീനിയർ എന്നതാണ് ഇതിന് പ്രധാന കാരണം. എന്നാൽ, സർക്കാറിന് താൽപര്യമുള്ള വ്യക്തിയാണ് 1990 ബാച്ചുകാരനായ ഷെയ്ഖ് ദർവേഷ് സാഹെബ്.
മലയാളിയായ ഒരാൾ ഡി.ജി.പിയായി വരുന്നതിനോട് ഐ.പി.എസിലെ ഒരുവിഭാഗത്തിനും ഭരണമുന്നണിക്കും താൽപര്യമുണ്ട്. അതാണ് കെ. പത്മകുമാറിന് ഗുണമായുള്ളത്. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയുടെ ചുമതല അദ്ദേഹത്തിന് നൽകിയതും മുഖ്യമന്ത്രിയുടെ ഓഫിസിലെ പൊലീസ് കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന ഉന്നതനുമായുള്ള ബന്ധവും പത്മകുമാറിന് ഗുണംചെയ്യുമെന്ന് പറയുന്നു.
ബി.എസ്.എഫ് ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ, ഇന്റലിജൻസ് മേധാവി ടി.കെ. വിനോദ്കുമാർ, തീരദേശ പൊലീസ് എ.ഡി.ജി.പി സഞ്ജീബ്കുമാർ പട്ജോഷി, ബിവറേജസ് കോർപറേഷൻ എം.ഡി യോഗേഷ്ഗുപ്ത, കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അഡീ. ഡയറക്ടർമാരായ ഹരിനാഥ്മിശ്ര, റവഡാ ചന്ദ്രശേഖർ എന്നിവരാണ് പത്മകുമാറിനും ദർവേഷ് സാഹെബിനും പുറമെ പട്ടികയിലുള്ളത്. എന്നാൽ, നിതിൻ അഗർവാളെ കഴിഞ്ഞദിവസം ബി.എസ്.എഫ് മേധാവിയാക്കിയ സാഹചര്യത്തിൽ മറ്റ് ഏഴുപേരുടെ പേരാകും യു.പി.എസ്.സി പരിഗണിക്കുക.
ഡി.ജി.പി റാങ്കിലുള്ള ടോമിൻ ജെ. തച്ചങ്കരി ജൂലൈയിൽ വിരമിക്കും. അങ്ങനെയാണെങ്കിൽ അതിന് മുമ്പ് അദ്ദേഹത്തെ ജയിൽ, അഗ്നിരക്ഷാസേന വകുപ്പുകളിൽ ഏതിന്റെയെങ്കിലും മേധാവിയാക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.