തിരുവനന്തപുരം: വരുംമാസങ്ങളിലെ വൈദ്യുതി ആവശ്യകത മുന്നിൽകണ്ട് പുതിയ ഹ്രസ്വകാല കരാറിന് കെ.എസ്.ഇ.ബി നടപടി തുടങ്ങി. സെപ്റ്റംബർ 15 മുതൽ 30 വരെ 400 മെഗാവാട്ടിന്റെയും 2025 മാർച്ച് ഒന്നുമുതൽ മേയ് 31 വരെ 500 മെഗാവാട്ടിന്റെയും കരാറിനാണ് ശ്രമം. നാല് ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദായതോടെ പകരം ദീർഘകാല കരാറിന് കെ.എസ്.ഇ.ബി നീക്കം നടത്തുന്നുണ്ടെങ്കിലും ലക്ഷ്യം കാണാനായിട്ടില്ല. 15 വർഷത്തേക്കുള്ള 500 മെഗാവാട്ടിന്റെ ടെൻഡർ നടപടികൾ അവസാനഘട്ടത്തിലാണെന്നാണ് ബോർഡ് വ്യക്തമാക്കുന്നത്.
പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയിലെ കുറവുമൂലമുള്ള അപ്രതീക്ഷിത സാഹചര്യങ്ങൾ നേരിടാനുള്ള മുന്നൊരുക്കവും കെ.എസ്.ഇ.ബി നടത്തുന്നുണ്ട്. ഝാർഖണ്ഡിലെ മൈത്തോൺ വൈദ്യുതി നിലയത്തിലെ ജനറേറ്റര്‍ തകരാറുമൂലം കഴിഞ്ഞ മാസം സംസ്ഥാനത്ത് അപ്രതീക്ഷിത വൈദ്യുതി പ്രതിസന്ധിയുണ്ടായിരുന്നു. പീക്ക് സമയ വൈദ്യുതി ലഭ്യതയില്‍ 500 മെഗാവാട്ട് മുതല്‍ 650 മെഗാവാട്ട് വരെ കുറവുണ്ടായതുമൂലം ഒന്നിലധികം ദിവസം നിയന്ത്രണവും വേണ്ടിവന്നു.
ഇത്തരം ഘട്ടങ്ങളിൽ പവര്‍ എക്സ്ചേഞ്ചിൽനിന്ന് അവശ്യാനുസരണം വൈദ്യുതി ലഭ്യമാകാത്ത സ്ഥിതിയുമുണ്ടാകുന്നു. യൂനിറ്റിന് 15 രൂപവരെ ഈ സാഹചര്യങ്ങളിൽ നൽകേണ്ടിവരുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 500 മെഗാവാട്ട് വൈദ്യുതി ഉൽപാദിപിക്കാനാവശ്യമായ കൽക്കരി കേന്ദ്ര കൽക്കരി മന്ത്രാലയം കേരളത്തിന് ലഭ്യമാക്കാൻ സന്നദ്ധമായത് ദിവസങ്ങൾക്ക് മുമ്പാണ്.
ശക്തി ബി 4 പദ്ധതിയുടെ ഭാഗമായി ദീർഘകാലാടിസ്ഥാനത്തിൽ വൈദ്യുതോൽപാദനത്തിനായാണ് കൽക്കരി ലഭ്യമാവുക. ഇതിലൂടെ സംസ്ഥാനത്തിന് കുറഞ്ഞ വിലയ്ക്ക് 500 മെഗാവാട്ട് വൈദ്യുതി ഭാവിയിൽ ലഭ്യമാകും. നടപടികൾ പൂർത്തിയാക്കി 2025 ആഗസ്റ്റോടെ ഇതുപ്രകാരം വൈദ്യുതി ലഭ്യമായിത്തുടങ്ങുമെന്നാണ് പ്രതീക്ഷ.
നിലവിൽ കേരളത്തിനാവശ്യമായ വൈദ്യുതി വാങ്ങാനുള്ള വാർഷിക ചെലവ് 13000 കോടിയിലേറെ രൂപയാണ്. ഈ തുക അടുത്തവർഷം ഇനിയും ഉയരും. ഇത് കണക്കിലെടുത്ത് സൗരോർജം, സൗരോർജ ബാറ്ററി സ്റ്റോറേജ് സംവിധാനം, ജലവൈദ്യുതി രംഗത്ത് പമ്പ്ഡ് സ്റ്റോറേജുകൾ, കാറ്റാടിപ്പാടങ്ങൾ എന്നിവക്ക് പ്രധാന്യം നൽകണമെന്ന നിലപാടിലേക്ക് കെ.എസ്.ഇ.ബി എത്തിയിട്ടുണ്ട്. ആണവനിലയ സാധ്യതകൾ പഠിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും സർക്കാറിന്റെ പച്ചക്കൊടിക്കുള്ള സാധ്യത കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.